ഇന്ത്യ കളി മറന്നു, ശ്രീലങ്കയ്‌ക്ക് ലോകകപ്പ്... ഏകദിനം കണക്കേ കളിച്ച ഇന്ത്യയ്‌ക്ക് റണ്‍ റേറ്റ് ഉയര്‍ത്താനായില്ല, കോഹ്‌ലി ഒഴികേ ആരും തിളങ്ങിയില്ല
ട്വന്റി 20 ലോകകപ്പ് കിരീടം ശ്രീലങ്കയ്ക്ക്. കലാശപോരാട്ടത്തില്‍ ഇന്ത്യയെ 6 വിക്കറ്റിന് തോല്‍പ്പിച്ചാണ് ലങ്ക ട്വന്റി 20 ക്രിക്കറ്റിലെ കന്നിക്കിരീടം സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 131 റണ്‍സ് വിജയലക്ഷ്യം ലങ്ക 17.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.
അര്‍ധസെഞ്ച്വറിയെടുത്ത കുമാര്‍ സങ്കക്കാരയാണ് ലങ്കന്‍ ബാറ്റിംഗ് നിരയില്‍ തിളങ്ങിയത്. ജയവര്‍ധനെ 24ഉം ദില്‍ഷന്‍ 18ഉം റണ്‍സെടുത്ത് പുറത്തായി.
നേരത്തെ അര്‍ധസെഞ്ച്വറി നേടിയ വിരാട് കോഹ്‌ലിയാണ് (75) ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. നിശ്ചിത ഇരുപത് ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 130 റണ്‍സെടുത്തു. അജിങ്കായ രഹാന3ഉം, രോഹിത് ശര്‍മ്മ 29ഉം, യുവരാജ് സിംഗ് 11ഉം റണ്‍സെടുത്ത് പുറത്തായി. ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. 4 റണ്‍സെടുത്ത മഹേന്ദ്ര സിംഗ് ധോണി പുറത്താകാതെ നിന്നു.
ശ്രീലങ്കന്‍ താരങ്ങളുടെ മികച്ച ഫീല്‍ഡിംഗാണ് ഇന്ത്യയെ വലിയ സ്‌കോറില്‍ നിന്നും അകറ്റിയത്. ബാറ്റിംഗ് തുടങ്ങി രണ്ടാമത്തെ ഓവറില്‍ ഇന്ത്യക്ക് ഓപ്പണര്‍ അജിങ്കായ രഹാനയെ നഷ്ടമായി. തുടര്‍ന്ന് ക്രീസിലെത്തിയ വിരാട് കോഹ്‌ലി രോഹിത് ശര്‍മ്മയുമായി ഇന്ത്യയുടെ സ്‌കോറിംഗ് വേഗത കൂട്ടി. ഹെരാത്തിന്റെ 6-ാമത്തെ ഓവറില്‍ കോഹ്‌ലിയുടെ ക്യാച്ച് മലിംഗ കൈവിട്ടത് ലങ്കയ്ക്ക് തിരിച്ചടിയായി. 43 പന്തില്‍ കോഹ് ലി അര്‍ധസെഞ്ച്വറി എടുത്തു. 58 പന്തില്‍ നിന്നും 5 ഫോറും 4 സിക്‌സും ഉള്‍പ്പെടെയാണ് കോഹ്‌ലി 75 റണ്‍സെടുത്തത്.
കോഹ്‌ലിയും രോഹിത്തും ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിക്കുന്നതിനിടെ പത്താമത്തെ ഓവറില്‍ രോഹിത്തിനെ സേനനായകയുടെ കൈകളില്‍ എത്തിച്ച് ഹെരാത്ത് ഇന്ത്യക്ക് തിരിച്ചടി നല്‍കി. 18-ാമത്തെ ഓവറില്‍ യുവരാജും മത്സരത്തിലെ അവസാന പന്തില്‍ കോഹ് ലിയും പുറത്തായി. അവസാന ഓവറുകളില്‍ കൂടുതല്‍ റണ്‍സ് കണ്ടെത്താന്‍ കഴിയാഞ്ഞത് ഇന്ത്യയുടെ സ്‌കോര്‍ 130ല്‍ ഒതുങ്ങാന്‍ കാരണമായി.
https://www.facebook.com/Malayalivartha