ഇന്ത്യ- ഓസീസ് ഒന്നാം ഏകദിനം ഇന്ന്
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഓസ്‌ട്രേലിയന്‍ പര്യടനം ഇന്ന് ഔദ്യോഗികമായി ആരംഭിക്കും. അഞ്ച് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം പെര്‍ത്തിലെ വാക്ക സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാവിലെ 8.15 മുതല്‍ നടക്കും.
ഇന്ത്യ സാധ്യതാ ടീം: ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോഹ്ലി, അജിന്‍ക്യ രഹാനെ, എം.എസ്. ധോണി (നായകന്‍), ഗുര്‍കീരത് മാന്‍/ മനീഷ് പാണ്ഡെ, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, ഉമേഷ് യാദവ്, ബാരിന്ദര്‍ സ്രാന്‍, ഇഷാന്ത് ശര്‍മ/റിഷി ധവാന്‍.
ഓസീസ് നായകന്‍ സ്റ്റീവന്‍ സ്മിത്ത് തന്റെ ഇലവനെ നേരത്തെ തന്നെ പ്രഖ്യാപിച്ചു. പേസ് ബൗളര്‍മാരായ ജോയല്‍ പാരീസ്, സ്‌കോട്ട് ബോലാന്‍ഡ് എന്നിവര്‍ ഇന്ന് ഏകദിനത്തില്‍ അരങ്ങേറുമെന്ന് സ്മിത്ത് പത്ര സമ്മേളനത്തില്‍ വ്യക്തമാക്കി. ജോയല്‍ പാരീസിന്റെ സ്വന്തം തട്ടകമാണ് വാക്ക സ്‌റ്റേഡിയം. ഇവിടെ നടന്ന രണ്ട് ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരങ്ങളിലായി 14 വിക്കറ്റുകളാണ് പാരീസ് നേടിയത്. പേസര്‍ കെയ്ന്‍ റിച്ചാഡ്‌സണ്‍, ഷോണ്‍ മാര്‍ഷ് എന്നിവരെ ടീമിലേക്കു പരിഗണിച്ചില്ല.
ഓസ്‌ട്രേലിയ സാധ്യതാ ടീം: ഡേവിഡ് വാര്‍ണര്‍, ആരണ്‍ ഫിഞ്ച്, സ്റ്റീവന്‍ സ്മിത്ത് (നായകന്‍), ജോര്‍ജ് ബെയ്‌ലി, ഗ്ലെന്‍ മാക്‌സ്വെല്‍, മിച്ചല്‍ മാര്‍ഷ്, മാത്യു വേഡ്, ജെയിംസ് ഫോക്‌നര്‍, സ്‌കോട്ട് ബോലാന്‍ഡ്, ജോഷ് ഹാസില്‍വുഡ്, ജോയല്‍ പാരീസ്.
ലോകകപ്പ് സെമി ഫൈനലിലാണ് ഇന്ത്യയും ഓസീസും അവസാനം ഏകദിനം കളിച്ചത്. സ്മിത്തിന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ മികവില്‍ ഓസീസ് ഇന്ത്യയെ തോല്‍പ്പിച്ചു. ഫൈനലില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് ലോകകപ്പ് ജേതാക്കളുമായി.
അന്നത്തെ ടീമിലുണ്ടായ അന്നത്തെ നായകന്‍ മൈക്കിള്‍ ക്ലാര്‍ക്ക്, മിച്ചല്‍ ജോണ്‍സണ്‍, ബ്രാഡ് ഹാഡിന്‍ എന്നിവര്‍ കളിയോടു വിടപറഞ്ഞു. പരുക്കിന്റെ പിടിയിലുള്ള പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ പരമ്പരയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മോശം ഫോമിലുള്ള ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സണും ടീമിലില്ല. ലോകകപ്പിനു ശേഷം ഇംഗ്ലണ്ടിനെതിരേ നടന്ന ഏകദിന പരമ്പര മാത്രമാണ് സ്മിത്തിന്റെ നേതൃത്വത്തില്‍ ഓസീസ് നേടിയത്. 2015 ഇന്ത്യക്കു മോശമായിരുന്നു. ബംഗ്ലാദേശിനെതിരേയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും പരമ്പരകള്‍ തോറ്റു. സിംബാബ്‌വേയ്‌ക്കെതിരേ നേടിയ ഏകദിന പരമ്പര മാത്രമാണ് ഓര്‍ക്കാനുണ്ടായിരുന്നത്.
സ്രാന്‍, ഗുര്‍കീരത്, റിഷി ധവാന്‍ തുടങ്ങിയ പുതുമുഖങ്ങള്‍ തിളങ്ങുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. ഇവിടെ നടന്ന ടെസ്റ്റ് പരമ്പരയില്‍ തിളങ്ങിയ വിരാട് കോഹ്ലിയും പ്രതീക്ഷയിലാണ്. നാല് ടെസ്റ്റുകളിലായി മൂന്ന് സെഞ്ചുറികളാണു കോഹ്ലി നേടിയത്. ഓസ്‌ട്രേലിയയില്‍ കളിച്ച എട്ട് ടെസ്റ്റുകളില്‍ 62 റണ്‍ ശരാശരി നേടാനും കോഹ്ലിക്കായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha