ട്വന്റി 20 ലോകകപ്പിലെ രണ്ടാം സെമി പോരാട്ടത്തില്‍ ഇന്ന് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ നേരിടും
ട്വന്റി 20 ലോകകപ്പിലെ രണ്ടാം സെമി പോരാട്ടത്തില്‍ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ നേരിടും. തുടര്‍ച്ചയായ രണ്ടാം ഫൈനലാണ് ടീം ഇന്ത്യ ലക്ഷ്യമിടുന്നത്. മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് മത്സരം.
രണ്ടാം ട്വന്റി 20 ലോകകപ്പ് നേട്ടത്തിലേയ്ക്ക് ഇന്ത്യയ്ക്ക് ഇനി രണ്ട് ജയത്തിന്റെ ദൂരം മാത്രം. ആദ്യം പിന്നിടേണ്ടത് കരീബിയന്‍ കരുത്തിനെ. പിന്നെ കലാശപോരാട്ടം. വാങ്കഡെയില്‍ ടീം ഇന്ത്യയ്ക്ക് കടുത്ത വെല്ലുവിളിയാകും ക്രിസ് ഗെയ്ലും കൂട്ടരും ഉയര്‍ത്തുമെന്നാണ് കരുതപ്പെടുന്നത്. ബാറ്റിംഗില്‍ രോഹിത് ശര്‍മയും, ശിഖര്‍ ധവാനും, സുരേഷ് റെയ്‌നയും ഫോമിലാവാത്തത് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നുണ്ട്. എന്നാല്‍ വിരാട് കൊഹ്‌ലി അജയ്യനായി ക്രീസിലുണ്ടാകും എന്ന വിശ്വാസമാണ് ആരാധകരുടെ പ്രതീക്ഷ.
കൊഹ്‌ലിയ്ക്ക് വിജയപാത ഒരുക്കാന്‍ യുവരാജ് സിംഗ് ഒപ്പമുണ്ടാകുമോ എന്ന ആശങ്ക ഇപ്പോഴും ബാക്കിയാണ്. യുവി ഇറങ്ങിയില്ലെങ്കില്‍ മനീഷ് പാണ്ഡയോ, അജിങ്ക്യാ രഹാനെയോ ക്രീസിലെത്തും. ബൗളിംഗില്‍ അശ്വിനും, നെഹ്‌റയും ബൂംറയും മികവ് നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷ. ഓള്‍റൗണ്ട് മികവിന്റെ കരുത്തുമായാണ് കരീബിയന്‍ നിര ഇറങ്ങുന്നത്. എന്നാല്‍ ടീമിന്റെ സ്ഥിരതയില്ലായ്മ ഒരിക്കല്‍കൂടി തെളിയിക്കുന്നതാണ് സൂപ്പര്‍ ടെന്നില്‍ അഫ്ഗാനിസ്ഥാനോട് ഏറ്റുവാങ്ങിയ തോല്‍വി.
സ്പിന്നര്‍മാരായ സാമുവല്‍ ബദ്രിയേയും, സുലൈമാന്‍ ബെന്നിനേയും കേന്ദ്രീകരിച്ചാണ് വിന്‍ഡീസിന്റെ ബൗളിംഗ് നിര ഇതുവരെ മുന്നേറിയത്. എന്നാല്‍ വാങ്കഡെയിലെ ബാറ്റിംഗ് വിക്കറ്റില്‍ ഇത് പാളിയേക്കാം. ട്വന്റി 20 യിലെ ബാറ്റിംഗ് വിസ്മയം വിരാട് കൊഹ്‌ലിയോ, ക്രിസ് ഗെയ്‌ലോ. ഉത്തരം നാളെ വാങ്കഡെ നല്‍കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha