മഞ്ഞയില്‍ കുളിച്ച് കൊച്ചി: മത്സരം അവിസ്മരണീയമാക്കാന്‍ കാണികളുടെ ഒഴുക്ക്
എപ്പോഴും തിരക്കേറിയ നഗരമാണ് കൊച്ചി. എവിടെ തിരഞ്ഞാലും പലയിടത്തേക്കായി പായുന്നവര്‍ എന്നാല്‍ ഇന്ന് കൊച്ചിയിലെ കണ്ണുകള്‍ എല്ലാം ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തെ ലക്ഷ്യമാക്കി നീങ്ങുകയാണ്. അവിടെ ഇന്ന് ഏഴു മണിക്കാണ് കൊച്ചിയിലെ പൂരത്തിന്റെ അരങ്ങേറ്റം. ഐഎസല്ലിന്റെ രണ്ടാം സീസണില്‍ കേരളത്തിന്റെ സ്വന്തം ബ്ലാസ്‌റ്റേഴ്‌സും നോര്‍ത്ത് ഈസ്റ്റും തമ്മില്‍ കൊമ്പുകോര്‍ക്കും.
പ്രതിരോധത്തിലെ വിള്ളലുകള്‍ പ്രത്യക്ഷപ്പെടരുതേയെന്ന പ്രാര്‍ത്ഥനയിലാണ് ബ്ലാസ്‌റ്റേഴ്‌സ് ഐ.എസ്.എല്‍. രണ്ടാം സീസണിലെ ആദ്യ അങ്കത്തിനിറങ്ങുന്നത്. പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയ മാര്‍ക്വീ താരം സ്‌പെയിനിന്റെ കാര്‍ലോസ് മര്‍ച്ചേനയുടെ അഭാവം പ്രതിരോധത്തില്‍ ആശങ്കയുണര്‍ത്തുന്നുണ്ടെന്ന് ഉറപ്പ്. കോച്ച് ടെയ്‌ലറുടെ ശരീരഭാഷയില്‍ അത് വ്യക്തമാണ്.
ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ അംഗമായ സന്ദേശ് ജിംഗാനും ആദ്യ മത്സരത്തില്‍ ഉണ്ടാകില്ലെന്ന് ഉറപ്പായതോടെ പ്രതിരോധത്തില്‍ \'പണി\' കിട്ടുമോയെന്ന പേടിയിലാണ് ബ്ലാസ്‌റ്റേഴ്‌സ്. പരിശീലന മത്സരത്തില്‍ മികവ് കാട്ടിയ ബ്രസീല്‍ താരം ബ്രൂണോ പെറോണും ഇംഗ്ലീഷ് താരം പീറ്റര്‍ റെമഗെയും അവസരത്തിനൊത്തുയരുമെന്ന കോച്ച് പീറ്റര്‍ ടെയ്‌ലറുടെ വാക്കുകളില്‍ വിശ്വസിച്ച് ആരാധകര്‍ക്ക് കാത്തിരിക്കാം. ഇന്ത്യന്‍ താരങ്ങളായ സൗമിക് ദേയും ഗുര്‍വീന്ദര്‍ സിങ്ങും ആദ്യ ഇലവനില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
പഴയ കാലത്തിന്റെ ഫുട്‌ബോള്‍ പെരുമ ഉണര്‍ത്തി ഐഎസ്എല്‍
വലിപ്പചെറുപ്പമില്ലാതെ തിളക്കുന്ന ഗ്യാലറികള്‍ കൊച്ചിക്ക് സ്വന്തം. ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്കു കാണികളുടെ പിന്തുണ വളരെ വലുതാണ്. അതു വീണ്ടും തിരിച്ചു പിടിക്കാനായതാണ് ഐഎസ്എല്ലിന്റെ ആദ്യത്തെ വിജയം. കാണികളുടെ പിന്തുണയില്‍ കളിക്കാനായാല്‍ ഒരു താരത്തിന്റെ ആത്മവിശ്വാസം പതിന്മടങ്ങു വര്‍ധിക്കുമെന്നു കളിക്കാരും പരിശീലകരും ഒരേസ്വരത്തില്‍ പറയുന്നു. കൂടുതല്‍ കുട്ടികള്‍ ഫുട്‌ബോള്‍ അക്കാദമികളിലേക്കെത്തിയതാണ് ഐഎസ്എല്‍ വരുത്തിയ ശ്രദ്ധേയമായ മാറ്റമെന്നു തേവര എസ്എച്ച് ഫുട്‌ബോള്‍ അക്കാദമി പരിശീലകന്‍ കെ. രവീന്ദ്രന്‍. കൂടാതെ സ്‌പോണ്‍സര്‍മാരും ഇപ്പോള്‍ ഫുട്‌ബോളിനെ കാര്യമായെടുക്കുന്നു. ടൂര്‍ണമെന്റുകള്‍ക്കു സ്‌പോണ്‍സര്‍മാരെ കിട്ടാതെ അലഞ്ഞ കാലത്തില്‍ നിന്നുള്ള മാറ്റം ഐഎസ്എല്ലിന്റെ സംഭാവനയാണെന്നു രവീന്ദ്രന്‍ പറയുന്നു.
ചെറിയ കുട്ടികള്‍ അടക്കം കാര്യമായി ഐഎസ്എല്‍ കാണുന്നുണ്ട്. ഓരോ കളിക്കാരെക്കുറിച്ചും ക്ലബുകളെക്കുറിച്ചും കുട്ടികള്‍ ചര്‍ച്ച ചെയ്യുന്നു. ശക്തിയും ദൗര്‍ബല്യവും വരെ വിശദമായി അവര്‍ക്കറിയാം. ഗ്രാസ് റൂട്ട് തലത്തില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ഐഎസ്എല്‍ എത്തിച്ചു. അക്കാദമികളിലേക്കു കുട്ടികളെ വിടാന്‍ മാതാപിതാക്കള്‍ക്കുണ്ടായിരുന്ന മടി മാറിയെന്നു ഫാക്ട് ഫുട്‌ബോള്‍ അക്കാദമി പരിശീലകന്‍ വാള്‍ട്ടര്‍ ആന്റണി പറയുന്നു. ഏതായാലും നഗരത്തിന് ഇന്ന് മഞ്ഞയുടെ ആഘോഷരാവാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha