ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ കിരീടമുയര്‍ത്തി ഇന്ത്യ; ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 252 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49 ഓവറില്‍ ലക്ഷ്യം മറികടന്നു; സ്‌കോര്‍- ന്യൂസീലന്‍ഡ്: 251-7, ഇന്ത്യ: 254-6

ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ച് കിരീടമുയര്‍ത്തിയതിന്റെ അഭിമാനത്തിലാണ് ഇന്ത്യ. ടൂര്‍ണമെന്റില്‍ ഒരു കളി പോലും തോല്‍ക്കാതെ അജയ്യരായിട്ടാണ് ഇന്ത്യയുടെ കിരീട നേട്ടം. ഗ്രൂപ്പ് ഘട്ടത്തില്‍ ബംഗ്ലാദേശ്, പാകിസ്ഥാന്‍, ന്യൂസിലാന്‍ഡ് എന്നിവരെ തോല്‍പ്പിച്ച ഇന്ത്യ സെമിയില്‍ സാക്ഷാല്‍ ഓസ്ട്രേലിയയെ മറികടക്കുകയായിരുന്നു. ഫൈനലില്‍ ഇന്ത്യക്ക് ഈ ടൂര്‍ണമെന്റില്‍ വെല്ലുവിളി ഉയര്‍ത്താന്‍ എന്തെങ്കിലും സാദ്ധ്യതയുള്ള ന്യൂസിലാന്‍ഡിനെ തന്നെ കിട്ടിയതോടെ ഫൈനല്‍ ആവേശകരമാകുകയും ചെയ്തു.
ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 252 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49 ഓവറില്‍ ലക്ഷ്യം മറികടന്നു. ടൂര്‍ണമെന്റിലുടനീളം ഫോമില്ലായ്മയുടെ പേരില്‍ പഴികേട്ട രോഹിത് ശര്‍മയുടെ ഇന്നിങ്‌സാണ് ഫൈനലില്‍ ഇന്ത്യക്ക് തുണയും ധൈര്യവുമായത്. രോഹിത്താണ് മത്സരത്തിലെ താരം. നാലു മത്സരങ്ങളില്‍ 65.75 ശരാശരിയില്‍ 263 റണ്‍സ് നേടി ടോപ് സ്‌കോററായ രചിന്‍ രവീന്ദ്രയാണ് ടൂര്‍ണമെന്റിലെ താരം.സ്‌കോര്‍- ന്യൂസീലന്‍ഡ്: 251-7. ഇന്ത്യ: 254-6.
തുടക്കം മുതല്‍ മനോധൈര്യത്തോടെ നേരിട്ട രോഹിത്ത് 83 പന്തുകള്‍ നേരിട്ട് 76 റണ്‍സ് നേടി. 48 റണ്‍സ് നേടിയ ശ്രേയസ് അയ്യരും വിജയത്തില്‍ നിര്‍ണായകമായി. 49-ാം ഓവറിലെ അവസാന പന്തില്‍ രവീന്ദ്ര ജഡേജയുടെ ബാറ്റില്‍നിന്നുവന്ന ഫോറാണ് ചരിത്രജയത്തിലേക്ക് ഇന്ത്യയെ കൈപ്പിടിച്ചത്. കെ.എല്‍. രാഹുലും (34) ജഡേജയും (9) ആണ് ജയിക്കുമ്പോള്‍ ക്രീസില്‍.
2013ല്‍ ഇംഗ്ലണ്ടില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ കിരീടമുയര്‍ത്തിയ ശേഷം ഇതാദ്യമായിട്ടാണ് ഏകദിന ഫോര്‍മാറ്റില്‍ ഇന്ത്യക്ക് ഒരു കിരീടം സ്വന്തമാകുന്നത്. കപ്പുയര്‍ത്തിയതില്‍ ടീമിലെ ഓരോ താരങ്ങളുടേയും പ്രകടനം നിര്‍ണായകമായി. ജസ്പ്രീത് ബുംറയുടെ അഭാവത്തിലാണ് ഇന്ത്യ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തത് എന്നതും ശ്രദ്ധേയമാണ്. ദുബായിലെ വേഗത കുറഞ്ഞ പിച്ചില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ മികച്ച് നിന്നതും നിര്‍ണായകമായി.
പാകിസ്ഥാന്‍ ആതിഥേയരായ ടൂര്‍ണമെന്റില്‍ സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് അവിടേക്ക് പോകില്ലെന്ന നിലപാട് ഇന്ത്യ സ്വീകരിച്ചത്. ഇതോടെ ഹൈബ്രിഡ് മോഡലില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായില്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. എല്ലാ മത്സരങ്ങളും ദുബായില്‍ കളിച്ചത് ഇന്ത്യക്ക് അനുഗ്രഹമായി. എന്നാല്‍ വിമര്‍ശകര്‍ പറയുന്നത് പോലെ കിരീട നേട്ടത്തില്‍ ഒരിക്കലും അത് ഒരു ഘടകമേ ആയിരുന്നില്ല. ഇന്ത്യയുടെ ലോകോത്തര സ്പിന്നര്‍മാര്‍ അവസരത്തിന് ഒത്ത് ഉയര്‍ന്നതാണ് ഇന്ത്യക്ക് തുണയായി മാറിയത്. ഒരു കളിയില്‍ പോലും വ്യക്തിഗത മികവിലായിരുന്നില്ല ഇന്ത്യയുടെ ജയമെന്നതും ശ്രദ്ധേയമാണ്. ബാറ്റിംഗിലും ബൗളിംഗിലും ഒന്നിലധികം താരങ്ങള്‍ നിര്‍ണായക ഘട്ടത്തില്‍ ഇന്ത്യക്ക് വേണ്ടി തിളങ്ങി.
https://www.facebook.com/Malayalivartha