ഇതാവണം നിതീഷ്... സെഞ്ചുറിയുമായി നിതീഷ് കുമാര്‍ റെഡ്ഡി മുന്നില്‍ നിന്നു നയിച്ചപ്പോള്‍ മെല്‍ബണ്‍ ടെസ്റ്റിലെ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 369; കമ്മിന്‍സിന്റെ തന്ത്രം പൊളിച്ച് നിതീഷ്
രോഹിത് ശര്‍മ്മ ഉള്‍പ്പെടെയുള്ളവര്‍ കാഴ്ചക്കാര്‍ ആയപ്പോള്‍ നിതീഷ് കുമാര്‍ റെഡ്ഡി ഇന്ത്യയുടെ മാനം കാത്തു. സെഞ്ചുറിയുമായി നിതീഷ് കുമാര്‍ റെഡ്ഡി മുന്നില്‍ നിന്നു നയിച്ചപ്പോള്‍ മെല്‍ബണ്‍ ടെസ്റ്റിലെ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 369 റണ്‍സെടുത്തു. 105 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡാണ് ഇന്ത്യ വഴങ്ങിയത്. നാലാം ദിനം ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് 11 റണ്‍സ് കൂടിയേ കൂട്ടിച്ചേര്‍ക്കാനായുള്ളൂ.
189 പന്തില്‍ നിന്ന് ഒരു സിക്സും 11 ഫോറുമടക്കം 114 റണ്‍സെടുത്ത നിതീഷിനെ പുറത്താക്കി നേഥന്‍ ലയണാണ് ഇന്ത്യന്‍ ഇന്നിങ്സ് അവസാനിപ്പിച്ചത്. ലയണ്‍, പാറ്റ് കമ്മിന്‍സ്, സ്‌കോട്ട് ബോളണ്ട് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് ഓപ്പണര്‍ സാം കോണ്‍സ്റ്റാസിനെ (8) നഷ്ടമായി. ജസ്പ്രീത് ബുംറ താരത്തെ ബൗള്‍ഡാക്കുകയായിരുന്നു. ഉസ്മാന്‍ ഖവാജയും മാര്‍നസ് ലബുഷെയ്നുമാണ് ക്രീസില്‍. ഒരു വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സെന്ന നിലയിലാണ് ആതിഥേയര്‍. അവര്‍ക്കിപ്പോള്‍ 141 റണ്‍സ് ലീഡായി.
ക്രിക്കറ്റില്‍ ആഷസ് പരമ്പരയാണ് യുദ്ധസമാനമായിരുന്നത്. ഇന്ത്യ - പാകിസ്താന്‍ പോരാട്ടങ്ങള്‍ ആരാധകരുടെ മനസില്‍ യുദ്ധം തന്നെയായിരുന്നു. ഇപ്പോള്‍ ആഷസിനൊപ്പമോ അതിനു മുകളിലോ ആണ് ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടുന്ന ബോര്‍ഡര്‍- ഗാവസ്‌ക്കര്‍ പരമ്പര. ഓസീസ് മണ്ണില്‍ നടന്ന 2018-ലെയും 2020-ലെയും പരമ്പരകള്‍ ഇന്ത്യ സ്വന്തമാക്കിയതോടെ ഈ പരമ്പരയുടെ ജനപ്രീതി പതിന്മടങ്ങായി. പോരാട്ടത്തിന്റെ എല്ലാ ചേരുവകളും അടങ്ങുന്നതായിരുന്നു പരമ്പരയിലെ കഴിഞ്ഞ മൂന്ന് ടെസ്റ്റുകളും. നാലാം ടെസ്റ്റിലും ആ പതിവ് തുടരുന്നു.
അതില്‍ തന്റെ കരിയറിലെ ആദ്യ ടെസ്റ്റ് പരമ്പര കളിക്കുന്ന ഒരു 21-കാരന്‍ പയ്യന്‍ ഓസീസ് ടീമിനെയും ക്രിക്കറ്റ് ലോകത്തെയും ഒന്നാതെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്, നിതീഷ് കുമാര്‍ റെഡ്ഡിയെന്ന ആന്ധ്രക്കാരന്‍. മെല്‍ബണില്‍ ക്രിസ്മസ് പിറ്റേന്ന് (ബോക്സിങ് ഡേ) ആരംഭിച്ച നാലാം ടെസ്റ്റിലെ മൂന്നാം ദിനത്തിലെ താരം നിതീഷായിരുന്നു. ആവശ്യവുമില്ലാതിരുന്ന ഒരു ഷോട്ട് കളിച്ച് പുറത്തായ ഋഷഭ് പന്തിനെ മൂന്നാം ദിനത്തില്‍ നാം കണ്ടു. സ്റ്റുപ്പിഡെന്ന് തുറന്നടിച്ചാണ് സുനില്‍ ഗാവസ്‌ക്കര്‍ പന്ത് മോശം ഷോട്ട് കളിച്ച് പുറത്തായതിലുള്ള അരിശം തീര്‍ത്തത്. സാഹചര്യം മനസിലാക്കാതെ വിക്കറ്റ് വലിച്ചെറിഞ്ഞ പന്തിനോടുള്ള ദേഷ്യം എന്നിട്ടും അടങ്ങിയിരുന്നില്ല ഗാവസ്‌ക്കര്‍ക്ക്. അത്തരമൊരു സാഹചര്യത്തിലാണ് നിതീഷിന്റെ ഇന്നിങ്സ് ശ്രദ്ധേയമാകുന്നത്.
പരമ്പരയില്‍ ഉടനീളം ബാറ്റുകൊണ്ട് സാമാന്യം ഭേദപ്പെട്ട പ്രകടനം തന്നെ നടത്തിയിട്ടുണ്ട് നിതീഷ്. പെര്‍ത്തില്‍ ഇന്ത്യ ജയിച്ച ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യയെ 150 റണ്‍സിലെത്തിച്ചത് എട്ടാമനായി ഇറങ്ങി 41 റണ്‍സെടുത്ത നിതീഷിന്റെ കന്നി ടെസ്റ്റ് ഇന്നിങ്സായിരുന്നു. രണ്ടാം ഇന്നിങ്സില്‍ അതിവേഗം 38 റണ്‍സടിച്ചുകൂട്ടിയും നിതീഷ് തിളങ്ങി. പിന്നാലെ അഡ്ലെയ്ഡില്‍ തോറ്റ രണ്ടാം ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിലും 42 റണ്‍സുമായി ടീമിന്റെ ടോപ് സ്‌കോററായത് നിതീഷ് തന്നെ. രണ്ടാം ഇന്നിങ്സിലും 42 റണ്‍സുമായി ടീമിന്റെ ടോപ് സ്‌കോററായെങ്കിലും അനിവാര്യമായ തോല്‍വി ഒഴിവാക്കാന്‍ സാധിച്ചില്ല. ഇതിനിടെ പ്രൈം മിനിസ്റ്റേഴ്സ് ഇലവനെതിരായ സന്നാഹ മത്സരത്തിലും 42 റണ്‍സെടുത്ത് ഭേദപ്പെട്ട പ്രകടനം നടത്തി.
മികച്ച പ്രകടനങ്ങളോടെ നീതീഷ് ടീമിലെ സ്ഥാനം ഉറപ്പിച്ചു. മെല്‍ബണില്‍ പക്ഷേ, മികച്ച തുടക്കം സെഞ്ചുറിയിലേക്കെത്തിക്കാന്‍ നിതീഷിനായി. എട്ടാം വിക്കറ്റില്‍ വാഷിങ്ടണ്‍ സുന്ദറിനെ കൂട്ടുപിടിച്ച് നിതീഷ് കൂട്ടിച്ചേര്‍ത്ത 127 റണ്‍സാണ് മൂന്നാം ദിനത്തില്‍ ഇന്ത്യയ്ക്ക് രക്ഷയായത്. ഒന്നാം ഇന്നിങ്സില്‍ 474 റണ്‍സെടുത്ത ഓസീസിനെതിരേ മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സെന്ന ഭേദപ്പെട്ട നിലയില്‍ ഇന്ത്യ നില്‍ക്കുന്നതിന് കാരണം ആ 21-കാരന്‍ കാഴ്ചവെച്ച പോരാട്ടവീര്യം ഒന്നുമാത്രമാണ്. 176 പന്തുകള്‍ നേരിട്ട് ഒരു സിക്സും 10 ഫോറുമടക്കം 105 റണ്‍സോടെ നിതീഷ് ക്രീസിലുണ്ട്.
സീം പൊസിഷനിങ്ങില്‍ നന്നായി ശ്രദ്ധിക്കുന്ന ബൗളര്‍മാര്‍ക്ക് ബാറ്റര്‍മാരെ വെള്ളംകുടിപ്പിക്കാന്‍ പറ്റുന്ന വിക്കറ്റുകളാണ് ഡിസംബര്‍ - ജനുവരി മാസങ്ങളില്‍ ഓസ്ട്രേലിയയിലേത്. പലപ്പോഴും മൂടിക്കെട്ടിയ അന്തരീക്ഷവും ഈര്‍പ്പത്തിന്റെ സാന്നിധ്യവും പേസര്‍മാര്‍ക്ക് ഒരധിക മുന്‍തൂക്കം കിട്ടുന്നതിന് കാരണമാകാറുണ്ട്. ബൗളറുടെ കൈയിലെ പന്തിനെ കൃത്യമായി നോക്കി ഇന്‍സ്വിങ്ങറും ഔട്ട്സ്വിങ്ങറും മനസിലാക്കി കളിക്കുന്ന ടെക്നിക്കലി ബ്രില്യന്റായ ബാറ്റര്‍മാര്‍ക്ക് പോലും അപ്രതീക്ഷിതമായ ബൗണ്‍സ് ജഡ്ജ് ചെയ്യാന്‍ സാധിക്കാത്ത സാഹചര്യം കൂടിയാണ് ഈ സമയം ഓസ്ട്രേലിയയിലേത്. കഴിഞ്ഞ ഐ.പി.എല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി തട്ടുപൊളിപ്പന്‍ ഇന്നിങ്സുകളും പിന്നാലെ ബംഗ്ലാദേശിനെതിരേ തകര്‍പ്പന്‍ ബാറ്റിങ്ങും കാഴ്ചവെച്ച നിതീഷ് നേരെ എത്തിപ്പെടുന്നത് ടെസ്റ്റില്‍ തനിക്ക് തീര്‍ത്തും അപരിചിതമായ സാഹചര്യത്തിലാണ്. അവിടെയാണ് വിജയം തീര്‍ത്തത്.
"
https://www.facebook.com/Malayalivartha