ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ മുംബൈ ഇന്ത്യന്‍സിന് അനായാസ വിജയം. ..

ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ മുംബൈ ഇന്ത്യന്‍സിന് അനായാസ വിജയം. ചെന്നൈ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മുംബൈ മറികടക്കുകയായിരുന്നു. രോഹിതും സൂര്യകുമാറും അര്‍ധസെഞ്ചുറി നേടി പുറത്താകാതെ നിന്നു.
ടൂര്‍ണമെന്റില്‍ ഇതുവരെ നിരാശപ്പെടുത്തുന്ന പ്രകടനം നടത്തിയ രോഹിത് ശര്‍മ്മ, വാംഖഡെയില്‍ തകര്‍ത്തടിച്ചതോടെ മുംബൈ സ്‌കോര്‍ കുതിച്ചുയര്‍ന്നു. സഹ ഓപ്പണര്‍ റിയാന്‍ റിക്കല്‍ട്ടണും അടിച്ചു കളിച്ചതോടെ, ആറ് ഓവറില്‍ സ്‌കോര്‍ 62 ലെത്തി. പിന്നാലെ 24 റണ്‍സെടുത്ത റിക്കല്‍ട്ടണ്‍ പുറത്തായി. തുടര്‍ന്ന് ഒത്തുചേര്‍ന്ന രോഹിത് സൂര്യ സഖ്യം ടീമിനെ അനായാസം വിജയത്തിലെത്തിക്കുകയും ചെയ്തു.
45 പന്തുകള്‍ നേരിട്ട രോഹിത് ശര്‍മ 76 റണ്‍സുമായി പുറത്താകാതെ നിന്നു. ആറു സിക്സുകളും നാലു ഫോറുകളുമാണ് രോഹിത് ബൗണ്ടറി കടത്തിയത്. സൂര്യകുമാര്‍ യാദവ് 30 പന്തില്‍ 68 റണ്‍സെടുത്തു.
26 പന്ത് ശേഷിക്കെയാണ് മുംബൈ വിജയതീരമണഞ്ഞത്. സീസണിലെ നാലാം ജയം സ്വന്തമാക്കിയ മുംബൈ എട്ടു പോയിന്റുമായി ആറാം സ്ഥാനത്താണ്. ആറാം തോല്‍വി വഴങ്ങിയ ചെന്നൈ പത്താം സ്ഥാനത്തും തുടരുന്നു. ആദ്യം ബാറ്റു ചെയ്ത ചെന്നൈ സൂപ്പര്‍ കിങ്സ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. മധ്യനിര താരങ്ങളായ ശിവം ദുബെയും രവീന്ദ്ര ജഡേജയും അര്‍ധ സെഞ്ചറി നേടി. 32 പന്തുകള്‍ നേരിട്ട ശിവം ദുബെ 50 റണ്‍സെടുത്തു പുറത്തായി. 35 പന്തുകളില്‍ നിന്ന് 53 റണ്‍സെടുത്ത രവീന്ദ്ര ജഡേജ പുറത്താകാതെ നിന്നു. ഐപിഎല്ലില്‍ അരങ്ങേറിയ കൗമാരതാരം ആയുഷ് മാത്രെ 15 പന്തില്‍ 32 റണ്‍സെടുക്കുകയും ചെയ്തു. \
https://www.facebook.com/Malayalivartha