താരമായി സഞ്ജു... സിംബാബ്വെയെ 42 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ
ഹരാരെയില്‍ സിംബാബ്വെയെ 42 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ. സഞ്ജു സാംസണിന്റെ 58 റണ്‍സും മുകേഷ് കുമാറിന്റെ ബോളിംഗ് മികവുമായിരുന്നു ഇന്ത്യയുടെ ജയം ഉറപ്പിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് നേടിയത്. 58 റണ്‍സെടുത്ത സഞ്ജു സാംസണാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഇന്ത്യ ഉയര്‍ത്തിയ 168 റണ്‍സ് പിന്തുടരാനാകാതെ ആതിഥേയര്‍ 18.3 ഓവറില്‍ 125ന് പുറത്തായി. മുകേഷ് കുമാര്‍ നാലും ശിവും ദുബെ രണ്ടും വിക്കറ്റ് വീഴ്ത്തി. വാഷിംഗ്ടണ്‍ സുന്ദര്‍, അഭിഷേക് ശര്‍മ, തുഷാര്‍ ദേശ്പാണ്ഡെ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
സിക്സുകളായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സില്‍ കൂടൂതല്‍. നാല് സിക്സും ഒരു ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്. ഇതില്‍ 110 ദൂരം പാഞ്ഞ കൂറ്റന്‍ സിക്സറും ഉള്‍പ്പെടും. സിംബാബ്വെ സ്പിന്നര്‍ ബ്രന്‍ഡന്‍ മവുതക്കെതിരെയാണ് സഞ്ജുവിന്റെ കൂറ്റന്‍ സിക്സര്‍. ഡ്രസിംഗ് റൂമിന്റെ മേല്‍ക്കൂരയിലാണ് പന്ത് വന്ന് വീണത്.
ടി20 കരിയറിലെ രണ്ടാം അര്‍ധ സെഞ്ചുറിയാണ് സഞ്ജു നേടുന്നത്. ആദ്യത്തേത് അയര്‍ലന്‍ഡിനെതിരെയായിരുന്നു.
അഞ്ച് മത്സരങ്ങളില്‍ 4 വിജയവുമായാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. സിംബാബ്വേയുടെ മോശം മധ്യനിരയുടെ പ്രകടനം അവരെ വീണ്ടും പരാജയത്തിലേക്ക് നയിച്ചു. സിംബാബ്വെ ബൗളര്‍മാര്‍ തങ്ങളുടെ ലൈനിലും ലെങ്തിലും അച്ചടക്കമുള്ളവരായിരുന്നു. കൂടാതെ അഭിഷേക് ശര്‍മ്മയുടെയും ശുഭ്മാന്‍ ഗില്ലിന്റെയും വിക്കറ്റുകള്‍ നഷ്ടമായതോടെ ഇന്ത്യ 5 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 40 എന്ന നിലയില്‍ ഒതുങ്ങി. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. യശസ്വി ജയ്സ്വാള്‍ (12), അഭിഷേക് ശര്‍മ (14), ശുഭ്മാന്‍ ഗില്‍ (13) എന്നിങ്ങനെയാണ് റണ്‍സുകള്‍. ഇന്നത്തെ മത്സരത്തില്‍ സഞ്ചു സാംസണിന് നാലാം നമ്പര്‍ സ്ഥാനത്തേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. തന്റെ രാജസ്ഥാന്‍ റോയല്‍സിലെ റിയാന്‍ പരാഗുമായി ചേര്‍ന്ന് 65 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 15-ാം ഓവറില്‍ കൂട്ടുകെട്ട് പൊളിഞ്ഞു. 18-ാം ഓവറിലാണ് സഞ്ജു പുറത്താവുന്നത്.
https://www.facebook.com/Malayalivartha