''ആൾക്കൂട്ടം ഉറപ്പായും ഒരുപക്ഷത്തായിരിക്കുമെന്ന സത്യം ഉൾക്കൊണ്ടേ മതിയാകൂ. എന്നാൽ, ഇത്രയും വലിയൊരു ആൾക്കൂട്ടം നിശബ്ദമായിപ്പോകുന്നത് കേൾക്കുന്നതിലും സംതൃപ്തി തരുന്ന മറ്റൊന്നും കളിയില്ല. അതാണു നാളെ ഞങ്ങളുടെ ലക്ഷ്യവും.'' 1.30 ലക്ഷം വരുന്ന കാണികളെ ഒറ്റ ശ്വാസത്തിൽ നിലച്ച വാക്കുകൾ
ആവേശത്തോടെ ഉത്സവം നടത്തിയ ഉത്സവ കമ്മറ്റിക്കാർക്ക് ഒടുവിൽ കണ്ണുനീരായി. ഇന്ത്യയിൽ നടന്ന ലോകകപ്പിനെ ഇങ്ങനെ വിശേഷിപ്പിക്കാം. 1.30 ലക്ഷം വരുന്ന കാണികളെ മൊട്ടേര സ്‌റ്റേഡിയത്തിൽ ഇന്നലെ നിശബ്ദരാക്കുകയായിരുന്നു ഓസീസ്. ഒഴുകിയെത്തിയ ആരാധകർക്കായി ആവേശകരമായ കലാപ്രകടനങ്ങളും മറ്റും ഒരുക്കിയെങ്കിലും അവസാനം കണ്ണീരായിരുന്നു ഫലം.
വ്യാഴവട്ടത്തിന് ശേഷം ഇന്ത്യയിലെത്തിയ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് മികച്ച യാത്രയയപ്പ് ആയി. അവിസ്മരണീയ മുഹൂർത്തം കളറാക്കുന്നതിനായി മികച്ച കലാപ്രകടനങ്ങളാണ് ഒരുക്കിയത്. നാലുഘട്ടങ്ങളിലായ ചടങ്ങുകളാണ് അഹമ്മദാബാദിൽ ഒഴുകിയെത്തിയ 1.30 ലക്ഷംകാണികൾക്കായി ദൃശ്യവിസ്മയമായി സമ്മാനിച്ചത്.
ടോസിന് ശേഷം 15 മിനിറ്റ് വ്യോമസേനയുടെ സൂര്യകിരൺ എയർഷോ കാണികൾക്ക് ആവേശകരമായ നിമിഷങ്ങളായിരുന്നു. ആദ്യ ടീമിന്റെ ബാറ്റിങ് പൂർത്തിയായ വേളയിൽ ആദിത്യ ഗാധ് വി നയിക്കുന്ന മ്യൂസിക് ഷോയും ഉണ്ടായിരുന്നു. ഇടവേളകളിൽ ലേസർ ഷോയും ലൈറ്റ് ഷോയും. പ്രീതം ചക്രബർത്തി, ജോണിത ഗാന്ധി, നകാഷ്അസീസ്, അമിത് മിശ്ര, അകാശ സിങ്, തുഷാർ ജോഷി എന്നിവരുടെ ഷോയും ഉണ്ടായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആസ്‌ട്രേലിയൻ ഉപപ്രധാനമന്ത്രി റിച്ചാർഡ് മാർലസ്, കേന്ദ്രമന്ത്രിമാരായ അമിത്ഷാ, അനുരാഗ് താക്കൂർ, ഗായിക ആശ ഭോസ്ലെ, ഷാറൂഖ്ഖാൻ , ദീപികപദുക്കോൺ, രൺബീർ കപൂർ തുടങ്ങി നിരവധി പ്രമുഖരും മത്സരം ആസ്വദിക്കുന്നതിനായി മോദി സ്റ്റേഡിയത്തിലെത്തി. ഒടുവിൽ കണ്ണീരോടെ കളംവിടാനായിരുന്നു പക്ഷെ ആരാധകരുടെ വിധി.
മോദി സ്റ്റേഡിയത്തിലെ കലാശപ്പോരാട്ടത്തിനുമുൻപ് ഓസീസ് നായകൻ പാറ്റ് കമ്മിൻസ് സഹതാരങ്ങളോട് പറഞ്ഞത് ഒറ്റക്കാര്യമായിരുന്നു; ഒട്ടും സൗഹൃദപരമല്ലാത്തൊരു പ്രേക്ഷകർക്കു മുന്നിൽ കളിക്കണമെന്ന വെല്ലുവിളി ഏറ്റെടുക്കുക! 1.30 ലക്ഷത്തോളം വരുന്ന കാണികളാൽ നിറയുന്ന ഗാലറിയിൽനിന്ന് ഇന്ത്യയ്ക്കു വേണ്ടിയുള്ള ആരവങ്ങളല്ലാതെ മറ്റൊന്നും അവർ ആദ്യമേ പ്രതീക്ഷിച്ചിരുന്നില്ല. വാർത്താ സമ്മേളനത്തിൽ ഒരുകാര്യം കൂടി കമ്മിൻസ് ഓർമിപ്പിച്ചു:
''ആൾക്കൂട്ടം ഉറപ്പായും ഒരുപക്ഷത്തായിരിക്കുമെന്ന സത്യം ഉൾക്കൊണ്ടേ മതിയാകൂ. എന്നാൽ, ഇത്രയും വലിയൊരു ആൾക്കൂട്ടം നിശബ്ദമായിപ്പോകുന്നത് കേൾക്കുന്നതിലും സംതൃപ്തി തരുന്ന മറ്റൊന്നും കളിയില്ല. അതാണു നാളെ ഞങ്ങളുടെ ലക്ഷ്യവും.'' ഇന്നലെ 1.30 ലക്ഷം വരുന്ന ഗാലറിക്കുമുന്നിൽ ആ വാക്കുകൾ അച്ചട്ടാകുമ്പോൾ അതിത്രയും വരുമെന്ന് ആരും പ്രതീക്ഷിച്ചുകാണില്ല. വെറും 10 ഓവർ മാത്രമാണ് ഇന്ത്യ ഈ മത്സരത്തിലുണ്ടായിരുന്നത്. രോഹിത് ശർമ സ്വതസിദ്ധമായ ശൈലിയിൽ തകർത്തടിച്ച് ടീം ഇന്ത്യയെ വമ്പൻ സ്‌കോറിലേക്കു നയിച്ച അ പവർപ്ലേയിൽ മാത്രം. പിന്നീടെല്ലാം മഞ്ഞമയമായിരുന്നു, ഓസീസ് മാത്രമായിരുന്നു.
ടൂർണമെന്റിൽ ഒരു ടീമിനും കീഴടങ്ങാതെ അപരാജിത കുതിപ്പുമായെത്തിയ ടീമാണ് ഇന്ത്യ. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീൽഡിലും, അങ്ങനെ സർവ ഡിപാർട്ട്മെന്റുകളിലും സർവവീര്യവും പുറത്തെടുത്തൊരു ടീം. ഇന്ത്യ ഏകപക്ഷീയമായി കൊണ്ടുപോകുമെന്നു തോന്നിച്ച കളി കമ്മിൻസ് എന്ന നായകന്റെ ക്യാപ്റ്റൻസി മികവിൽ ആസ്ട്രേലിയ തട്ടിപ്പറിക്കുമ്പോൾ അതിൽ ഒരുപാട് പാടങ്ങളും ചരിത്രത്തിന്റെ ആവർത്തനങ്ങളുമുണ്ട്.
2003ന്റെ ഓർമ രണ്ടു പതിറ്റാണ്ടിനുശേഷം മറ്റൊരു ദുരന്തമായി ഇന്ത്യൻ ആരാധകരെ വേട്ടയാടാൻ പോകുകയാണ്; അതും സ്വന്തം തട്ടകത്തിൽനിന്നു തലകുനിച്ചുമടങ്ങുന്നതിന്റെ വേദന തെല്ലൊന്നുമാകില്ല. അന്ന് റിക്കി പോണ്ടിങ്ങും സംഘവും ചെയ്തത് ഇന്ന് കമ്മിൻസും സംഘവും ഇന്ത്യയോട് ചെയ്തു. ബിഗ് ഗെയിമിൽ പ്രൊഫഷണലിസത്തിന്റെ സർവരൂപവും പുറത്തെടുക്കുന്ന ഓസീസ് ശീലം ഒരിക്കൽകൂടി ക്രിക്കറ്റ് ലോകം നേരിൽകണ്ടു, അനുഭവിച്ചു, ആസ്വദിച്ചു. ഇന്ത്യൻ ആരാധകർക്കതു തീരാവേദനയാകുമെങ്കിലും വലിയ ഉൾക്കാഴ്ചയും തിരിച്ചറിവും പകരുമെന്നുറപ്പ്.
https://www.facebook.com/Malayalivartha