ബാഴ്‌സയ്‌ക്ക് നാണം കെട്ട തോല്‍വി: ചാമ്പ്യന്‍സ് ലീഗില്‍ ജര്‍മ്മന്‍ ഫൈനല്‍
ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയെ തോല്‍പ്പിച്ച് ബയണ്‍ മ്യൂണിക് ഫൈനലില്‍ കടന്നു. രണ്ടാം പാദ സെമിയില്‍ സ്‌പാനിഷ് വമ്പന്‍മാരായ ബാഴ്‌സയെ അവരുടെ തട്ടകത്തില്‍ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കാണ് ബയണ്‍ തോല്‍പ്പിച്ചത്. ഇരുപാദങ്ങളിലുമായി 7-0നാണ് ബാഴ്‌സയെ ബയേണ്‍ കെട്ടുകെട്ടിച്ചത്.
പരിക്കേറ്റ മെസിയില്ലാതെ ഇറങ്ങിയ ബാഴ്‌സ എതിരാളികള്‍ക്കു മുന്നില്‍ നിഷ്‌പ്രഭമാവുകയായിരുന്നു. 49ാം മിനിറ്റില്‍ ആര്യന്‍ റോബന്‍ ബയേണിന്റെ അക്കൗണ്ട് തുറന്നു. 72ാം മിനിറ്റില്‍ ജെറാര്‍ഡ് പിക്വെയുടെ സെല്‍ഫ് ഗോള്‍ ബാഴ്‌സയ്‌ക്കു കനത്ത തിരിച്ചടിയായി. നാലു മിനിറ്റിനുശേഷം തോമസ് മുള്ളര്‍ നേടിയ ഗോളിലൂടെ ബയേണ്‍ വിജയമുറപ്പിച്ചു. ആദ്യപാദത്തില്‍ 4-0നാണ് ബാഴ്‌സ തോല്‍വി വഴങ്ങിയത്.
ഫൈനലില്‍ ജര്‍മന്‍ ക്ലബായ ബൊറൂസിയ ഡോര്‍ട്ട്‌മുണ്ടാണ് ബയേണിന്റെ എതിരാളി. റയല്‍ മാഡ്രിഡിനെ തോല്‍പ്പിച്ചായിരുന്നു ബറൂസിയ ഫൈനലില്‍ എത്തിയത്. റയലിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പരിക്കായിരുന്നു റയലിന് തിരിച്ചടിയായത്. ഇതോടെ ആരു വിജയിച്ചാലും കിരീടം ജര്‍മനിയിലെത്തും. മേയ് 25ന് ലണ്ടനിലെ വെംബ്‌ളി സ്‌റ്റേഡിയത്തിലാണ് ഫൈനല്‍.
https://www.facebook.com/Malayalivartha