പാകിസ്ഥാന് ചരിത്ര നേട്ടം.... ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഏകദിന പരമ്പര തൂത്തുവാരി
പാകിസ്ഥാന് ചരിത്ര നേട്ടം.... ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഏകദിന പരമ്പര തൂത്തുവാരി. ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പരയിലെ മുഴുവന്‍ മത്സരങ്ങളും വിജയിക്കുന്ന ആദ്യ ടീമെന്ന നേട്ടമാണ് പാകിസ്ഥാന്‍ സ്വന്തമാക്കിയത്.
ജൊഹന്നാസ്ബര്‍ഗിലെ വാണ്ടറേഴ്സ് സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ 36 റണ്‍സിനാണ് പാക് ടീം വിജയിച്ചത്. വിജയത്തോടെ ഏകദിന പരമ്പര 3-0 ന് പാകിസ്ഥാന്‍ സ്വന്തമാക്കുകയും ചെയ്തു. ആദ്യ മത്സരത്തില്‍ മൂന്ന് വിക്കറ്റിനും രണ്ടാം മത്സരത്തില്‍ 81 റണ്‍സിനുമായിരുന്നു പാകിസ്ഥാന്റെ ജയം. ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ രണ്ടാം ഏകദിനം പോലെ അവസാന മത്സരവും മഴ തടസപ്പെടുത്തിയിട്ടുണ്ടായിരുന്നു. പിന്നീട് 47 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ സയിം അയുബിന്റെ സെഞ്ച്വറി കരുത്തില്‍ 308 റണ്‍സാണ് പാകിസ്ഥാന്‍ അടിച്ചെടുത്തത്.
ബാബര്‍ അസമുമായി 115 റണ്‍സിന്റെ കൂട്ടുകെട്ട് സ്ഥാപിച്ച താരം ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാനുമായി ചേര്‍ന്ന് 93 റണ്‍സിന്റെ കൂട്ടുകെട്ടുമുണ്ടാക്കി. പരമ്പരയിലെ തന്റെ രണ്ടാമത്തെ സെഞ്ച്വറിയും നേടി.
ഐസിസി ചാമ്പ്യന്‍സ് ട്രോഫി വരാനിരിക്കെ എതിരാളികള്‍ക്ക് ശക്തമായ വെല്ലുവിളിയാണ് പാകിസ്ഥാന്‍ ഉയര്‍ത്തുന്നത്. ഓസ്ട്രേലിയയിലും സിംബാബ്വെയിലും ഇപ്പോള്‍ ദക്ഷിണാഫ്രിക്കയിലും മികച്ച വിജയമാണ് ടീം കരസ്ഥമാക്കിയത്.
https://www.facebook.com/Malayalivartha