ചാംപ്യന്‍സ് ട്രോഫിയില്‍ നിര്‍ണായകമത്സരത്തില്‍ ബംഗ്ലാദേശിനെ വീഴ്ത്തി ന്യൂസിലന്‍ഡ്

ചാംപ്യന്‍സ് ട്രോഫിയില്‍ നിര്‍ണായകമത്സരത്തില്‍ ബംഗ്ലാദേശിനെ വീഴ്ത്തി ന്യൂസിലന്‍ഡ് 5 വിക്കറ്റ് ജയം നേടി. ബംഗ്ലാദേശ് ഉയര്‍ത്തിയ 237 റണ്‍സ് വിജയലക്ഷ്യം 46.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലന്‍ഡ് മറികടക്കുകയും ചെയ്തു. രചിന്‍ രവീന്ദ്രയുടെ സെഞ്ച്വറി കരുത്തിലാണ് കിവീസ് ജയം. ജയത്തോടെ ഗ്രൂപ്പ് എ യില്‍ നിന്ന് ഇന്ത്യക്കൊപ്പം ന്യൂസിലന്‍ഡും സെമിയിലെത്തുകയും ചെയ്തു.
മറുപടി ബാറ്റിങ്ങില്‍ ന്യൂസിലന്‍ഡിന് ആരംഭത്തില്‍ തന്നെ തിരിച്ചടിയേറ്റു. ആദ്യ ഓവറില്‍ ഹീറോ വില്‍യങ്ങിനെ നഷ്ടമായി. താരം ഡക്കായി പുറത്തുപോയതിന് പിന്നാലെ കെയിന്‍ വില്ല്യംസണും മടങ്ങി. അഞ്ച് റണ്‍സ് മാത്രമാണ് താരം നേടിയത്. അതോടെ കിവീസ് 15-2 എന്ന നിലയിലേക്ക് വീഴികയായിരുന്നു . എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ഡെവോണ്‍ കോണ്‍വേയും രചിന്‍ രവീന്ദ്രയും കിവീസിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ടീം സ്‌കോര്‍ 72-ല്‍ നില്‍ക്കേ കോണ്‍വേ(30) പുറത്തായി.
ടോം ലാഥവുമൊത്ത് സ്‌കോറങ് വേഗം കൂട്ടി രചിന്‍ മികച്ച ഇന്നിങ്സ് പുറത്തെടുത്തു. 105 പന്ത് നേരിട്ട് രചിന്‍ 112 റണ്‍സെടുത്ത് പുറത്തായെങ്കിലും ലാഥവും ഗ്ലെന്‍ ഫിലിപ്‌സും ടീമിനെ വിജയത്തിനടുത്തെത്തിച്ചു. 55 റണ്‍സില്‍ നില്‍ക്കേ ലാഥം റണ്ണൗട്ടായി. എന്നാല്‍ ഫിലിപ്‌സും ബ്രേസ്വെല്ലും ടീമിനെ വിജയത്തിലെത്തിച്ചു.
https://www.facebook.com/Malayalivartha