വിഷമം സഹിക്കാനാകുന്നില്ല... ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത് ശര്‍മ്മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്; വളരെ മോശം ബാറ്റിംഗ് ഫോം തുടരുന്നതിനിടെ തീരുമാനം നിര്‍ണായകം
ഇന്ത്യന്‍ ക്രിക്കറ്റിന്റെ ആവേശമാണ് നായകന്‍ രോഹിത് ശര്‍മ്മ. എന്നാല്‍ അടുത്തിടെ വളരെ മോശം ഫോമിലാണ്. അതിനിടെ രോഹിത് ശര്‍മ്മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഓസീസ് പര്യടനത്തില്‍ വളരെ മോശം ബാറ്റിംഗ് ഫോം തുടരുന്നതിനിടെയാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി കൈവിടുകയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടാതെ വരികയും ചെയ്താല്‍ താരം വിരമിക്കുമെന്നാണ് വിവരം. അഭ്യൂഹങ്ങള്‍ക്ക് ശക്തിപകര്‍ന്ന് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ മെല്‍ബണില്‍ എത്തി. നാലാം ടെസ്റ്റിന് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ഭാവി സംബന്ധിച്ച് രോഹിത്തും അഗാര്‍ക്കറും തമ്മില്‍ ചര്‍ച്ച നടത്തുമെന്നാണ് വിവരം.
സെപ്റ്റംബറില്‍ ബംഗ്ലാദേശിനെതിരായ പരമ്പര മുതല്‍ ഒരേ ഒരു തവണ മാത്രമാണ് രോഹിത് അര്‍ദ്ധ സെഞ്ച്വറി നേടിയത്. ന്യൂസിലാന്‍ഡിനെതിരെ മൂന്ന് മത്സര ടെസ്റ്റ് പരമ്പര കൈവിട്ട ഇന്ത്യ ഓസ്ട്രേലിയയിലും മോശം പ്രകടനം തുടരുകയാണ്. അതേസമയം, ഭാര്യയുടെ പ്രസവത്തെ തുടര്‍ന്ന് രോഹിത് വിട്ടു നില്‍ക്കുകയും ബുംറ ടീമിനെ നയിക്കുകയും ചെയ്ത മത്സരത്തില്‍ ഇന്ത്യ വിജയിക്കുകയും ചെയ്തിരുന്നു.
ഓസ്ട്രേലിയയില്‍ എത്തി രണ്ടാം ടെസ്റ്റ് മുതല്‍ രോഹിത് കളിക്കുന്നുണ്ട്. ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയ കെഎല്‍ രാഹുലിന് വേണ്ടി താരം ഓപ്പണിംഗ് സ്ലോട്ട് വിട്ടുകൊടുക്കുകയും ചെയ്തു. എന്നാല്‍ രാഹുല്‍ -യശ്വസ്വി സഖ്യം ക്ലിക്കാകാതെ വന്നതോടെ രോഹിത് ഓപ്പണറായി മടങ്ങിയെത്തി. എന്നാല്‍ നാല് ഇന്നിംഗ്സുകളില്‍ നിന്ന് വെറും 22 റണ്‍സ് മാത്രമാണ് ക്യാപ്റ്റന് നേടാനായത്. ഏകദിന ക്രിക്കറ്റിലും ടി20 ഫോര്‍മാറ്റിലും തകര്‍ത്തടിച്ച രോഹിത്തില്‍ നിന്ന് ടീം ഇതില്‍ കൂടുതല്‍ ടെസ്റ്റിലും പ്രതീക്ഷിക്കുന്നുണ്ട്.
ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍ രോഹിത്തിന് തിളങ്ങാന്‍ കഴിയാത്തതിനെ ഉള്‍പ്പെടെ മുന്‍ താരങ്ങള്‍ വിമര്‍ശിക്കുന്നുണ്ട്. രോഹിത്ത് മെല്‍ബണ്‍ ടെസ്റ്റില്‍ മോശം പന്തില്‍ പുറത്തായ രീതി അദ്ദേഹത്തിന് റിഫ്ളെക്സ് പ്രശ്നങ്ങളുണ്ടെന്നതിന്റെ തെളിവാണെന്നാണ് മുന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍ പറയുന്നത്. രോഹിത്തിന്റെ ഫൂട്ട്വര്‍ക്കിലെ പിഴവുകളും ഗവാസ്‌കര്‍ എടുത്തുപറഞ്ഞിരുന്നു. കഴിഞ്ഞ എട്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 155 റണ്‍സ് മാത്രമാണ് രോഹിത്തിന് നേടാനായിരിക്കുന്നത്. വെറും 11.07 ആയിരുന്നു ശരാശരി.
ഓപ്പണറായും മദ്ധ്യനിരയിലേക്കിറങ്ങിയുമെല്ലാം ശ്രമിച്ചിട്ടും താളം കണ്ടെത്താന്‍ രോഹിതിന് കഴിഞ്ഞിട്ടില്ല. ആത്മവിശ്വാസം ചോര്‍ന്നുപോയ രോഹിതിനെയാണ് കളിക്കളത്തില്‍ കാണാന്‍ കഴിയുന്നതെന്നും ക്യാപ്റ്റനെന്ന നിലയിലും കൃത്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ താരത്തിന് കഴിയുന്നില്ലെന്നും മുന്‍ താരങ്ങളും ആരാധകരും വിമര്‍ശിക്കുന്നുണ്ട്. താരം വിരമിക്കണമെന്നും നായകസ്ഥാനം ബുംറയെ ഏല്‍പ്പിക്കണമെന്നും ആവശ്യം ശക്തമാണ്. ടി20 ക്രിക്കറ്റില്‍ നിന്ന് താരം നേരത്തെ തന്നെ വിരമിച്ചിരുന്നു.
ഇപ്പോള്‍ നടക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയന്‍ ടീം പരിതാപകരമായ കാണുന്ന ഏക ഇന്ത്യന്‍ താരമാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. നാളുകള്‍ ഏറെയായി ടീമില്‍ മോശമായ പ്രകടനമാണ് അദ്ദേഹം കാഴ്ച വെക്കുന്നത്. അഞ്ചാമനായി ഇറങ്ങിയപ്പോഴും ഓപണിംഗില്‍ ഇറങ്ങിയപ്പോഴും എല്ലാം താരം ഫ്‌ലോപ്പ് ആയിരുന്നു. ഇന്നത്തെ മത്സരത്തിലും അത് തന്നെ അദ്ദേഹം ആവര്‍ത്തിച്ചു.
അഞ്ച് പന്തില്‍ വെറും മൂന്നു റണ്‍സ് നേടി രോഹിത് വീണ്ടും ആരാധകര്‍ക്ക് നിരാശ സമ്മാനിച്ചു. ബാറ്റിംഗില്‍ മാത്രമല്ല ക്യാപ്റ്റന്‍സിയിലും അദ്ദേഹം ഫ്‌ലോപ്പായിരുന്നു. മൂന്നു ടെസ്റ്റുകളിലായി മോശമായ പ്രകടനം നടത്തുന്ന താരമായ മുഹമ്മദ് സിറാജിനെ വീണ്ടും പരീക്ഷിച്ച് ഓസ്ട്രേലിയക്ക് കാര്യങ്ങള്‍ എളുപ്പമാകുകയാണ് രോഹിത് ചെയ്യുന്നത്. 15 അംഗ സ്‌ക്വാഡില്‍ സിറാജിനെക്കാള്‍ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ കെല്പുള്ള താരങ്ങളെ എന്ത് കൊണ്ടാണ് അദ്ദേഹം പരീക്ഷിക്കാത്തത് എന്നാണ് ആരാധകര്‍ സമൂഹ മാധ്യമങ്ങളിലൂടെ ചോദിക്കുന്നത്.
മോശമായ ഫോമില്‍ തുടരുന്ന രോഹിത് ശര്‍മ്മയെ അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുപ്പിക്കരുത് എന്നാണ് ആരാധകരുടെ അഭിപ്രായം. ഈ വര്‍ഷം നടന്ന ഏകദിന മത്സരങ്ങളിലും അദ്ദേഹം മോശമായ പ്രകടനങ്ങള്‍ ആയിരുന്നു നടത്തിയിരുന്നത്. അതിനിടെയാണ് വിരമിക്കല്‍ വാര്‍ത്തകളും വരുന്നത്.
https://www.facebook.com/Malayalivartha