പരിശീലനത്തിൻ്റെ മറവിൽ ലൈംഗിക പീഡനം: കേരളാ ക്രിക്കറ്റ് അസോസിയേഷൻ കോച്ച് മനുവിനെതിരെ പോക്സോ കോടതി കേസെടുത്തു, കോച്ച് മനുവിനെ 28 ന് ഹാജരാക്കാൻ പോക്സോ കോടതി ഉത്തരവ്
ക്രിക്കറ്റ് പരിശീലനത്തിൻ്റെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) പരിശീലകന്‍ എം. മനുവിനെ 29 ന് ഹാജരാക്കാൻ പോക്സോ കോടതി ഉത്തരവിട്ടു. ശ്രീവരാഹം വരാഹനഗർ പനോട്ട് മുടുമ്പിൽ വീട്ടിൽ എം.മനുവിനെയാണ് ഹാജരാക്കേണ്ടത്. തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി എം.പി. ഷിബു ആണ് പ്രതിയായ കെസിഎ കോച്ചിനെ ഹാജരാക്കാൻ ഉത്തരവിട്ടത്. 2017-18 കാലയളവിൽ പീഡിപ്പിച്ചുവെന്ന് കാട്ടിയുള്ള 6 പെൺകുട്ടികളുടെ പീഡന പരാതികളിൽ മനുവിനെതിരെ 6 പോക്സോ കേസുകളാണ് 2024 ൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒരു പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്തതോടെയാണ് മറ്റു പെൺകുട്ടികളും പരാതിയുമായി രംഗത്തെത്തിയത്. പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 ( ബലാൽസംഗം), 354 ( സ്ത്രീയുടെ മാനത്തെ അധിക്ഷേപിക്കണമെന്ന ഉദ്ദേശ്യത്തോടെയുള്ള ബല പ്രയോഗവും കൈയ്യേറ്റങ്ങളും ചെയ്യൽ) , 354 ( എ ) ( ലൈംഗിക ഉദ്ദേശ്യത്തോടെയുള്ള സ്പർശനങ്ങളും മുന്നേറ്റങ്ങളോടും കൂടിയുള്ള ലൈംഗിക പീഡനം) , 354 (സി) (ശുചി മുറിയിലും മറ്റും ഒളിഞ്ഞു നോക്കി രസിക്കലും സമ്മതമില്ലാതെ ഫോട്ടോ എടുക്കലും) , 201( തെളിവു നശിപ്പിക്കലും കുറ്റക്കാരനെ ശിക്ഷയിൽ നിന്ന് മറയ്ക്കാനായി കളവായ വിവരം നൽകുകയും ചെയ്യൽ) , പോക്സോ നിയമത്തിലെ വകുപ്പുകൾ ( മൈനർ പെൺകുട്ടികളെ വിവിധ രീതികളിൽ ലൈംഗിക അതിക്രമത്തിന് ഇരയാക്കൽ ), ഇൻഫർമേഷൻ ടെക്നോളജി നിയമത്തിലെ 66 (ഇ) ( വസ്ത്രം മാറുന്ന സമയം നഗ്നയായിരിക്കുമ്പോഴോ അടിവസ്ത്രം ധരിച്ചിരിക്കുമ്പോഴോ സ്വകാര്യത ലംഘിച്ചുകൊണ്ട് സമ്മതമില്ലാതെ സ്വകാര്യ ഭാഗങ്ങളുടെ ഫോട്ടോ എടുക്കുകയോ പ്രസിദ്ധീകരിക്കുകയോ അയക്കുകയോ ചെയ്യൽ) എന്നീ ഗുരുതരവും ഗൗരവമേറിയതുമായ കുറ്റങ്ങൾ പ്രകാരം സെഷൻസ് കേസെടുത്താണ് പ്രതിയെ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടത്.ആറു വര്‍ഷം മുന്‍പ് നടന്ന ആദ്യ പീഡനശ്രമക്കേസില്‍ ജൂണ്‍ 12 ന് ആണ് മനുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ മറ്റു പെണ്‍കുട്ടികളും ഇയാള്‍ക്കെതിരെ പരാതി നൽകി. ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ പതിനൊന്നുകാരിയെ വാഷ്‌റൂമില്‍ വച്ച് കടന്നുപിടിച്ചു ലൈംഗികാതിക്രമം നടത്തിയെന്നതാണ് ആദ്യത്തെ കേസ്. അറസ്റ്റിലായതോടെ മനുവിനെ പരിശീലക സ്ഥാനത്തുനിന്നും നീക്കി. 2017-18 കാലയളവില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് 6 കേസുകളാണു മനുവിനെതിരെ ചുമത്തിയിട്ടുള്ളത്. പെണ്‍കുട്ടികളുടെ മൊഴികളും സാഹചര്യത്തെളിവുകളും വച്ചാണ് കേസെടുത്തത്. ക്രിക്കറ്റ് സെലക്ഷനായി ബി.സി.സി.ഐ.ഐ.ക്ക് ശരീരഘടന വ്യക്തമാകുന്ന ചിത്രങ്ങൾ ആവശ്യമുണ്ടെന്ന് പറഞ്ഞാണ് ഇയാൾ വിദ്യാർത്ഥികളുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കിയത്. സെലക്ഷന് വേണ്ടി 'ബോഡി ഷേപ്പ്' അറിയണമെന്നായിരുന്നു ഇയാൾ പറഞ്ഞിരുന്നത്. നിരന്തരം ഇത്തരം നഗ്നചിത്രങ്ങൾ വാങ്ങി പ്രതി മൊബൈൽ ഫോണുകളിൽ സൂക്ഷിച്ചിരുന്നു. പ്രതി ഉപയോഗിച്ചിരുന്ന രണ്ട് മൊബൈൽ ഫോണുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മനുവിൻ്റെ ഫോണ്‍ കോടതി മുഖേന ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആറ്റിങ്ങലിലും തെങ്കാശിയിലും നടന്ന ടൂര്‍ണമെന്റുകള്‍ക്കിടയിലും പെണ്‍കുട്ടികളെ ഇയാള്‍ പീഡിപ്പിച്ചിരുന്നതായാണ് കേസ്. തെങ്കാശിയിൽ ക്രിക്കറ്റ് ടൂർണമെൻ്റിന് കൊണ്ടുപോയി അവിടെയുള്ള ഹോട്ടലിൽവച്ച് പീഡിപ്പിച്ചതായും നഗ്നചിത്രങ്ങൾ പകർത്തിയതായും വിദ്യാർത്ഥികൾ നൽകിയ മൊഴികളും പോലീസ് കുറ്റപത്രത്തിലുണ്ട്.പറയുന്നത് അനുസരിക്കാത്ത പെണ്‍കുട്ടികളെ പരിശീലനത്തില്‍ നിന്ന് പുറത്താക്കുകയും ടൂര്‍ണമെന്റുകളില്‍ പങ്കെടുപ്പിക്കാതെ ഒഴിവാക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് കോടതിയിൽ ഹാജരാക്കിയ കുറ്റപത്രത്തിലുണ്ട്. കെസിഎ ആസ്ഥാനത്തെ ജിമ്മിലും ശുചിമുറിയിലും വച്ചാണ് പെണ്‍കുട്ടികളുടെ ചിത്രങ്ങളെടുക്കുകയും ഉപദ്രവിക്കുകയും ചെയ്തതെന്നാണ് പരാതി.കേരള ക്രിക്കറ്റ് അസോസിയേഷൻ പരിശീലകൻ നിലവിൽ റിമാൻഡിലാണ്. പത്തുവർഷത്തോളമായി തിരുവനന്തപുരത്തെ ക്രിക്കറ്റ് പരിശീലകനാണ് പ്രതി. ഒന്നര വർഷം മുൻപ് ഇയാൾക്കെതിരെ ഒരു പെൺകുട്ടി പരാതി നൽകിയിരുന്നു. തുടർന്ന് പ്രതി അറസ്റ്റിലാവുകയും ഈ കേസിൽ പോലീസ് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. എന്നാൽ, പരാതിക്കാരി പിന്നീട് മൊഴിമാറ്റിയതോടെ മനു കേസിൽ കുറ്റവിമുക്തനായി. ഈ സംഭവത്തിന് ശേഷവും തിരുവനന്തപുരത്ത് ക്രിക്കറ്റ് അസോസിയേഷൻ്റെ പരിശീലകനായി ജോലിയിൽ തുടരുകയായിരുന്നു.
2024 ജൂൺ ആദ്യം കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച പിങ്ക് ക്രിക്കറ്റ് ടൂർണമെൻ്റിനിടെയാണ് മനുവിനെതിരേ പുതിയ പരാതി വന്നത്. പരിശീലനത്തിൻ്റെ മറവിൽ മനു ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പെൺകുട്ടിയുടെ പരാതി. ഇതിൽ പോലീസ് കേസെടുത്തതിന് പിന്നാലെ കൂടുതൽ പെൺകുട്ടികളുടെ പരാതിയുമായി രംഗത്തെത്തി. ഇതിനുപുറമേ നൈറ്റ് പ്രാക്ടീസിനിടെ ശരീരത്തിൽ മോശമായി സ്പർശിക്കുന്നതും പതിവാണെന്നും പരാതികളിൽ പറയുന്നു.
മനുവിനെതിരേ പരാതി നൽകിയ അധ്യാപകർക്ക് അസോസിയേഷൻ എല്ലാവിധ സഹായങ്ങളും നൽകുമെന്ന് തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി രജിത് രാജേന്ദ്രൻ പറഞ്ഞു. ആദ്യത്തെ കേസ് വന്നപ്പോൾ മറ്റു കുട്ടികളോടെല്ലാം അന്വേഷിച്ചിരുന്നു. അന്ന് കുട്ടികളെല്ലാം മനുവിന് അനുകൂലമായാണ് മൊഴിനൽകിയത്. തെങ്കാശിയിലെ ടൂർണമെൻ്റ് അസോസിയേഷൻ അറിഞ്ഞിട്ട് പോയതല്ല. കുട്ടികളുടെ ക്രിക്കറ്റ് ടൂർണമെൻ്റുകൾ പൊതുവെ കുറവായതിനാൽ കുട്ടികളും അവരുടെ രക്ഷിതാക്കളും കൊച്ചും ചേർന്ന് തീരുമാനമെടുത്താണ് തെങ്കാശിയിലേക്ക് പോയത്. പരിശീലനത്തിനെത്തുന്ന കുട്ടികളിൽ നിന്ന് അസോസിയേഷൻ ഫീസ് ഈടാക്കിയിട്ടില്ല. ഏപ്രിൽ മാസം പകുതിയോടെ മനു രാജിവച്ചിരുന്നതായും ഇതിനുശേഷമാണ് പുതിയ പരാതി വന്നതെന്നും അദ്ദേഹം പറഞ്ഞു.
"