ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലൂടെ യുവി തിരിച്ചു വരുന്നു
മോശം ഫോമിനെ തുടര്‍ന്ന് ടീമില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ട യുവരാജ് സിംങ്ങ് ദേശീയ ടീമില്‍ തിരിച്ചെത്തി. ഒക്ടോബറില്‍ നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയ്‌ക്കു വേണ്ടിയുള്ള 15 അംഗ ടീമിലാണ് യുവിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ വര്‍ഷം ജനുവരിയില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ഏകദിനത്തിലാണ് യുവരാജ് അവസാനമായി ദേശീയ ടീമിനു വേണ്ടി കളത്തിലിറങ്ങിയത്.
എന്നാല്‍ മോശം പ്രകടനത്തിന്റെ പേരില്‍ പിന്നീട് യുവിയെ ഒഴിവാക്കുകയായിരുന്നു. മുന്‍നിര താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച സിംബാബ്‌വെയുമായുള്ള പരമ്പരയില്‍ പോലും യുവിക്ക് സെലക്‌ടര്‍മാര്‍ അവസരം നല്‍കിയിരുന്നില്ല. എന്നാല്‍ അടുത്തിടെ മികച്ച ഫോമിലാണ് താരം. ചലഞ്ചര്‍ ട്രോഫിയിലും വെസ്റ്റ് ഇന്‍ഡീസ് എ യ്‌ക്കെതിരായ പരമ്പരയിലും യുവരാജ് നല്ല പ്രകടനം പുറത്തെടുത്തു. ഇതായിരിക്കാം ദേശീയ ടീമിലിടം നേടാന്‍ യുവരാജിന് തുണയായത്.
ഒരു ട്വന്റി20 മത്സരത്തിനും, മൂന്ന് ഏകദിന മത്സരത്തിനും വേണ്ടിയുള്ള ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബര്‍ 10 ന് രാജ്‌കോട്ടിലാണ് ട്വന്റി20 മത്സരം നടക്കുക. 13ന് പൂനെയിലും, 16ന് ജയ്‌പൂരിലും, 19 ന് മൊഹാലിയിലും വെച്ചാണ് ഏകദിനങ്ങള്‍. മുതിര്‍ന്ന താരങ്ങളായ സെവാഗ്,ഗംഭീര്‍, സഹീര്‍ഖാന്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ടീം: മഹേന്ദ്രസിങ് ധോണി (ക്യാപ്റ്റന്‍ ), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോലി, യുവരാജ് സിങ്, സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍ , ഭുവനേശ്വര്‍ കുമാര്‍ , ഇഷാന്ത് ശര്‍മ, വിനയ് കുമാര്‍ , അമിത് മിശ്ര, അമ്പാട്ടി റായിഡു, മുഹമ്മദ് ഷാമി, ജയദേവ്
https://www.facebook.com/Malayalivartha