ലോകചാമ്പ്യന്‍മാര്‍ ചാമ്പലായി; കോണ്‍ഫെഡറേഷന്‍ കപ്പ് ബ്രസീലിന്
ലോക ചാമ്പ്യന്‍മാരെ തകര്‍ത്ത് ബ്രസീല്‍ കോണ്‍ഫെഡറേഷന്‍ കപ്പില്‍ മുത്തമിട്ടു. സ്‌പെയിനിനെ ഏകപക്ഷീയമായ മൂന്ന് ഗോളിന് പരാജയപ്പെടുത്തിയാണ് ബ്രസീല്‍ തുടര്‍ച്ചയായ മൂന്നാം തവണ കോണ്‍ഫെഡറേഷന്‍ കപ്പ് സ്വന്തമാക്കിയത്. ഫ്രഡ് രണ്ടു ഗോളും നെയ്‌മര്‍ ഒരു ഗോളും നേടി, കൂടാതെ നെയ്‌മര്‍ ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരവും നേടി. മാറക്കാനയില്‍ വിസില്‍ മുഴങ്ങി രണ്‌ടു മിനിറ്റിനകം സ്‌പെയിന്‍ ഞെട്ടി. കിക്കെടുത്തെയുടന്‍ വലത് വിംഗില്‍ ലഭിച്ച പന്ത് ഹള്‍ക്ക് മനോഹരമായി പെനാല്‍റ്റി ബോക്‌സിലേക്ക് നല്‍കി. ഗോള്‍ മുഖത്ത് കാത്തു നിന്ന നെയ്‌മര്‍, ഫ്രഡ് സഖ്യവും സ്‌പാനിഷ് ഗോളി കസിയസും ഡിഫന്റര്‍മാരും നടത്തിയ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ ഗോള്‍ വീണു. നിലത്ത് വീണുകിടന്ന ഫ്രഡ് അവസരം മുതലാക്കി പന്ത് വലയിലേക്ക് തട്ടി. സ്‌കോര്‍ 1-0. പിന്നീട് 42-ാം മിനിറ്റില്‍ ബ്രസീല്‍ വീണ്ടും വലകുലുക്കി. പെനാല്‍റ്റി ബോക്‌സിനുള്ളില്‍ വെച്ച് ഓസ്‌കര്‍ നല്‍കിയ പന്ത് മനോഹരമായ ഒരു ഇടങ്കാലന്‍ അടിയിലൂടെ നെയ്‌മര്‍ വലയിലെത്തിച്ചു. പകുതി സമയത്ത് ബ്രസീല്‍ ഇരട്ട ഗോളുകള്‍ക്ക് മുന്നില്‍. അതിനു ശേഷം 48-ാം മിനിറ്റില്‍ ഫ്രഡ് തന്റെ രണ്ടാം ഗോളും നേടി. ഓസ്‌കര്‍ നല്‍കിയ പന്ത് തന്ത്രപരമായി ഫ്രഡിന് വിട്ടുകൊടുത്തത് നെയ്‌മറാണ്. പന്ത് ലഭിച്ച ഫ്രഡിന് ഗോളി കസിയസിനെ മാത്രം മറികടന്നാല്‍ മതിയായിരുന്നു.
ലോകകപ്പിന് അതിഥേയത്വം വഹിക്കുന്ന ബ്രസീലിന് നിലവിലെ ലോകചാമ്പ്യന്‍മാരെ തരിപ്പണമാക്കി നേടിയ കോണ്‍ഫെഡറേഷന്‍ കപ്പ് വിജയം നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. ലോകോത്തര താരങ്ങളില്ലെങ്കിലും ബ്രസീലിയന്‍ യുവ നിര ശക്തമാണെന്ന് തെളിയിക്കാന്‍ അവര്‍ക്ക് ഈ വിജയത്തോടെ സാധിച്ചു.
https://www.facebook.com/Malayalivartha