പാകിസ്ഥാനെ തകര്‍ത്ത് സെമി ഉറപ്പിച്ച് ഇന്ത്യ... വീണ്ടും സെഞ്ച്വറിയുമായി കോഹ്‌ലി

പാകിസ്ഥാനെ തകര്‍ത്ത് സെമി ഉറപ്പിച്ച് ഇന്ത്യ. ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ വിരാട് കോഹ്‌ലിയുടെ സെഞ്ചുറി കരുത്തിലാണ് ഈ നേട്ടം കൈവരിച്ചത്. ആദ്യം ബാറ്റ് ചെയ്ത് പാകിസ്ഥാന്‍ ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 42.3 ഓവറില്‍ മറികടക്കുകയായിരുന്നു. 51-ാം ഏകദിന സെഞ്ചുറി നേടിയ വിരാട് കോഹ്‌ലി 100 റണ്‍സുമായി പുറത്താകാതെ നിന്ന് പടനയിച്ചപ്പോള്‍ 56 റണ്‍സടിച്ച ശ്രേയസ് അയ്യരും 46 റണ്‍സടിച്ച ശുഭ്മാന്‍ ഗില്ലും ഇന്ത്യക്കായി തിളങ്ങി.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ 20 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ എട്ട് റണ്‍സെടുത്ത് മടങ്ങി. മൂന്ന് റണ്‍സുമായി അക്‌സര്‍ പട്ടേല്‍ കോഹ്‌ലിക്കൊപ്പം വിജയത്തില്‍ കൂട്ടായി. ജയത്തോടെ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി സെമി ഉറപ്പിച്ചപ്പോള്‍ പാകിസ്ഥാന്‍ സെമി കാണാതെ പുറത്താകുന്നതിന്റെ വക്കിലായി.
അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമെ പാകിസ്ഥാന് ഇനി സെമിയിലെത്താനാകു. സ്‌കോര്‍ പാകിസ്ഥാന്‍ 49.4 ഓവറില്‍ 241ന് ഓള്‍ ഔട്ട്, ഇന്ത്യ 42.3 ഓവറില്‍ 244-4.
അഞ്ചാം ഓവറിലായിരുന്നു രോഹിത്തിന്റെ മടക്കം. പിന്നീട് കാര്യങ്ങളെല്ലാം വിരാട് കോഹ്‌ലിയും ശുഭ്മാന്‍ ഗില്ലും ഏറ്റെടുത്തു. രണ്ടാ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് ഇന്ത്യയെ 17.3 ഓവറില്‍ 100 റണ്‍സിലെത്തിച്ചു.
അര്‍ധസെഞ്ചുറിക്ക് അരികെ ഗില്ലിനെ(46) ബൗള്‍ഡാക്കിയ അര്‍ബ്രാര്‍ അഹമ്മദ് പാകിസ്ഥാന് പ്രതീക്ഷ നല്‍കിയെങ്കിലും നാലാം നമ്പറിലെത്തിയ ശ്രേയസ് അയ്യര്‍ ആ പ്രതീക്ഷ തല്ലിക്കെടുത്തി. 62 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച കോഹ്‌ലിക്കൊപ്പം ശ്രേയസ് കട്ടക്ക് അടിച്ചു തകര്‍ത്തതോടെ ഇന്ത്യയുടെ സമ്മര്‍ദ്ദം ഒഴിവായി. മധ്യ ഓവറുകളില്‍ ഇന്ത്യക്ക് ഭീഷണി ഉയര്‍ത്താനായി പാക് സ്പിന്നര്‍മാര്‍ക്ക് കഴിഞ്ഞില്ല. സ്പിന്നര്‍മാര്‍ക്കെതിരെ സ്റ്റെപ്പ് ഔട്ട് ചെയ്ത് തകര്‍ത്തടിച്ച ശ്രേയസ് 63 പന്തില്‍ 21-ാം അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി.
നാലാം വിക്കറ്റില്‍ കോലിക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ഇന്ത്യയെ 200 കടത്തിയ ശ്രേയസിനെ(56) കുഷ്ദില്‍ ഷായും പിന്നീടെത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യയെ(8) ഷഹീന്‍ അഫ്രീദിയും പുറത്താക്കിയെങ്കിലും വൈകിപ്പോയിരുന്നു. പിന്നീട് കോലി സെഞ്ചുറിയിലെത്തുമോ എന്നതില്‍ മാത്രമായിരുന്നു ആരാധകര്‍ക്ക് ആശങ്കയുണ്ടായിരുന്നത് . 96ല്‍ നില്‍ക്കെ കുഷ്ദില്‍ ഷായെ കവര്‍ ഡ്രൈവിലൂടെ ബൗണ്ടറി കടത്തി കോഹ്‌ലി 51-ാം ഏകദിന സെഞ്ചുറിയും ഇന്ത്യന്‍ വിജയവും പൂര്‍ത്തിയാക്കി.
നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ 49.4 ഓവറില്‍ 241 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.62 റണ്‍സെടുത്ത സൗദ് ഷക്കീലാണ് പാകിസ്ഥാന്റെ ടോപ് സ്‌കോററായത്..
https://www.facebook.com/Malayalivartha