ട്വന്റി 20 ലോകകപ്പിന് ഇന്നു തുടക്കമാകുന്നു : ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ ഇന്ന് ന്യൂസിലന്‍ഡിനെതിരേ
ഇന്ന് ആതിഥേയരായ ഇന്ത്യക്കെതിരേ ന്യൂസിലന്‍ഡാണ് ഉദ്ഘാടന മത്സരത്തില്‍ കളത്തിലിറങ്ങുന്നത്. പ്രഥമ ടി20 ലോകകപ്പ് ജേതാക്കളാണ് ഇന്ത്യ. അതേസമയം കിവീസിനാകട്ടെ ഒരു ലോകകിരീടം കിട്ടാക്കനിയും. രാത്രി ഏഴു മുതലാണ് മത്സരം ആരംഭിക്കുക. ദൂരദര്‍ശനിലും സ്റ്റാര്‍സ്‌പോര്‍ട്‌സ് ഒന്ന്, മൂന്ന് എന്നിവയിലും തത്സമയം.
ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളെ ഓര്‍ത്തായിരിക്കില്ല ന്യൂസിലന്‍ഡ് താരങ്ങള്‍ ഇന്നലെ ഉറക്കമൊഴിച്ചത്; മറിച്ച് നാഗ്പൂരിലെ വിദര്‍ഭാ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലെ പ്രവചനാതീതമായ പിച്ചിനെക്കുറിച്ചാകൂം.
അത്ര 'പേരുകേള്‍പ്പിച്ച' പിച്ചാണ് ഇത്. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന ടെസ്റ്റില്‍ പൊഴിഞ്ഞ 40 വിക്കറ്റുകളില്‍ 33 എണ്ണവും സ്പിന്നര്‍മാര്‍ വീഴ്ത്തിയതോടെ പിച്ചിന്റെ കുപ്രസിദ്ധി വര്‍ധിച്ചു. ഒടുവില്‍ ഐ.സി.സിയുടെതാക്കീത് പോലും ഏറ്റുവാങ്ങേണ്ടി വന്നു.
സ്വതവേ സ്പിന്നിനെ കളിക്കാന്‍ ഭയമുള്ള കിവീസിന് ഉറക്കം നഷ്ടമായതില്‍ അദ്ഭുതമില്ല. എന്നാല്‍ ഐ.സി.സിയുടെ 'വാള്‍' തലയ്ക്കുമീതേ തൂങ്ങുന്നതിനാല്‍ നാഗ്പ്പൂര്‍ ഇക്കുറി അത്രകണ്ട് കറങ്ങില്ലെന്നാണ് സൂചന. ട്വന്റി 20 ക്രിക്കറ്റിനായി ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചൊരുക്കാന്‍ ഐ.സി.സി. നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ ഇന്ന് ദൂസരയും തീസരയും ഗുഗ്ലിയുമെല്ലാം അതിര്‍ത്തികടക്കുമെന്നുറപ്പ്.
ഹോട്ട്‌ഫേവറൈറ്റുകളായാണ് ടീം ഇന്ത്യ സ്വന്തം മണ്ണില്‍ ലോകകപ്പ് കളിക്കാനിറങ്ങുന്നത്. സമീപകാലത്ത് ട്വന്റി 20 ക്രിക്കറ്റില്‍ ഇന്ത്യയോളം മികവ് പ്രകടിപ്പിച്ച മറ്റൊരു ടീമില്ല. ഈ വര്‍ഷം കളിച്ച 11 മത്സരങ്ങളില്‍ പത്തിലും ജയിച്ചു.
ടീമില്‍ മാച്ച് വിന്നര്‍മാരുടെ ഒരു പട തന്നെയുണ്ട്. ഓപ്പണര്‍മാരില്‍ തുടങ്ങി ഏഴാമനായി ഇറങ്ങുന്ന നായകന്‍ മഹേന്ദ്ര സിങ് ധോണി വരെ നീളുന്ന ആഴമുള്ള ബാറ്റിങ് നിര.
കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ ലഭിച്ച ഏറ്റവും മികച്ച ബൗളിങ് നിര. പവര്‍പ്ലേയില്‍ വിക്കറ്റെടുക്കുന്നത് ശീലമാക്കി ആശിഷ് നെഹ്‌റയും അവസാന ഓവറുകളില്‍ കൃത്യത അണുവിട തെറ്റിക്കാത്ത ജസ്പ്രീത് ബുംറയും അടങ്ങുന്ന പേസ് ബാറ്ററി. മധ്യ ഓവറുകളില്‍ റണ്‍നല്‍കുന്നതില്‍ പിശുക്കുള്ള രവീന്ദ്ര ജഡേജ. ഒപ്പം യുവതാരം ഹര്‍ദിക് പാണ്ഡ്യയും പരിചയസമ്പന്നനായ യുവ്രാജ് സിങ്ങും. ]
പ്രത്യേകം പരാമര്‍ശിക്കേണ്ട പേര് രവിചന്ദ്രന്‍ അശ്വിന്‍ എന്ന ഇന്ത്യയുടെ വിശ്വസ്തനായ സ്പിന്നറെ. ടി20യില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളര്‍. ഓപ്പണിങ് മുതല്‍ സ്ലോഗ് ഓവറില്‍ വരെ നായകന്‍ വിശ്വസിച്ചു പന്തേല്‍പ്പിക്കാവുന്ന ബൗളര്‍. സ്പിന്നിനെ തുണയ്ക്കുന്ന ഇന്ത്യന്‍ പിച്ചില്‍ അശ്വിന്റെ വിരല്‍ത്തുമ്പില്‍ നിന്നു കറങ്ങി വീഴുന്ന പന്തുകളാകും ഇന്ത്യയുടെ സ്വപ്‌നം പൂവണിയിക്കുക.
കഴിഞ്ഞ ഒന്നര ദശകത്തിനിടെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ ശൈലികള്‍ എല്ലാം പൊളിച്ചടുക്കിയ താരമാണ് കഴിഞ്ഞ ദിവസം വിരമിച്ച ന്യൂസിലന്‍ഡ് നായകന്‍ ബ്രണ്ടന്‍ മക്കല്ലം.
അടിച്ചു തകര്‍ക്കേണ്ട ട്വന്റി 20 ക്രിക്കറ്റില്‍ മക്കല്ലത്തെ പോലൊരു താരത്തിന്റെ അഭാവം തീരാനഷ്ടമാണ്. കന്നി ലോകകപ്പ് കിരീടം തേടുന്ന കിവീസിനെ സംബന്ധിച്ച് കനത്ത വെല്ലുവിളിയും. ട്വന്റി20യില്‍ അരങ്ങേറിയതു മുതല്‍ അവരുടെ മികച്ച ജയങ്ങള്‍ക്കെല്ലാം പിന്നില്‍ മക്കല്ലം എന്ന അമാനുഷികന്റെ കൈക്കരുത്തുണ്ടായിരുന്നു.
ഇക്കുറി ആരുടെ കരമാകും അവരുടെ രക്ഷയ്‌ക്കെത്തുകയെന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. യുവതാരം കോളിന്‍ മണ്‍റോയിലേക്കാണ് എല്ലാ കണ്ണുകളും.
ഈ വര്‍ഷമാദ്യം ശ്രീലങ്കയ്‌ക്കെതിരേ 14 പന്തില്‍ 50 റണ്‍സ് തികച്ച് ട്വന്റി 20 ചരിത്രത്തിലെ വേഗമേറിയ രണ്ടാമത്തെ അര്‍ധസെഞ്ചുറി തികച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന സന്നാഹ മത്സരത്തിലും അര്‍ധസെഞ്ചുറി നേടിയ മണ്‍റോ താന്‍ ഫോമിലാണെന്ന് ഇന്ത്യക്ക് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
മണ്‍റോയ്ക്ക് പുറമേ നായകന്‍ കെയ്ന്‍ വില്യംസണ്‍, ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്ടില്‍, മധ്യനിര താരം റോസ് ടെയ്‌ലര്‍ എന്നിവരും പന്തിനെ അതികഠിനമായി ആക്രമിക്കുന്നവരാണ്.
ഉദ്ഘാടന മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞൊന്നും ഇന്ത്യക്ക് ലക്ഷ്യമല്ല. ഇതിനായി കച്ചമുറുക്കുന്ന ധോണിയെയും സംഘത്തെയും ഇതുവരെ കിവീസിനെ തോല്‍പിക്കാനായിട്ടില്ലെന്ന ചരിത്രം നോക്കി പല്ലിളിക്കുന്നു.
ട്വന്റി 20യുടെ ചരിത്രത്തില്‍ ഇന്നുവരെ കിവീസ് ഇന്ത്യക്കു മുന്നില്‍ കീഴടങ്ങിയിട്ടില്ല. കിരീടം ചൂടിയ പ്രഥമ ടൂര്‍ണമെന്റില്‍ പോലും ഇന്ത്യ കിവീസിനോടു തോറ്റിരുന്നു. ഇരുവരും തമ്മില്‍ ഇതുവരെ അഞ്ചു തവണ ഏറ്റുമുട്ടിയപ്പോള്‍ നാലു തവണയും ജയം കിവീസിന് ഒപ്പം നിന്നു. ഒരു മത്സരം ഉപേക്ഷിക്കപ്പെട്ടു. വിക്കറ്റ് അടിസ്ഥാനത്തില്‍ അഞ്ചു വിക്കറ്റിനും റണ്‍സില്‍ 10 റണ്‍സിനും ജയിച്ചതാണ് അവരുടെ മികച്ച ജയങ്ങള്‍.
https://www.facebook.com/Malayalivartha