ഓസീസിന് 5 വിക്കറ്റ് വിജയം, ജോര്‍ജ് ബെയ്‌ലിക്കും സ്റ്റീവ് സ്മിത്തിനും സെഞ്ച്വറി
രോഹിത് ശര്‍മ കുറിച്ച റെക്കോര്‍ഡ് സെഞ്ചുറിക്ക് മറുപടിയായി ജോര്‍ജ് ബെയ്‌ലിയും സ്റ്റീവ് സ്മിത്തും സെഞ്ച്വറികള്‍ തീര്‍ത്തപ്പോള്‍ പെര്‍ത്തിലെ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 5 വിക്കറ്റ് തോല്‍വി. സ്‌കോര്‍ ഇന്ത്യ: 3ന് 309, ഓസീസ്: 49.2 ഓവറില്‍ 5ന് 310. സ്റ്റീവ് സ്മിത്ത് 149 റണ്‍സെടുത്തും ബെയ്‌ലി 112 റണ്‍സുമെടുത്തും പുറത്തായി. ഇരുവരും ചേര്‍ന്ന് 6.51 ശരാശരിയില്‍ 242 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. രണ്ടിന് 21 എന്ന നിലയില്‍ ഓസീസ് പതറുമ്പോഴാണ് ഇരുവരും ക്രീസില്‍ ഒത്തുചേര്‍ന്നത്.
പെര്‍ത്തിലെ സൂപ്പര്‍ ഫാസ്റ്റ് പിച്ചില്‍ ഓസീസ് പേസ് ബോളിങ്ങിനെ നേരിട്ട് വെറും മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മുന്നൂറിനു മുകളില്‍ സ്‌കോര്‍ ചെയ്തുവെന്നതില്‍ മാത്രം ഇന്ത്യക്ക് അഭിമാനിക്കാം. പേരുകേട്ട ആരോണ്‍ ഫിഞ്ചിനെയും ഡേവിഡ് വാര്‍ണറെയും സ്റ്റീവ് സ്മിത്തിനെയും പുറത്താക്കിയതിലൂടെ ബരിന്ദര്‍ സ്രാന്‍ എന്ന പുത്തന്‍ പേസറും ഈ ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കും.
ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രോഹിത് ശര്‍മ വിരാട് കോഹ്‌ലി സഖ്യത്തിന്റെ മികവിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ കണ്ടെത്തിയത്. രണ്ടാം വിക്കറ്റില്‍ രോഹിത്തും കോഹ്‌ലിയും നേടിയ 207 റണ്‍സ് കൂട്ടുകെട്ടിന്റെ മികവില്‍ ഇന്ത്യ നേടിയത് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 309 റണ്‍സ്. ഓസ്‌ട്രേലിയയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ സ്വന്തമാക്കി രോഹിത് ശര്‍മ (163 പന്തില്‍ 171) പുറത്താകാതെ നിന്നു.
163 പന്തില്‍ 13 ഫോറുകളും ഏഴു സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു ആ മഹാ ഇന്നിങ്‌സ്. 1979ല്‍ വിവ് റിച്ചാര്‍ഡ്‌സ് നേടിയ 159 റണ്‍സ് എന്ന റെക്കോര്‍ഡാണ് 37 വര്‍ഷങ്ങള്‍ക്കു ശേഷം രോഹിത് മറികടന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha