പാക്കിസ്ഥാന്‍ ലോകകപ്പില്‍ നിന്നു പുറത്തായി, പാക്കിസ്ഥാനെ ഓസ്‌ട്രേലിയ 21 റണ്‍സിന് തോല്‍പ്പിച്ചു
ട്വന്റി20 ലോകകപ്പില്‍ പാക്കിസ്ഥാനെ ഓസ്‌ട്രേലിയ 21 റണ്‍സിന് തോല്‍പ്പിച്ചു. ജയത്തോടെ ഓസീസ് സെമി സാധ്യത നിലനിര്‍ത്തുകയും പാക്കിസ്ഥാന്‍ ലോകകപ്പില്‍ നിന്നു പുറത്താവുകയും ചെയ്തു. 194 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റ് വീശിയ പാക്കിസ്ഥാന് നിശ്ചിത ഇരുപത് ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു. അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഫോക്‌നര്‍ ആണ് പാക്കിസ്ഥാന്‍ ബാറ്റിങ്ങ് നിരയെ വീഴ്ത്തിയത്. ജയത്തോടെ പോയിന്റ് പട്ടികയില്‍ ഓസ്‌ട്രേലിയ ഇന്ത്യയ്ക്ക് മുന്നിലെത്തി. സ്‌കോര്‍: ഓസ്‌ട്രേലിയ 193/4 (20 ഓവര്‍). പാക്കിസ്ഥാന്‍: 172/8 (20 ഓവര്‍).
പാക്കിസ്ഥാനായി ഷെര്‍ജീല്‍ ഖാന്‍ 19 പന്തില്‍ 30 റണ്‍സും ഖാലിദ് ലത്തീഫ് 41 പന്തില്‍ 46 റണ്‍സും ഉമര്‍ അക്മല്‍ 20 പന്തില്‍ 32 റണ്‍സുമെടുത്ത് പൊരുതി. എന്നാല്‍ പാക്കിസ്ഥാന് ജയിക്കാന്‍ അതുമതിയായിരുന്നില്ല. ക്യാപ്റ്റന്‍ ശാഹിദ് അഫ്രീദിക്ക് ഏഴ് പന്തില്‍ 14 റണ്‍സെടുക്കാനെ സാധിച്ചുള്ളു. മറുവശത്ത് ഫോക്‌നര്‍ ഓസീസിനായി അഞ്ചു വിക്കറ്റ് വീഴ്ത്തി. നാലോവറില്‍ 27 റണ്‍സ് വിട്ടുകൊടുത്താണ് ഫോക്‌നര്‍ അഞ്ചു വിക്കറ്റ് നേടിയത്. അവസാന ഓവറിലായിരുന്നു രണ്ടു വിക്കറ്റുകള്‍. സാംബ രണ്ടു വിക്കറ്റും ഹസ്!ലെവൂഡ് ഒരു വിക്കറ്റും വീഴ്ത്തി.
നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസിനായി സ്റ്റീവന്‍ സ്മിത്ത് അര്‍ധസെ!ഞ്ചുറി (61) നേടി. പുറത്താകാതെ 43 പന്തില്‍ നിന്നാണ് സ്മിത്തിന്റെ പ്രകടനം. രാജ്യാന്തര ക്രിക്കറ്റില്‍ നിന്നു വിരമിക്കാനൊരുങ്ങുന്ന ഷെയ്ന്‍ വാട്‌സന്‍ വെടിക്കെട്ട് ബാറ്റിങ്ങാണ് നടത്തിയത്. 21 പന്തില്‍ നിന്നും വാട്‌സണ്‍ പുറത്താകാതെ 44 റണ്‍സ് നേടി. മൂന്നു സിക്‌സും നാലു ഫോറും അടങ്ങിയതായിരുന്നു വാട്‌സന്റെ ബാറ്റിങ്ങ്.
ആശ്വാസ ജയം തേടിയിറങ്ങിയ പാക്കിസ്ഥാന് ഫീല്‍ഡില്‍ ആശ്വസിക്കാന്‍ ഒന്നും ഉണ്ടായിരുന്നില്ല. പാക്ക് ടീമിന്റെ മോശം ഫീല്‍ഡിങ്ങാണ് ഓസീസ് സ്‌കോര്‍ ഇത്രയും ഉയര്‍ത്തിയത്. ഒരു പക്ഷേ, ഈ പിഴവുകള്‍ ഫീല്‍ഡില്‍ കാണിച്ചില്ലായിരുന്നുവെങ്കില്‍ ജയം പാക്കിസ്ഥാനൊപ്പമായേനെ. ഓസീസിനായി മാക്‌സ്വെല്‍ 18 പന്തില്‍ 30 റണ്‍സ് നേടി.
പാക്കിസ്ഥാനായി ഇമാദ് വാസിമും വഹാബ് റിയാസും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. പാക്ക് ബോളര്‍മാരില്‍ ഏറ്റവും അടിവാങ്ങിയത് മുഹമ്മദ് സമിയാണ്. നാലോവറില്‍ 53 റണ്‍സാണ് അദ്ദേഹം വിട്ടു കൊടുത്തത്. ക്യാപ്റ്റന്‍ അഫ്രീദി നാലോവറില്‍ 27 റണ്‍സാണ് വിട്ടു കൊടുത്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha