ടീം ഇന്ത്യ കസറി... 24 വര്‍ഷത്തിന് ശേഷം ഇംഗ്ലണ്ടില്‍ ഇന്ത്യയ്‌ക്ക് പരമ്പര; ഇന്ത്യയെ ഏറ്റവും അധികം വിജയിപ്പിച്ച ക്യാപ്‌റ്റനെന്ന പദവി ഇനി ധോണിക്ക് സ്വന്തം
ബെര്‍മിംഗാഹാമില്‍ നടന്ന നാലാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം നേടി ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. 24 വര്‍ഷത്തിന് ശേഷമാണ് ഇംഗ്ലണ്ടില്‍ ഇന്ത്യ പരമ്പര നേടുന്നത്. അഞ്ച് മത്സരങ്ങളുള്ള പരമ്പര 3-0ത്തിനാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്. ജയത്തോടെ ഇന്ത്യയെ ഏറ്റവുമധികം ഏകദിന മത്സരങ്ങളില്‍ വിജയത്തിലെത്തിക്കുന്ന നായകനെന്ന റെക്കോര്‍ഡ് ധോണിക്ക് സ്വന്തമായി.
ഓപ്പണര്‍മാരായ അജിങ്ക്യ- രഹാനെയുടെയും ശിഖര്‍ധവാന്റെയും ബാറ്റിംഗ് മികവിലാണ് ഇന്ത്യയുടെ അനായാസ വിജയം. ഇംഗ്ലണ്ടിനെതിരെ 207 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 117 പന്ത് ബാക്കി നില്‍ക്കെ ലക്ഷ്യത്തിലെത്തി.
അജിങ്ക്യ രഹാനെയുടെ കന്നി ഏകദിന സെഞ്ച്വറിയാണ് ഇംഗ്ലണ്ടിനെതിരെ പിറന്നത്. 100 പന്ത് നേരിട്ട രഹാനെ 106 റണ്‍സെടുത്ത് പുറത്തായി. പത്ത് ബൗണ്ടറികളും 4 സിക്‌സറുകളും അടങ്ങുന്നതാണ് രഹാനെയുടെ ഇന്നിംഗ്‌സ്. ഓപ്പണിംഗില്‍ ധവാന്‍- രഹാനെ കൂട്ടുകെട്ട് 183 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ധവാന്‍ 97 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 81 പന്ത് നേരിട്ട ധവാന്‍ 11 ബൗണ്ടറികളും 4 സിക്‌സറുകളും പറത്തി.
നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു . ഇംഗ്ലണ്ടിന്റെ ഇന്നിംഗ്‌സ് 206 റണ്‍സിന് അവസാനിച്ചു. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷാമി 3 വിക്കറ്റും ഭുവനേശ്വര്‍ കുമാര്‍, ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി. മധ്യനിരയില്‍ മൊയിന്‍ അലി (67)യും ജോ റൂട്ടും(44) അവസരത്തിനൊത്ത് ഉയര്‍ന്നതോടെയാണ് ഇംഗ്ലണ്ട് 200 കടന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha