രഞ്ജി ട്രോഫിയിലെ അവസാന ലീഗ് മത്സരത്തില്‍ ഹിമാചലിനു ലീഡ്
രഞ്ജി ട്രോഫിയിലെ അവസാന ലീഗ് മത്സരത്തില്‍ കേരളത്തിനെതിരേ ഹിമാചല്‍ പ്രദേശിന് ഒന്നാമിന്നിംഗ്‌സ് ലീഡ്. ആദ്യദിനം 20 വിക്കറ്റുകള്‍ കടപുഴകിയ മത്സരത്തില്‍ ഹിമാചലിനാണ് മേല്‍ക്കൈ.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കേരളത്തെ 47.4 ഓവറില്‍ 103 റണ്‍സിന് ഹിമാചല്‍ ചുരുട്ടിക്കെട്ടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഹിമാചലിനെ 163 റണ്‍സിന് പുറത്താക്കാന്‍ കേരളത്തിനായെങ്കിലും 60 റണ്‍സിന്റെ നിര്‍ണായക ലീഡ് ഹിമാചല്‍ നേടി.
ആദ്യ മൂന്ന് വിക്കറ്റുകള്‍ നേടി മീഡിയം പേസര്‍ ഋഷി ധവാനാണ് കേരളത്തിന്റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. രണ്ട് എന്‍ഡിലും ഇടംകൈയ്യന്‍ സ്പിന്നര്‍മാരെത്തിയതോടെ കേരളം വട്ടംകറങ്ങി. 19.4 ഓവറില്‍ 19 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റെടുത്ത രാഹുല്‍ സിംഗാണ് കേരളത്തിന്റെ നടുവൊടിച്ചത്.
കേരളത്തിനുവേണ്ടി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (25), എസ്.കെ. മോനിഷ് (പുറത്താകാതെ 16), മുഹമ്മദ് അസറുദ്ദീന്‍ (16) എന്നിവരൊഴികെ ആരും രണ്ടക്കം കടന്നില്ല. ഓപ്പണിംഗ് കൂട്ടുകെട്ടില്‍ പ്രശാന്ത് ചോപ്രയും അങ്കുഷ് ബെയിന്‍സും നേടിയ 55 റണ്‍സിലൂടെ മികച്ച തുടക്കം ഹിമാചലിന് ലഭിച്ചു. ഓപ്പണിംഗ് കൂട്ടുകെട്ട് തകര്‍ന്നതോടെ ഹിമാചലിനെ വരിഞ്ഞുകെട്ടാന്‍ കേരളത്തിനു കഴിഞ്ഞു. കൃത്യമായ ഇടവേളകളില്‍ ഹിമാചലിന്റെ മധ്യനിര വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. ഒരു ഘട്ടത്തില്‍ നാലിന് 151 എന്ന നില യിലായിരുന്ന ഹിമാചലിന് 13 റണ്‍സെടു ക്കുന്നതിനിടെയാണ് അവസാന ആറു വിക്കറ്റുകള്‍ നഷ്ടപ്പെട്ടത്. 30 എക്‌സ്ട്രാ റണ്ണുകള്‍ വിട്ടുനല്‍കി കേരള ബൗളര്‍മാര്‍ ധാരാളിത്തം കാട്ടി.
37.5 ഓവറില്‍ ഹിമാചല്‍ ഓള്‍ഔട്ടായി. 40 റണ്‍സെടുത്ത പ്രശാന്ത് ചോപ്രയാണ് ഹിമാചലിന്റെ ടോപ് സ്‌കോറര്‍. ഹിമാചലിന്റെ ഇന്നിംഗ്‌സില്‍ ആറുപേര്‍ക്ക് രണ്ടക്കം കടക്കാനായില്ല. കേരളത്തിനായി മോനിഷും ഫാബിദ് അഹമ്മദും മൂന്ന് വിക്കറ്റ് വീതവും അക്ഷയ് ചന്ദ്രന്‍, സന്ദീപ് വാര്യര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും കരസ്ഥമാക്കി. ഗ്രൂപ്പ് സിയില്‍ 25 പേയി ന്റുമായി കേരളം രണ്ടാമതു നില്‍ക്കുമ്പോള്‍ നാലാം സ്ഥാനത്തുള്ള ഹിമാചലിന് 24 പോയിന്റാണുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha