ദൈവം പകരക്കാരനായി അവതരിച്ചു... മരിയോ ഗോഡ്‌സെയുടെ ഗോളില്‍ ജര്‍മനി രാജാവായി
ദൈവം പകരക്കാരനായി അവതരിച്ച ആ സുന്ദര നിമിഷത്തില്‍ ജര്‍മ്മനിക്ക് രാജകീയ വിജയം. ലാറ്റിനമേരിക്കയുടെ കരുത്തുമായെത്തിയ മെസിയുടെ അര്‍ജന്റീനയെ കെട്ടുകെട്ടിച്ചാണ് ജര്‍മനി മാരക്കാനയില്‍ ചരിത്രവിജയം നേടിയത്. അധിക സമയത്തേക്കു നീണ്ട കളിയില്‍ ഒരു ഗോളിനു അര്‍ജന്റീനയെ കീഴടക്കിയാണ് ജര്‍മനി ലോക ചാമ്പ്യന്മാരായത്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നടന്ന ലോകകപ്പ് ആദ്യമായാണ് ഒരു യൂറോപ്യന്‍ രാജ്യം സ്വന്തമാക്കുന്നത്. കിരീടം നഷ്ടപ്പെട്ടെങ്കിലും ലയണല്‍ മെസി ലോകകപ്പിലെ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കി.
നിശ്ചിത സമയത്തിനുള്ളില്‍ ഗോള്‍ പിറക്കാത്തതിനാല്‍ അധിക സമയത്തിലേക്ക് നീണ്ടു. പകരക്കാരായിറങ്ങിയ ആന്ദ്രേ ഷൂറില്‍-മരിയോ ഗോഡ്‌സെ സഖ്യത്തിന്റെ മിന്നല്‍ നീക്കമാണ് മാരക്കാനയില്‍ ഫലം കണ്ടത്. നൂറ്റി പതിമൂന്നാം മിനിറ്റില്‍ മധ്യഭാഗത്തു നിന്നും പന്തുമായി അതിവേഗം ഇടതു വിംഗിലൂടെ കുതിച്ച ഷൂറിന്റെ ക്രോസ് അര്‍ജന്റീന ഗോള്‍ മുഖത്തേക്ക്. ഒപ്പമോടിയെത്തിയ മരിയോ ഗോഡ്‌സെ പന്ത് നെഞ്ചിലെടുത്ത് ഇടങ്കാല്‍കൊണ്ട് വിദഗ്‌ദ്ധമായി ഒരു തട്ട്. പന്ത് ഗോള്‍ പോസ്റ്റിന്റെ വലതു മൂലയില്‍ തുളഞ്ഞിറഞ്ഞി. അര്‍ജന്റീനയുടെ വിധി നിര്‍ണയിച്ച ഗോള്‍, 1990 ഫൈനലിന്റെ തനിയാവര്‍ത്തനം. മാറഡോണയുടെ കീഴില്‍ 1990 ലോകകപ്പ് ഫൈനലിലും അര്‍ജന്റീന ജര്‍മനിക്കു മുന്നില്‍ കീഴടങ്ങിയിരുന്നു.
വെള്ളയും ഇളംനീലയും ജഴ്‌സിയില്‍ നിന്നും വ്യത്യസ്‌തമായി കടും നീലയിലാണ് അര്‍ജന്റീന ഇറങ്ങിയത്. ടോണി ക്രൂസ് ബോക്‌സിനു പുറത്തുനിന്നും തൊടുത്ത ലോംഗ് റേഞ്ചര്‍ അര്‍ജന്റീന ഗോളി റൊമേരോ തട്ടിയകറ്റുന്നതു കണ്ടാണ് കളി തുടങ്ങിയത്. ഇരുപത്തിരണ്ടാം മിനിറ്റില്‍ ഗോണ്‍സാലൊ ഹിഗ്വിന് തുറന്ന അവസരം ലഭിച്ചെങ്കിലും ഫലം കണ്ടില്ല. ജര്‍മന്‍ ഗോളി ന്യൂവര്‍ മാത്രം മുന്നില്‍ നില്‍ക്കേ ഹിഗ്വിന്‍ തൊടുത്ത ഷോട്ട് പോസ്റ്റിന്റെ അടുത്തെങ്ങുമെത്തിയില്ല. മ്യൂളര്‍, ക്ലോസെ, ഓസില്‍ ത്രയത്തെ ബോക്‌സിനു പുറത്തുവച്ച് മസ്‌കരാനോയുടെ നേതൃത്വത്തില്‍ അര്‍ജന്റീന വരിഞ്ഞു മുറുക്കി. അതോടെ പതിവു ജര്‍മന്‍ ഇരച്ചുകയറ്റം ദുഷ്‌കരമായി.
മറുവശത്ത് മെസിയെ മുന്‍നിര്‍ത്തി അര്‍ജന്റീന ഗാലറികളില്‍ തിങ്ങിക്കൂടിയ ആരാധകരെ ആവേശത്തിലാക്കി. മുപ്പത്തിരണ്ടാം മിനിറ്റില്‍ പരിക്കേറ്റ ക്രിസ്റ്റഫര്‍ ക്രാമറെ പിന്‍വലിക്കാന്‍ ജോക്കിം ലോ നിര്‍ബന്ധിതനായി. പകരമിറങ്ങിയത് ആന്ദ്രേ ഷൂറിന്‍. ക്രൂസിന്റെ കോര്‍ണറില്‍ ഹൊലെഡ്‌സിന്റെ സുന്ദരന്‍ ഹെഡര്‍ പോസ്റ്റിലിടിച്ചു മടങ്ങി.
എസക്കിയേല്‍ ലാവേസിക്കു പകരം സെര്‍ജി അഗ്വെറോയെ കളത്തിലിറക്കിയാണ് സബെല്ല രണ്ടാം പകുതി തുടങ്ങിയത്. ആദ്യ മിനിറ്റില്‍ത്തന്നെ മെസിയുടെ ഇടങ്കാലന്‍ ഷോട്ട് ഗാലറിയെ ഇളക്കി. എന്നാല്‍, നേരിയ വ്യത്യാസത്തില്‍ പന്ത് പുറത്തേക്കു പാഞ്ഞു.
അമ്പത്തിയാറാം മിനിറ്റില്‍ മികച്ച ഒരു അവസരം അര്‍ജന്റീനയ്‌ക്ക്. സബലേറ്റ മുന്നേറിക്കൊടുത്ത പന്ത് കണക്‌ട് ചെയ്യാന്‍ ശ്രമിച്ച ഹിഗ്വയനെ മറികടന്ന് ഗോളി മാനുവല്‍ ന്യൂയര്‍ പന്ത് തട്ടിയകറ്റി. രണ്ടാംപകുതിയുടെ മധ്യത്തില്‍ മെസിയുടെ ഒറ്റയ്‌ക്കുള്ള മുന്നേറ്റങ്ങള്‍ കണ്ടു. ജര്‍മന്‍ പ്രതിരോധത്തെ മറികടന്നെങ്കിലും ലക്ഷ്യം മറികടക്കാന്‍ മെസിക്കായില്ല.
എഴുപത്തിയെട്ടാം മിനിറ്റില്‍ ഹിഗ്വിയനെ മാറ്റി റോഡ്രിഗോ പലോസിയെ അര്‍ജന്റീന ഇറക്കി. തൊട്ടുപിന്നാലെ പെരസിനു പകരം ഗാഗോയും ഇറങ്ങി. ജര്‍മനി അവസാനനിമിഷം ക്ലോസെയെ പിന്‍വലിച്ച് ഗോട്‌സെയെയും ഇറക്കി. അധികസമയത്തും ഇരു ടീമുകള്‍ക്കും അവസരങ്ങള്‍ക്കു കുറവുണ്ടായിരുന്നില്ല. അര്‍ജന്റീന 4-3-3 ശൈലിയിലും ജര്‍മനി ക്ലോസെയെ ഏക സ്‌ട്രൈക്കറാക്കി 4-2-3-1 ലൈനപ്പിലുമാണ് ഇറങ്ങിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha