ട്വന്റി-20 : ഫൈനല്‍ ഇന്ന്; മുന്‍ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടും വെസ്റ്റിന്‍ഡീസും ഏറ്റുമുട്ടുന്നു
ലോകം ആകാംഷയോടെ കാത്തിരിക്കുന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്നു നടക്കും. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ വൈകിട്ട് ഏഴ് മുതല്‍ നടക്കുന്ന ഫൈനലില്‍ മുന്‍ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടും വെസ്റ്റിന്‍ഡീസുമാണ് ഏറ്റുമുട്ടുന്നത്. ഇന്ന് ആര് ജയിച്ചാലും അത് ചരിത്രമാകും. ട്വന്റി20 ലോകകപ്പില്‍ രണ്ടുവട്ടം കിരീടം നേടുന്ന ആദ്യ ടീമെന്ന റെക്കോഡാണ് ഇംഗ്ലണ്ടിനെയും വിന്‍ഡീസിനെയും കാത്തിരിക്കുന്നത്.
ഈഡന്‍ ഗാര്‍ഡന്‍സിലെ പിച്ച് പച്ചപ്പുള്ളതാണ്. ഈഡനിലേത് മികച്ച ക്രിക്കറ്റ് പിച്ചാണെന്ന് ഇംഗ്ലണ്ട് നായകന്‍ ഇയോന്‍ മോര്‍ഗാന്‍ സാക്ഷ്യപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്യുന്ന ടീം 200 നു മേല്‍ നേടാനാകും ശ്രമിക്കുക. ഈഡന്‍ ഗാര്‍ഡന്‍സ് പിന്തുടര്‍ന്നു ജയിക്കാന്‍ ഭാഗ്യമുള്ള ഗ്രൗണ്ടായതിനാല്‍ ആദ്യം ബാറ്റ് ചെയ്യുന്നവര്‍ പരമാവധി അടിച്ചു തകര്‍ക്കും. പിച്ച് പേസിനെ പിന്തുണച്ചാലും സ്പിന്നിനെ പിന്തുണച്ചാലും ഇരുവര്‍ക്കും തലവേദനയില്ല. രണ്ടു ടീമുകള്‍ക്കും വേണ്ടത്ര ബൗളര്‍മാരുണ്ട്.
കണക്കുകളില്‍ വിന്‍ഡീസിന് അല്‍പ്പം മൂന്‍തൂക്കമുണ്ട്. ഇംഗ്ലണ്ടിനെതിരേ ഇതുവരെ കളിച്ച രണ്ട് ഫൈനലുകളിലും (ഐ.സി.സിയുടെ) അവര്‍ക്കായിരുന്നു ജയം. പ്രഥമ ഏകദിന ലോകകപ്പിലും 2004 ലെ ചാമ്പ്യന്‍സ് ട്രോഫിയിലും. 1997 ലെ ഷാര്‍ജാ കപ്പിലും വിന്‍ഡീസ് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചു. ട്വന്റി20 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടും വിന്‍ഡീസും ആദ്യമായാണ് ഏറ്റുമുട്ടുന്നത്. വിന്‍ഡീസിന്റെ ഓള്‍റൗണ്ടര്‍ 50 വിക്കറ്റും 1000 റണ്ണും നേടുന്ന മൂന്നാമത്തെ താരമാകാനുള്ള തയാറെടുപ്പിലാണ്. പാകിസ്താന്റെ ഷാഹിദ് അഫ്രീഡിയും ബംഗ്ലാദേശിന്റെ ഷക്കീബ് അല്‍ ഹസനും മാത്രമുള്ള പട്ടികയില്‍ ഇടംപിടിക്കാന്‍ ബ്രാവോയ്ക്ക് നാല് വിക്കറ്റ് കൂടി മതി. ഇംഗ്ലണ്ടിന്റെ ജോ റൂട്ട് 195 റണ്ണുമായി ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ നാലാംസ്ഥാനത്തുണ്ട്. വിന്‍ഡീസ് നായകന്‍ ഡാരന്‍ സമിക്ക് കളിക്കാരനെന്ന നിലയില്‍ മോശം ലോകകപ്പാണിത്. ടൂര്‍ണമെന്റില്‍ ആകെ 11 പന്തുകള്‍ നേരിട്ട സമി ആകെ 12 പന്തുകളാണ് എറിഞ്ഞത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ സമി ഗോള്‍ഡന്‍ ഡക്കായി മടങ്ങിയെങ്കിലും വിന്‍ഡീസ് മത്സരം ജയിച്ചു.
അഫ്ഗാനിസ്ഥാന്‍ വിന്‍ഡീസിനെ അട്ടിമറിച്ച മത്സരത്തിലും സമിയുടെ ഗോള്‍ഡന്‍ ഡക്കായി നിരാശപ്പെടുത്തിയിരുന്നു. പക്ഷേ സഹതാരങ്ങളെ ഒത്തിണക്കത്തോടെ കളിപ്പിക്കുന്നതില്‍ സമിയുടെ കഴിവ് വേറിട്ടു കാണണം. വിന്‍ഡീസിനു വേണ്ടി സമി കളിക്കുന്ന അവസാന മത്സരമാണിതെന്നാണു കരുതുന്നത്. കിരീടം നേടിയാലും ഇല്ലെങ്കിലും സമി വൈകാതെ വിരമിക്കുമെന്നാണു സൂചന. ഇംഗ്ലണ്ട് നായകന്‍ മോര്‍ഗാനും രണ്ട് കളികളില്‍ ഗോള്‍ഡന്‍ ഡെക്കായി. ഇംഗ്ലണ്ട് ഈ വര്‍ഷം ഇതുവരെ ഏഴ് ട്വന്റി20 മത്സരങ്ങളില്‍ നാലില്‍ ജയിച്ചു. മൂന്നെണ്ണത്തില്‍ തോറ്റു. വിന്‍ഡീസ് ഈ വര്‍ഷം ഇതുവരെ അഞ്ച് ട്വന്റി20 കളിലായി നാല് ജയം സ്വന്തമാക്കി. ഒരു കളിയില്‍ തോറ്റു.
ടീം: ഇംഗ്ലണ്ട് ജാസണ്‍ റോയ്, അലക്‌സ് ഹാലസ്, ജോ റൂട്ട്, ഇയോന്‍ മോര്‍ഗാന്‍ (നായകന്‍), ജോസ് ബട്ട്‌ലര്‍, ബെന്‍ സ്‌റ്റോക്‌സ്, മൊയീന്‍ അലി, ക്രിസ് ജോര്‍ദാന്‍, ആദില്‍ റഷീദ്, ഡേവിഡ് വീലി, ലിയാം പ്ലങ്കറ്റ്.
ടീം: വെസ്റ്റിന്‍ഡീസ്: ക്രിസ് ഗെയ്ല്‍, ജോണ്‍സണ്‍ ചാള്‍സ്, ലെന്‍ഡല്‍ സിമ്മണ്‍സ്, മര്‍ലോണ്‍ സാമുവല്‍സ്, ദിനേഷ് രാംദീന്‍, ഡ്വെയ്ന്‍ ബ്രാവോ, ആന്ദ്രെ റസല്‍, ഡാരന്‍ സമി (നായകന്‍), കാര്‍ലോസ് ബ്രാത്‌വെയ്റ്റ്, സുലൈമാന്‍ ബെന്‍, സാമുവല്‍ ബദ്രി.
ഫേവറൈറ്റുകള്‍ എന്ന ഇമേജ് ലഭിക്കാത്തതിന്റെ കേട് ഇംഗ്ലണ്ടുകാര്‍ കഴിഞ്ഞ ദിവസം അറിഞ്ഞു. കൊല്‍ക്കത്തയിലെത്തിയ ഇംഗ്ലണ്ട് ടീമിനെ ആരാധക വൃന്ദം പൊതിഞ്ഞില്ല. തിരക്കില്ലാതെ അവര്‍ ഹോട്ടലിലേക്കും പരിശീലന സ്ഥലത്തേക്കും വന്നുംപോയുമിരുന്നു. വടക്കന്‍ കൊല്‍ക്കത്തയില്‍ നിര്‍മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്നുവീണ് 24 പേര്‍ മരിച്ച വാര്‍ത്തയിലായിരുന്നു നാട്ടുകാരുടെ കണ്ണ്. അവര്‍ക്ക് ഇംഗ്ലണ്ട് ടീമിനെ ശ്രദ്ധിക്കാനായില്ല. വിന്‍ഡീസ് ടീം ഇന്നലെ കൊല്‍ക്കത്തയില്‍ വന്നിറങ്ങിയപ്പോള്‍ സ്ഥിതിമാറി. വിമാനത്താവളത്തിലും ടീം താമസിക്കുന്ന ഹോട്ടലിനു മുന്നിലും ഗ്രൗണ്ടിനു മുന്നിലും ആരാധകര്‍ തിങ്ങിനിറഞ്ഞു.
ഇംഗ്ലണ്ട് 2010 ലാണ് ട്വന്റി20 ലോകകപ്പ് കിരീടം നേടിയത്. വെസ്റ്റിന്‍ഡീസ് 2012 ലാണ് ട്വന്റി20 ലോകകപ്പ് കിരീടത്തില്‍ ആദ്യമായി മുത്തമിട്ടത്. ഇംഗ്ലണ്ടിനെതിരേ നടന്ന ഗ്രൂപ്പ് മത്സരത്തില്‍ ക്രിസ് ഗെയ്‌ലിന്റെ വെടിക്കെട്ട് സെഞ്ചുറിയുടെ ബലത്തില്‍ വിന്‍ഡീസ് ജയിച്ചിരുന്നു.
ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ടീമുകളെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് ഒരു തോല്‍വി കൊണ്ട് ആരെയും എഴുതിത്തള്ളരുതെന്നു കാണിച്ചു. സെമി ഫൈനലില്‍ ന്യൂസിലന്‍ഡ് പടുത്തുയര്‍ത്തിയ 193 റണ്‍ പിന്തുടര്‍ന്നു നേടിയതോടെ ഇംഗ്ലണ്ടിനെ അംഗീകരിക്കാതെ വയ്യെന്നായി. ഈ വര്‍ഷം ഒരു ട്വന്റി20 പോലും കളിക്കാതെയാണ് വിന്‍ഡീസ് ലോകകപ്പിനെത്തിയത്. ട്വന്റി20 കളിച്ചുപരിചയമുള്ള സുനില്‍ നരേന്‍, കെയ്‌റോണ്‍ പൊള്ളാര്‍ഡ്, ഡാരന്‍ ബ്രാവോ എന്നിവരെ കൂടാതെയുമാണ് അവരെത്തിയത്. ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ഇന്ത്യ ടീമുകള്‍ വിന്‍ഡീസ് കരുത്തിന്റെ മുന്നില്‍ മുട്ടുമടക്കി.
ഇംഗ്ലണ്ടിന്റെ ഇടംകൈയന്‍ പേസര്‍ ഡേവിഡ് വീലിയും ക്രിസ് ഗെയ്‌ലും തമ്മിലുള്ള പോരാട്ടമായിരിക്കും ഫൈനലില്‍ ഏറ്റവും ആകര്‍ഷകം. ഇതുവരെ ഏഴ് വിക്കറ്റാണ് വീലി സ്വന്തമാക്കിയത്. ഓപ്പണിങ് ഓവറുകളിലാണ് വീലിയുടെ വിക്കറ്റ് നേട്ടങ്ങളെന്നത് അദ്ദേഹത്തെ ഏറ്റവും അപകടകാരിയാക്കും. നാല് ഇന്നിങ്‌സുകളിലായി 54.50 ശരാശരിയില്‍ 109 റണ്ണാണ് ഗെയ്‌ലിന്റെ ലോകകപ്പിലെ നേട്ടം. ഇംഗ്ലണ്ടിനെതിരേ നേടിയ 100 റണ്ണാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ടൂര്‍ണമെന്റില്‍ ബംഗ്ലാദേശിന്റെ തമീം ഇഖ്ബാലും (103) ഗെയ്‌ലും മാത്രമാണ് സെഞ്ചുറിയടിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha