മുഷ്താഖ് അലി ട്രോഫി ട്വന്റി20: ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്തി കേരളം
മുഷ്താഖ് അലി ട്രോഫി ട്വന്റി20 സൂപ്പര്‍ ലീഗിലെ രണ്ടാം പോരാട്ടത്തില്‍ ബറോഡയ്‌ക്കെതിരെ കേരളത്തിന് നാലു വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. യൂസഫ് പത്താന്‍, ഇര്‍ഫാന്‍ പത്താന്‍, മുനാഫ് പട്ടേല്‍ തുടങ്ങി ഒരുപിടി ഇന്ത്യന്‍ താരങ്ങളുമായെത്തിയ ബറോഡയെ ടീം മികവുകൊണ്ട് മറികടന്നാണ് കേരളം വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റു െചയ്ത് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്ത ബറോഡയ്‌ക്കെതിരെ കേരളം 19.4 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
സീസണില്‍ മിന്നുന്ന ഫോം തുടരുന്ന ഉപനായകന്‍ രോഹന്‍ പ്രേം (11 പന്തില്‍ ആറ്), സഞ്ജു സാംസണ്‍ (ഒരു പന്തില്‍ പൂജ്യം) എന്നിവര്‍ നിറം മങ്ങിയിട്ടും നേടിയ വിജയം കേരളത്തിന്റെ സെമി പ്രതീക്ഷകള്‍ക്കും ബലമായി. ഇന്നലെ മുംബൈക്കെതിരെ നടന്ന ആദ്യ സൂപ്പര്‍ലീഗ് പോരാട്ടത്തില്‍ കേരളം പരാജയപ്പെട്ടിരുന്നു.
21 പന്തില്‍ 47 റണ്‍സുമായി പുറത്താകാതെ നിന്ന റൈഫി വിന്‍സന്റ് ഗോമസാണ് കേരളത്തിന് വിജയം സമ്മാനിച്ചത്. മൂന്നു വീതം ബൗണ്ടറിയും സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു റൈഫിയുടെ ഇന്നിങ്‌സ്. നിര്‍ണായക ഘട്ടത്തില്‍ മുനാഫ് പട്ടേലിനെതിരെ നേടിയ രണ്ട് സിക്‌സ് ഉള്‍പ്പെടെ ഏഴു പന്തില്‍ 17 റണ്‍സ് നേടിയ പ്രശാന്ത് പത്മനാഭന്റെ പ്രകടനവും കേരളത്തിന്റെ പ്രകടനത്തില്‍ നിര്‍ണായകമായി. നിഖിലേഷ് സുരേന്ദ്രന്‍ (32 പന്തില്‍ 36, ആറു ബൗണ്ടറി), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (35 പന്തില്‍ 44, നാലു ബൗണ്ടറി, രണ്ടു സിക്‌സ്), ഫാബിദ് അഹമ്മദ് (എട്ടു പന്തില്‍ 11) എന്നിവരുടെ പ്രകടനവും കേരള വിജയത്തില്‍ നിര്‍ണായകമായി. ബറോഡയ്ക്കായി നായകന്‍ ഇര്‍ഫാന്‍ പത്താന്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.
നേരത്തെ, ടോസ് നേടിയ കേരളാ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ടീമിലെ സഹോദര താരങ്ങളായ യൂസഫ് പത്താനും ഇര്‍ഫാന്‍ പത്താനും ഉള്‍പ്പെട്ട ബറോഡ നിരയ്‌ക്കെതിരെ ഭേദപ്പെട്ട പ്രകടനമാണ് കേരള ബോളര്‍മാര്‍ നടത്തിയത്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ കണ്ടെത്തിയ കേരളാ താരങ്ങള്‍ ബറോഡയെ 160 റണ്‍സില്‍ ഒതുക്കി. 18 പന്തില്‍ മൂന്നു ബൗണ്ടറിയും രണ്ടു സിക്‌സുമുള്‍പ്പെടെ 35 റണ്‍സെടുത്ത് ഇര്‍ഫാന്‍ പത്താനാണ് ബറോഡയുടെ ടോപ് സ്‌കോറര്‍. ദീപക് ഹൂഡ (16 പന്തില്‍ 32, മൂന്നു സിക്‌സ്, ഒരു ബൗണ്ടറി), ഹാര്‍ദിക് പാണ്ഡ്യ (15 പന്തില്‍ 16, കേദാര്‍ ദേവ്ദര്‍ (36 പന്തില്‍ 31), യൂസഫ് പത്താന്‍ (18 പന്തില്‍ 18) എന്നിവരും ഭേദപ്പെട്ട രീതിയില്‍ ബാറ്റു ചെയ്തു.
കേരളത്തിനായി പ്രശാന്ത് പത്മനാഭന്‍, സന്ദീപ് വാര്യര്‍ എന്നിവര്‍ രണ്ടും, മനു കൃഷ്ണന്‍, ഫാബിദ് അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha