ഇന്ത്യക്ക് വീണ്ടും തോല്‍വി
ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും ഇന്ത്യയ്ക്ക് തോല്‍വി. ഏഴു വിക്കറ്റിനാണ് ഇന്ത്യയ്‌ക്കെതിരെ ഓസീസിന്റെ രണ്ടാം വിജയം. തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും സെഞ്ചുറി നേടിയ ഓപ്പണര്‍ രോഹിത് ശര്‍മയുടെ (124) മികവില്‍ ആദ്യം ബാറ്റു ചെയ്ത് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സെടുത്ത ഇന്ത്യയെ ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ച് (71), ഷോണ്‍ മാര്‍ഷ് (71), ജോര്‍ജ് ബെയ്‌ലി (പുറത്താകാതെ 76) എന്നിവരുടെ അര്‍ധസെഞ്ചുറികളുടെ മികവിലാണ് ഓസ്‌ട്രേലിയ മറികടന്നത്.
ഗ്ലെന്‍ മാക്‌സ്‌വെല്‍ 26 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. കഴിഞ്ഞ മല്‍സരത്തില്‍ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് 46 റണ്‍സെടുത്ത് പുറത്തായി. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
സ്‌കോര്‍: ഇന്ത്യ നിശ്ചിത 50 ഓവറില്‍ എട്ടിന് 308. ഓസ്‌ട്രേലിയ 49 ഓവറില്‍ മൂന്നിന് 309. ഇതോടെ അഞ്ചു മല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ ഓസ്‌ട്രേലിയ 20ന് മുന്നിലെത്തി.
നേരത്തെ, പരമ്പരയിലെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി കുറിച്ച ഓപ്പണര്‍ രോഹിത് ശര്‍മയുടെ ബലത്തിലാണ് ഇന്ത്യ രണ്ടാം ഏകദിനത്തിലും 300 കടന്നത്. 127 പന്തില്‍ 124 റണ്‍സെടുത്ത രോഹിതിന്റെ മികവില്‍ ഇന്ത്യ നേടിയത് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സ്. 127 പന്തില്‍ 11 ഫോറുകളും മൂന്നു സിക്‌സുമുള്‍പ്പെടെ 124 റണ്‍സെടുത്ത രോഹിത് റണ്ണൗട്ടായി. രോഹിത് ശര്‍മയ്ക്ക് പുറമെ അര്‍ധസെഞ്ചുറി നേടിയ അജിങ്ക്യ രഹാനെയും (89), ഉപനായകന്‍ വിരാട് കോഹ്‌ലിയും (59) ഇന്ത്യന്‍ ഇന്നിങ്‌സിന് ബലമേകി. കോഹ്‌ലിക്കും രഹാനെയ്ക്കുമൊപ്പം സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത ശേഷമാണ് രോഹിത് പുറത്തായത്. കോഹ്‌ലിക്കൊപ്പം 125 റണ്‍സിന്റെയും, രഹാനെയ്‌ക്കൊപ്പം 121 റണ്‍സിന്റെയും കൂട്ടുകെട്ടാണ് രോഹിത് പടുത്തുയര്‍ത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha