ഗോവധ വിഷയത്തില്‍ ചിലര്‍ ഉപദ്രവിക്കുന്നതായി ഇന്ത്യന്‍ താരം ഷാമിയുടെ പിതാവ്
തന്നെയും കുടുംബത്തെയും ഗോവധ വിഷയത്തില്‍ ഉപദ്രവിക്കാന്‍ ചിലര്‍ മനഃപൂര്‍വം ശ്രമിക്കുന്നതായി ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷാമിയുടെ പിതാവ് തൗസീഫ് അഹമ്മദ്. ഷാമിയുടെ സഹോദരന്‍ മുഹമ്മദ് ഹസീബിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഗോവധവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത ചിലരെ മോചിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു ഇത്. ഇതിനു പിന്നാലെയാണ് ഗോവധവുമായി ബന്ധപ്പെട്ട് തന്നെയും കുടുംബത്തെയും ലക്ഷ്യമിട്ട് ചിലര്‍ പ്രവര്‍ത്തിക്കുന്നതായി ആരോപിച്ച് ഷാമിയുടെ പിതാവ് രംഗത്തെത്തിയത്.
ന്യൂസീലാന്‍ഡിലും ഓസ്‌ട്രേലിയയിലുമായി നടന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ചവച്ച താരമാണ് മുഹമ്മദ് ഷാമി. ലോകകപ്പിന് ശേഷം പരുക്കിനെ തുടര്‍ന്ന് വിശ്രമത്തിലാണ് അദ്ദേഹം. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഷാമിയെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പരുക്ക് ഭേദമാകാതിരുന്നതിനെ തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നു.
താനും തന്റെ കുടുംബവും തികച്ചും അപകടകരമായ അവസ്ഥയിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നതെന്ന് തൗസീഫ് ഒരു പ്രമുഖ ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തി. തികച്ചും വൈകാരിക വിഷയമായ ഗോവധത്തിന്റെ പേരില്‍ തന്റെ കുടുംബത്തെ ചിലര്‍ ഉപദ്രവിക്കുകയാണെന്നും തൗസീഫ് ആരോപിച്ചു.
ഗോവധ വിഷയത്തില്‍ കസ്റ്റഡിയിലെടുത്തവരെ മോചിപ്പിച്ച സംഭവം നടക്കുമ്പോള്‍ ഷാമിയുടെ സഹോദരന്‍ ഹസീബ് സ്ഥലത്തുപോലുമുണ്ടായിരുന്നില്ലെന്നും ഏറെ കഴിഞ്ഞാണ് അവന്‍ അവിടെയെത്തിയതെന്നും അഹമ്മദ് പറഞ്ഞു. അവിടെ കൂടിയിരുന്നവരേപ്പോലെ ഒരു വഴിപോക്കന്‍ മാത്രമായിരുന്നു ഹസീബും. അവനെ അനാവശ്യമായി വിഷയത്തിലേക്ക് വലിച്ചിഴക്കുകയായിരുന്നു. മുഹമ്മദ് ഷാമി ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ തുടങ്ങിയതോടെ തന്റെ കുടുംബത്തിനുണ്ടായ വളര്‍ച്ചയില്‍ അസൂയയുള്ള ചിലരാണ് ഇതിനെല്ലാം പിന്നിലെന്നും തൗസീഫ് അഹമ്മദ് ആരോപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha