വനിത ഏഷ്യാ കപ്പില്‍ നേപ്പാളിനെയും വീഴ്ത്തി തുടര്‍ച്ചയായ മൂന്നാം ജയം ആഘോഷിച്ച് ഇന്ത്യ....
വനിത ഏഷ്യാ കപ്പില്‍ നേപ്പാളിനെയും വീഴ്ത്തി തുടര്‍ച്ചയായ മൂന്നാം ജയം ആഘോഷിച്ച് ഇന്ത്യ. 82 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. 179 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ നേപ്പാളിന്റെ മറുപടി ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സിലൊതുങ്ങി.
ആദ്യ മത്സരത്തില്‍ പാകിസ്താനെ ഏഴ് വിക്കറ്റിനും രണ്ടാം മത്സരത്തില്‍ യു.എ.ഇയെ 78 റണ്‍സിനും വീഴ്ത്തിയ ഇന്ത്യന്‍ വനിതകള്‍ നേരത്തെ സെമിഫൈനല്‍ ഉറപ്പാക്കിയിട്ടുണ്ടായിരുന്നു. വലിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ നേപ്പാള്‍ നിരയില്‍ ആര്‍ക്കും തിളങ്ങാനായില്ല.
18 റണ്‍സെടുത്ത സീത റാണ മഗറാണ് ടോപ് സ്‌കോറര്‍. ഇവര്‍ക്ക് പുറമെ ക്യാപ്റ്റന്‍ ഇന്ദു ബര്‍മ (14), റുബീന ഛേത്രി (15), ബിന്ദു റാവല്‍ (17 നോട്ടൗട്ട്) എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാന്‍ കഴിഞ്ഞത്. ഇന്ത്യക്കായി ദീപ്തി ശര്‍മ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അരുന്ധതി റെഡ്ഡി, രാധ യാദവ് എന്നിവര്‍ രണ്ട് വീതവും രേണുക സിങ് ഒന്നും വിക്കറ്റ് നേടി.ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ഓപണര്‍ ഷഫാലി വര്‍മയുടെ വെടിക്കെട്ട് അര്‍ധസെഞ്ച്വറിയുടെ മികവില്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ് അടിച്ചെടുത്തത്.
ഇന്ത്യക്കായി ഷഫാലി വര്‍മ-ഹേമലത ഓപണിങ് കൂട്ടുകെട്ട് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയിട്ടുള്ളത്. മലയാളി താരം സജന സജീവന്‍ 12 പന്തില്‍ 10 റണ്‍സെടുത്ത് പുറത്തായി. അവസാന ഘട്ടത്തില്‍ ആഞ്ഞടിച്ച ജമീമ റോഡ്രിഗസ് (15 പന്തില്‍ പുറത്താകാതെ 28), റിച്ച ഘോഷ് (മൂന്ന് പന്തില്‍ പുറത്താകാതെ ആറ്) എന്നിവര്‍ ചേര്‍ന്നാണ് സ്‌കോര്‍ 175 കടത്തിയത്.
https://www.facebook.com/Malayalivartha