അങ്ങനെ കൊച്ചി ഒരിക്കല്‍കൂടി ഇന്ത്യയുടെ ഭാഗ്യ ഗ്രൗണ്ടായി, ഇന്ത്യക്ക് ഉജ്ജ്വലവിജയം
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ ഇന്ത്യയ്ക്ക് 127 റണ്‍സിന്റെ വമ്പന്‍ ജയം. 286 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 36 ഓവറില്‍ 158 റണ്‍സിന് എല്ലാവരും പുറത്തായി. കെവിന്‍ പീറ്റേഴ്‌സണ്‍(42), ജോ റൂട്ട്(36) എന്നിവര്‍ക്ക് മാത്രമാണ് അല്പമെങ്കിലും പിടിച്ചുനില്‍ക്കാനായത്. ഇന്ത്യയ്ക്കുവേണ്ടി ഭൂവനേശ്വര്‍ കുമാര്‍, അശ്വിന്‍ എന്നിവര്‍ മൂന്നും ജഡേജ രണ്ട് വിക്കറ്റും വീഴ്ത്തി. ഷാമി അഹമ്മദ് ഒരു വിക്കറ്റ് നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ തുടക്കത്തിലെ തളര്‍ച്ചയ്ക്ക് ശേഷം ധോനിയുടെയും സുരേഷ് റെയ്‌നയുടെയും രവീന്ദ്ര ജഡേജയുടെയും ചിറകേറിയാണ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ധോനി 72ഉം രവീന്ദ്ര ജഡേജ പുറത്താകാതെ 61ഉം റണ്‍സെടുത്തു. സുരേഷ് റെയ്‌ന 55 റണ്‍സ് നേടി.
ഒന്‍പത് റണ്ണിന്റെ തോല്‍വി വഴങ്ങിയ രാജ്‌കോട്ട് ഏകദിനത്തില്‍ നിന്ന് ഒരു മാറ്റവുമായാണ് ഇന്ത്യ കൊച്ചിയില്‍ കളിച്ചത്. അശോക് ദിന്‍ഡയ്ക്ക് പകരം ഷമി അഹമ്മദാണ് കളിച്ചത്. ചേതേശ്വര്‍ പൂജാരയ്ക്ക് ഇക്കുറിയും ടീമില്‍ ഇടം ലഭിച്ചിട്ടില്ല. ഇംഗ്ലണ്ട് ടിം ബ്രെസ്‌നനു പകരം ക്രിസ് വോക്കെസിനെയാണ് കളിപ്പിച്ചത്.
https://www.facebook.com/Malayalivartha