വിന്‍ഡീസിന് ഉജ്വല വിജയം, ഗെയ്‌ലിന് സെഞ്ച്വറി
തകര്‍ത്തടിച്ച് ക്രിസ് ഗെയ്ല്‍ നേടിയ സെഞ്ചുറിയുടെ മികവില്‍ മികവില്‍ ട്വന്റി20 ലോകകപ്പ് ഗ്രൂപ്പ് ഒന്നിലെ ആദ്യ മല്‍സരത്തില്‍ ഇംഗ്ലണ്ടിനെതിരെ വിന്‍ഡീസിന് തകര്‍പ്പന്‍ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങി ഇംഗ്ലണ്ട് ഉയര്‍ത്തിയ 182 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം 11 പന്ത് ബാക്കി നില്‍ക്കെ നാലു വിക്കറ്റ് നഷ്ടത്തില്‍ വിന്‍ഡീസ് മറികടന്നു. വിജയം ആറു വിക്കറ്റിന്. 48 പന്തില്‍ അഞ്ചു ബൗണ്ടറിയും 11 സിക്‌സും ഉള്‍പ്പെടുന്നതാണ് ഗെയ്‌ലിന്റെ ഇന്നിങ്‌സ്. ട്വന്റി20യിലെ വേഗമേറിയ മൂന്നാം സെഞ്ചുറിയാണിത്. കളിയിലെ കേമനും ഗെയില്‍ തന്നെ.
സ്‌കോര്‍: ഇംഗ്ലണ്ട് 20 ഓവറില്‍ ആറു വിക്കറ്റിന് 182, വെസ്റ്റ് ഇന്‍ഡീസ് 18.3 ഓവറില്‍ നാലിന് 181.
ഇംഗ്ലണ്ട് ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത വിന്‍ഡീസിന് ആദ്യ വിക്കറ്റ് നഷ്ടമാകുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ രണ്ടു റണ്‍സ് മാത്രം. രണ്ട് പന്ത് തട്ടിമുട്ടി നിന്ന ജോണ്‍സന്‍ ചാള്‍സിനെ വില്ലി പുറത്താക്കി. തുടര്‍ന്നെത്തിയ സാമുവല്‍സും ഗെയിലും ചേര്‍ന്ന് വിന്‍ഡീസ് വിജയത്തിന് അടിത്തയറിയിട്ടു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത് 55 റണ്‍സ്. 27 പന്തില്‍ എട്ടു ബൗണ്ടറിയോടെ 37 റണ്‍സെടുത്ത സാമുവല്‍സിനെ റാഷിദ് മടക്കി.
പതുക്കെ തുടങ്ങിയ ഗെയ്ല്‍ പിന്നീട് കത്തിക്കയറുകയായിരുന്നു. മോയിന്‍ അലിയെ മൂന്നു തവണ നിലം തൊടാതെ അതിര്‍ത്തി കടത്തിയ ഗെയ്ല്‍ ടോപ് ഗിയറിലായി. ദിനേശ് രാംദിന്‍ (14 പന്തില്‍ 12), ഡ്വയിന്‍ ബ്രാവോ (നാലു പന്തില്‍ രണ്ട്) എന്നിവര്‍ ഇടയ്ക്ക് വന്നു പോയെങ്കിലും അതൊന്നും ഗെയ്‌ലിനെ ബാധിച്ചതേയില്ല. ഒടുവില്‍ ആന്ദ്രെ റസലിനെ സാക്ഷി നിര്‍ത്തി (16 പന്തില്‍ 16) തനിക്ക് അവകാശപ്പെട്ട സെഞ്ചുറി സ്വന്തമാക്കിയ ഗെയില്‍ പിന്നാലെ ടീമിന് വിജയവും സമ്മാനിച്ചു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്തു. 36 പന്തില്‍ 48 റണ്‍സെടുത്ത ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ജോസ് ബട്‌ലര്‍ 20 പന്തില്‍ 30 റണ്‍സെടുത്ത് പുറത്തായി. വിന്‍സീസിനായി ആന്ദ്രേ റസല്‍, ഡാരന്‍ ബ്രാവോ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
ഓപ്പണര്‍മാരായ അലക്‌സ് ഹെയ്ല്‍സും ജേസണ്‍ റോയിയും ചേര്‍ന്ന് മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് നല്‍കിയത്. 4.3 ഓവറില്‍ ഇരുവരും കൂട്ടിച്ചേര്‍ത്തത് 37 റണ്‍സ്. റോയിയെ റസല്‍ മടക്കിയതോടെ ക്രീസിലെത്തിയത് ജോ റൂട്ട്. മൂന്നു ബൗണ്ടറിയും രണ്ടു സിക്‌സുമുള്‍പ്പെടെ 36 പന്തില്‍ 48 റണ്‍സെടുത്ത റൂട്ടിനെയും റസല്‍ തന്നെ മടക്കി. അലക്‌സ് ഹെയ്ല്‍സ് (26 പന്തില്‍ 28), ജോസ് ബട്‌ലര്‍ (20 പന്തില്‍ 30), ഇയാന്‍ മോര്‍ഗന്‍ (14 പന്തില്‍ പുറത്താകാതെ 27), ബെന്‍ സ്‌റ്റോക്‌സ് (ഏഴു പന്തില്‍ 15), മോയിന്‍ അലി (രണ്ട് പന്തില്‍ ഏഴ്) എന്നിവരാണ് ഇംഗ്ലണ്ടിന്റെ സ്‌കോറര്‍മാര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha