ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ലിവര്‍പൂളിന്...

ലിവര്‍പൂളിന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം. നിര്‍ണായക മത്സരത്തില്‍ ടോട്ടനത്തെ 5-1 ന് തകര്‍ത്താണ് ചെമ്പട കിരീടം തിരിച്ചു പിടിച്ചത്.
ഇതോടെ, ലിവര്‍പൂള്‍ ഇംഗ്ലീഷ് ഫസ്റ്റ് ഡിവിഷന്‍ ലീഗില്‍ ഏറ്റവുമധികം കിരീടമെന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ (20) റെക്കോഡിനൊപ്പമെത്തി.
2020-ലാണ് ലിവര്‍പൂള്‍ അവസാനമായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചാംപ്യന്‍മാരായത്. നാലു കളികള്‍ ശേഷിക്കെയാണ് ലിവര്‍പൂള്‍ ചാംപ്യന്മാരാകുന്നത്. 34 കളികളില്‍ നിന്ന് ലിവര്‍പൂളിന് 25 ജയവും ഏഴു സമനിലയും രണ്ടു തോല്‍വിയുമായി 82 പോയിന്റാണുള്ളത്. രണ്ടാമതുള്ള ആഴ്സനലിന് 34 കളികളില്‍ 67 പോയിന്റുമുണ്ട്.
കളിയുടെ തുടക്കത്തില്‍ ഗോള്‍ നേടി ടോട്ടനം ലിവര്‍പൂളിനെ ഞെട്ടിച്ചു. ഡൊമനിക് സൊളാങ്കയാണ് 12-ാം മിനിറ്റില്‍ ടോട്ടനത്തെ മുന്നിലെത്തിച്ചത്. ഇതോടെ സടകുടഞ്ഞെഴുന്നേറ്റ ലിവര്‍പൂള്‍ പ്രത്യാക്രമണം അഴിച്ചു വിടുകയായിരുന്നു. നാലു മിനിറ്റിനകം ലൂയിസ് ഡയസിന്റെ ഗോളിലൂടെ (16ാം മിനിറ്റ്) ലിവര്‍പൂള്‍ സമനില നേടുകയും ചെയ്തു.
അലക്സിസ് മക്കാലിസ്റ്റര്‍ (24), കോഡി ഗാപ്കൊ (34), മുഹമ്മദ് സല (63) എന്നിവരാണ് ലിവര്‍പൂളിന്റെ മറ്റു സ്‌കോറര്‍മാര്‍. ടോട്ടനത്തിന്റെ ഡസ്റ്റിനി ഉദോഗി (69) സെല്‍ഫ് ഗോളും വഴങ്ങി. 28 ഗോളും 18 അസിസ്റ്റുമായി ലീഗിലെ ടോപ് സ്‌കോററായ ഈജിപ്ഷ്യന്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലയാണ് ലിവര്‍പൂള്‍ കുതിപ്പിന് ഊര്‍ജം പകര്‍ന്നത്.
"
https://www.facebook.com/Malayalivartha