ഇന്ത്യയും കാനഡയും തമ്മിലുള്ള ട്വന്റി 20 ലോകകപ്പ് മത്സരം ഉപേക്ഷിച്ചു...
തുടര്‍ച്ചയായി രണ്ടാം ദിവസവും മഴ കാരണം ട്വന്റി 20 ലോകകപ്പിലെ ഗ്രൂപ്പ് എ മത്സരം ഉപേക്ഷിച്ചു. ഇന്ത്യയും കാനഡയും തമ്മിലുള്ള പോരാട്ടം മഴയില്‍ ഔട്ട്ഫീല്‍ഡ് മത്സരയോഗ്യമല്ലാത്തതിനെ തുടര്‍ന്നാണ് ഒഴിവാക്കിയത്. കഴിഞ്ഞ ദിവസം ഇതേ ഗ്രൂപ്പിലെ യുഎസ്എ -അയര്‍ലാന്‍ഡ് മത്സരവും മഴ കാരണം ഉപേക്ഷിച്ചിരുന്നു. പോയിന്റ് പങ്കിടേണ്ടി വന്നെങ്കിലും തോല്‍വി അറിയാതെ ഇന്ത്യന്‍ ടീം അടുത്ത റൗണ്ടിലേക്ക് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി തന്നെ മുന്നേറി.
നാല് മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയം സഹിതം ഏഴ് പോയിന്റാണ് ഇന്ത്യക്കുള്ളത്. ആദ്യ മത്സരത്തില്‍ അയര്‍ലാന്‍ഡിനെ എട്ട് വിക്കറ്റിന് കീഴടക്കിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ ചിരവൈരികളായ പാകിസ്ഥാനെ ആറ് റണ്‍സിനാണ് മറികടന്നത്. മൂന്നാം മത്സരത്തില്‍ സഹ ആതിഥേയരായ യുഎസ്എയെ ഏഴ് വിക്കറ്റിനാണ് രോഹിത് ശര്‍മ്മയും സംഘവും തോല്‍പ്പിച്ചത്. കഴിഞ്ഞ ദിവസത്തെ മത്സരം ഉപേക്ഷിച്ചതോടെ പാകിസ്ഥാനെ പിന്തള്ളി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി യുഎസ്എയും സൂപ്പര്‍ എട്ടിലേക്ക് യോഗ്യത നേടിയിരുന്നു.
നാല് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയമുള്‍പ്പെടെ അഞ്ച് പോയിന്റ് ആണ് യുഎസ്എക്ക് ഉള്ളത്. ഇന്ത്യയോടും യുഎസ്എയോടും തോറ്റതോടെയാണ് പാകിസ്ഥാന്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ അപ്രതീക്ഷിതമായി പുറത്തായത്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ അയര്‍ലാന്‍ഡും പാകിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടും. ഈ മത്സരത്തില്‍ തോറ്റാല്‍ അവസാന സ്ഥാനക്കാരായി നാട്ടിലേക്ക് മടങ്ങേണ്ടി വരുമെന്ന നാണക്കേട് ഒഴിവാക്കാനാകും പാകിസ്ഥാന്റെ ശ്രമം.
സൂപ്പര്‍ എട്ടില്‍ ഇന്ത്യയും ശക്തരായ ഓസ്ട്രേലിയയും ഒരേ ഗ്രൂപ്പിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്. നാല് ടീം വീതമുള്ള രണ്ട് ഗ്രൂപ്പുകളാണ് സൂപ്പര്‍ എട്ടില്‍ മാറ്റുരയ്ക്കുക. ഗ്രൂപ്പില്‍ എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടും. ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമിയിലേക്ക് മുന്നേറുകയും ചെയ്യും. സൗത്താഫ്രിക്ക ഉള്‍പ്പെട്ട ഗ്രൂപ്പിലാണ് യുഎസ്എ ഇടംപിടിച്ചത്. ഇന്ത്യ, ഓസ്ട്രേലിയ, സൗത്താഫ്രിക്ക, യുഎസ്എ, വെസ്റ്റിന്‍ഡീസ്, അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകളാണ് ഇതുവരെ സൂപ്പര്‍ എട്ടിലേക്ക് യോഗ്യത നേടിയിട്ടുള്ളത്. ബംഗ്ലാദേശ്, ഇംഗ്ലണ്ട് എന്നീ ടീമുകളും യോഗ്യതയ്ക്ക് തൊട്ടരികിലാണ്.
https://www.facebook.com/Malayalivartha