ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി ബംഗ്ലാദേശുമായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് 60 റണ്‍സിന്റെ അനായാസ ജയം....
ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി ബംഗ്ലാദേശുമായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് 60 റണ്‍സിന്റെ അനായാസ ജയം. 183 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശിന്റെ മറുപടി ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
28 പന്തില്‍ 40 റണ്‍സെടുത്ത മഹ്മൂദുല്ലയാണ് അവരുടെ ടോപ് സ്‌കോറര്‍. തന്‍സീദ് ഹസന്‍ (17), തൗഹീദ് ഹ്രിദോയ് (13), ഷാകിബ് അല്‍ ഹസന്‍ (28) എന്നിവരാണ് മഹ്മൂദുല്ലക്ക് പുറമെ രണ്ടക്കം കടന്നവര്‍. ഇന്ത്യന്‍ ബൗളര്‍മാരില്‍ അര്‍ഷ്ദീപ് സിങ്, ശിവം ദുബെ എന്നിവര്‍ രണ്ട് വീതവും ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോന്നും വിക്കറ്റ് വീഴ്ത്തി.
നേരത്തെ, വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ ഋഷബ് പന്തിന്റെ തകര്‍പ്പന്‍ അര്‍ധസെഞ്ച്വറിയുടെ മികവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 182 റണ്‍സ് അടിച്ചെടുത്തു. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഏറെ പ്രതീക്ഷയോടെ രോഹിത് ശര്‍മക്കൊപ്പം ഓപണറായെത്തിയ മലയാളി താരം സഞ്ജു സാംസണ്‍ ഒരു റണ്‍സുമായി പുറത്തായി.
ആറ് പന്ത് നേരിട്ട് ഒരു റണ്‍സ് മാത്രം നേടിയ താരം ഷോരിഫുല്‍ ഇസ്‌ലാമിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് ഒരുമിച്ച രോഹിത് ശര്‍മയും ഋഷബ് പന്തും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടുയര്‍ത്തുമെന്ന് തോന്നിച്ചെങ്കിലും 19 പന്തില്‍ 23 റണ്‍സെടുത്ത രോഹിതിനെ മഹ്മൂദുല്ലയുടെ പന്തില്‍ റിഷാദ് ഹുസൈന്‍ പിടികൂടി.
32 പന്തില്‍ നാല് വീതം സിക്‌സും ഫോറുമടക്കം 53 റണ്‍സെടുത്ത പന്ത് റിട്ടയര്‍ ഔട്ടായി തിരിച്ചുകയറി. 16 പന്തില്‍ 14 റണ്‍സ് നേടിയ ശിവം ദുബെയും 18 പന്തില്‍ 31 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവും വൈകാതെ മടങ്ങി.
അവസാന ഓവറുകളില്‍ ഹാര്‍ദിക് പാണ്ഡ്യ നടത്തിയ വെടിക്കെട്ടാണ് സ്‌കോര്‍ 180 കടത്തിയത്. പാണ്ഡ്യ 23 പന്തില്‍ 40 റണ്‍സുമായും രവീന്ദ്ര ജദേജ ആറ് പന്തില്‍ നാല് റണ്‍സുമായും പുറത്താകാതെ നില്‍ക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha