ചെറിയൊരിടവേളയ്‌ക്ക് ശേഷം ഇന്ത്യയ്‌ക്ക് വീണ്ടും ഏകദിന പരമ്പര
ഇംഗ്ലണ്ടിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര മികച്ച ജയത്തോടെ ഇന്ത്യ സ്വന്തമാക്കി. മൊഹാലിയില്‍ നടന്ന നാലാം ഏകദിനത്തില്‍ അഞ്ചു വിക്കറ്റിന് ജയിച്ചാണ് ഇന്ത്യ പരമ്പര നേടിയത്. ഇപ്പോള്‍ അഞ്ചു ഏകദിനങ്ങളുള്ള പരമ്പരയില്‍ 3-1 എന്ന നിലയില്‍ മുന്നിലാണ് ഇന്ത്യ. അവസാന മത്സരം ജനവരി 27ന് ധര്‍മശാലയില്‍ നടക്കും. രാജ്‌കോട്ടില്‍ നടന്ന ഒന്നാം ഏകദിനത്തില്‍ ഒന്‍പത് റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങേണ്ടിവന്ന ഇന്ത്യ കൊച്ചിയില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ 127 റണ്‍സിന്റെയും റാഞ്ചിയില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ 171 റണ്‍സിന്റെയും ജയം സ്വന്തമാക്കിയാണ് ഇന്ത്യ തിരിച്ചുവന്നത്.
നാലാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് അമ്പതോവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സാണ് നേടിയത്. മറുപടിയായി ബാറ്റ് ചെയ്ത ഇന്ത്യ 15 പന്തു ശേഷിക്കെ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ആദ്യമായി ഓപ്പണറുടെ വേഷമണിഞ്ഞ രോഹിത് ശര്‍മയുടെയും (93 പന്തില്‍ 83 റണ്‍സ്) സുരേഷ് റെയ്‌നയുടെയും (79 പന്തില്‍ നിന്ന് പുറത്താകാതെ 89 റണ്‍സ്) കിടയറ്റ ബാറ്റിങ് പ്രകടനമാണ് ഇന്ത്യയ്ക്ക് ഉജ്വല ജയം സമ്മാനിച്ചത്. രവീന്ദ്ര ജഡേജ 27 പന്തില്‍ നിന്ന് 21 റണ്‍സെടുത്ത് റെയ്‌നയ്‌ക്കൊപ്പം പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനുവേണ്ടി ട്രെഡ്‌വെല്‍ രണ്ടു വിക്കറ്റും ഫിന്‍, ബ്രെസ്‌നന്‍, ഡേണ്‍ബാഷ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
https://www.facebook.com/Malayalivartha