ഹോ, അവിശ്വസനീയം ഇന്ത്യ!
എങ്ങനെ വിശേഷിപ്പിക്കണം ഈ കളിയെ! ഭാഗ്യം മാറിമറിഞ്ഞ കളിയില്‍ ഇന്ത്യ ജയിച്ചത് ഒറ്റ റണ്ണിന്. നിര്‍ണായക മല്‍സരത്തിലെ ജയത്തോടെ ഇന്ത്യ സെമിസാധ്യത സജീവമാക്കിയപ്പോള്‍ ബംഗ്ലദേശ് പുറത്തേക്കുള്ള വഴി കണ്ടു. സ്‌കോര്‍: ഇന്ത്യ 20 ഓവറില്‍ ഏഴിന് 146. ബംഗ്ലദേശ് 20 ഓവറില്‍ ഒന്‍പതിന് 145. അശ്വിനാണ് മാന്‍ ഓഫ് ദ് മാച്ച്. അവസാന ഓവറില്‍ നാലു വിക്കറ്റ് കയ്യിലിരിക്കെ ബംഗ്ലദേശിനു വേണ്ടിയിരുന്നത് 11 റണ്‍സ്.
ക്രീസില്‍ മഹ്മദുല്ലയും മുഷ്ഫിഖുറും. ധോണി പന്തേല്‍പിച്ചത് പാണ്ഡ്യയെ. ആദ്യ പന്തില്‍ സിംഗിള്‍. അടുത്ത രണ്ട് പന്ത് മുഷ്ഫിഖുര്‍ ബൗണ്ടറിയിലേക്കു പായിച്ചതോടെ ഇന്ത്യയുടെ നെഞ്ചിടിച്ചു. എന്നാല്‍ ഭാഗ്യം അവിടെ നിന്ന് ഇന്ത്യയുടെ ഭാഗത്തേക്കു ചാഞ്ഞു. ആദ്യം മുഷ്ഫിഖുര്‍ ധവാന്റെ കയ്യിലേക്ക്. അടുത്ത പന്തില്‍ മൊര്‍ത്താസ ജഡേജയുടെ കയ്യില്‍. അവസാന പന്തില്‍ ബംഗ്ലദേശിനു വേണ്ടത് രണ്ടു റണ്‍. പാണ്ഡ്യയുടെ പന്തില്‍ റണ്ണിനായി ഓടിയ മുസ്തഫിസുര്‍ റണ്‍ഔട്ട്. ഇന്ത്യയ്ക്കു ഒരു റണ്‍ ജയം.
ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ബംഗ്ലാ ക്യാപ്റ്റന്‍ മഷ്‌റഫേ മൊര്‍ത്തസയുടെ തീരുമാനം ശരിവയ്ക്കുന്നതായിരുന്നു ബോളര്‍മാരുടെ പ്രകടനം. സ്പിന്‍-പേസ് ബോളര്‍മാരെ മാറിമാറി പന്തേല്‍പ്പിച്ചും സാധാരണ റണ്ണൊഴുകാന്‍ സാധ്യതയുള്ളിടമെല്ലാം ഫീല്‍ഡര്‍മാരുടെ കോട്ട തീര്‍ത്തും നായകന്‍ ഇന്ത്യയെ ആദ്യാവസാനം പ്രതിരോധത്തിലാക്കി നിര്‍ത്തുന്നതില്‍ വിജയിച്ചു.
കഴിഞ്ഞ രണ്ട് കളികളിലും പരാജയപ്പെട്ട ഇന്ത്യന്‍ ഓപ്പണര്‍മാര്‍ കരുതലോടെ കളിച്ച് അടിത്തറയൊരുക്കാന്‍ ശ്രമിച്ചെങ്കിലും അഞ്ച് ഓവര്‍ വരയേ അതു നീണ്ടുള്ളൂ. അഞ്ചാം ഓവറില്‍ ഷക്കീബ് അല്‍ ഹസനു നല്‍കിയ റിട്ടേണ്‍ ക്യാച്ചില്‍ നിന്നു കഷ്ടിച്ചു രക്ഷപ്പെട്ട രോഹിത്(16 ബോളില്‍ 18) അടുത്ത ഓവറില്‍ മീഡിയം പേസര്‍ മുസ്താഫിസുര്‍ റഹ്മാനെ വമ്പനടിക്കു ശ്രമിച്ചു കീഴടങ്ങി.
ഇരു ഓപ്പണര്‍മാരും സിക്‌സര്‍ പറത്തിയ ആറാം ഓവറില്‍ വിക്കറ്റ് വീഴുമ്പോള്‍ ഇന്ത്യ 42 റണ്‍സ്. മൂന്ന് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ധവാനെ(22 ബോളില്‍ 23) ഷക്കീബ് അല്‍ ഹസന്‍ വിക്കറ്റിനു മുന്നില്‍ കുടുക്കി. കഴിഞ്ഞ രണ്ട് കളികളിലും ഡക്കായ സുരേഷ് റെയ്‌നയും കോഹ്‌ലിയും ചേര്‍ന്ന് ഇന്ത്യയെ കരുതലോടെ മുന്നോട്ടു നയിച്ചു. ഇതിനിടെ 11 റണ്‍സെടുത്തു നിന്ന കോഹ്‌ലി നല്‍കിയ അനായാസമായ റിട്ടേണ്‍ കാച്ച് അല്‍ അമീന്‍ ഹുസൈന്‍ കൈവിട്ടതും ഇന്ത്യക്ക് ആശ്വാസമായി. എന്നാല്‍ ഡ്രസിങ് റൂമില്‍ നിന്നുള്ള സന്ദേശത്തെ തുടര്‍ന്ന് ഷുവഗത്ത ഹോം എറിഞ്ഞ 14ാം ഓവറില്‍ വമ്പന്‍ അടി തുടങ്ങിയ കോഹ്ലിക്കു(24 ബോളില്‍ 24) പിഴച്ചു. ക്ലീന്‍ ബോള്‍ഡ്. സിക്‌സര്‍ പറത്തിയതിനു തൊട്ടടുത്ത ബോളിലായിരുന്നു ഗാലറികളെ നടുക്കി കോഹ്‌ലിയുടെ പുറത്താകല്‍.
15 ഓവറില്‍ മൂന്നിന് 112 ആയിരുന്നു ഇന്ത്യന്‍ സ്‌കോര്‍. ആവശ്യത്തിനു വിക്കറ്റ് കയ്യിലുള്ളപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 170 റണ്‍സിലേക്കെങ്കിലും എത്തുമെന്നായിരുന്നു കണക്കുകൂട്ടല്‍. പക്ഷേ ബംഗ്ല ബോളിങ് കൂടുതല്‍ കര്‍ശനമായതോടെ ഇന്ത്യ വിറച്ചു പോയി. അല്‍ അമീന്‍ ഹൊസൈന്റെ 16-ാം ഓവറായിരുന്നു നിര്‍ണായകം.
ആദ്യ ബോളില്‍ തന്നെ റെയ്‌നയേയും (23 ബോളില്‍ 30) ഏഴ് ബോളില്‍ 15 റണ്‍സുമായി വെടിക്കെട്ട് തുടക്കം കുറിച്ച ഹാര്‍ദിക് പാണ്ഡ്യയേയും ആദ്യ രണ്ട് ബോളുകളില്‍ പുറത്തായി ഹൊസൈന്‍ ഇന്ത്യക്കു കനത്ത പ്രഹരമേല്‍പ്പിച്ചു. സ്‌ക്വയര്‍ ലെഗ് ബൗണ്ടറിയില്‍ സൗമ്യ സര്‍ക്കാറിന്റെ ഉജ്വലമായ ക്യാച്ചിലാണ് പാണ്ഡ്യ പുറക്കായത്. അവസാന അഞ്ച് ഓവറിനിടെ വീണത് ആറ് വിക്കറ്റുകള്‍. 30 ബോളുകളില്‍ നിന്നു നേടാനായത് 34 റണ്‍സ് മാത്രവും. ബംഗ്ലാ ബോളര്‍മാര്‍ ഇന്ത്യക്കു നല്‍കിയത് ഒരു വൈഡും രണ്ട് ലെഗ്‌ബൈയും അടക്കം മൂന്ന് എസ്‌ക്ട്രാ റണ്ണുകള്‍ മാത്രം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha