വിശപ്പ് മറക്കാൻ കാൽപന്തിന് പിന്നാലെ ഓടിയ ബാല്യം! ആ പന്തിനൊപ്പം ലോകം ചുറ്റി ഫുട്‌ബോൾ ലോകത്തിന്റെ രാജാവായി മാറി; ബ്രസീലിന്റെ അഭിമാനമായി വളർന്ന് ജന്മനാടിന് മൂന്ന് ലോകകപ്പുകൾ നേടിക്കൊടുത്ത പെലെ ഇനി ഭൂമിയിലെ കാൽപ്പന്തുകളികണ്ട് ആകാശ സെമിത്തേരിയിൽ വിശ്രമിക്കും, പ്രകാശപൂരിതമായ അന്തരീക്ഷവുമുള്ള ഇംപീരിയൽ റൂമിലാണ് സംസ്കാരശുശ്രൂഷകൾ നടത്തുക... ഇതിനു പുറമെ ഒരു മിനിബാറും സ്വീറ്റ് റൂമുമുണ്ട്! ആകാശസെമിത്തേരിയുടെ വിശേഷങ്ങൾ ഇങ്ങനെ....
ലോകം ഫുട്ബാളിനോപ്പം ചേർത്തുവെച്ചോരു പേരുണ്ട് ..പെലെ .. വിശപ്പ് മറക്കാൻ കാൽപന്തിന് പിന്നാലെ ഓടിയ ബാല്യം, പിന്നെ ആ പന്തിനൊപ്പം ലോകം ചുറ്റി ഫുട്‌ബോൾ ലോകത്തിന്റെ രാജാവായി മാറി .. ബ്രസീലിന്റെ അഭിമാനമായി വളർന്ന് ജന്മനാടിന് 1958ലും 1962ലും 1970 ലുംആയി മൂന്ന് ലോകകപ്പുകൾ നേടിക്കൊടുത്ത പെലെ ഇനി ഭൂമിയിലെ കാൽപ്പന്തുകളികണ്ട് ആകാശ സെമിത്തേരിയിൽ വിശ്രമിക്കും സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന ഫുട്ബോള്‍ ഇതിഹാസം പെലെയുടെ ഭൗതികശരീരം ഇന്നലെ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ വിലാപയാത്രയായി സ്റ്റേഡിയത്തിലെത്തിച്ചു. പൊതുദര്‍ശനത്തിന് ശേഷം ഇന്ന് രാവിലെ പ്രാദേശിക സമയം 10 മണിക്കാണ് സംസ്കാരം.
ജീവിതകാലത്ത് എത്ര ആഡംബരത്തിൽ കഴിഞ്ഞാലും മരണശേഷം 'ആറടി മണ്ണ്' എന്നതാണ് മലയാളിയുടെ സങ്കൽപം. എത്ര പ്രൗഢഗംഭീരമായി സംസ്കാരച്ചടങ്ങ് നടത്തിയാലും കല്ലറ വിട്ടുപോകാൻ മടിച്ച് ഉറ്റവർ കാത്തു നിന്നാലും വർഷങ്ങൾക്കു ശേഷം കാടുപിടിച്ച ഒരു കുഴിമാടം മാത്രമായി മനുഷ്യൻ മാറുന്നു. ഭൂനിരപ്പിനു താഴെ നിർമിക്കുന്ന കല്ലറകളും മതിൽ കെട്ടി തിരിച്ച് നിരനിരയായി സ്ഥാപിച്ച കല്ലറകളും മാത്രം കണ്ട പരിചയിച്ച നമുക്ക് വിശ്വസിക്കാനാകാത്ത ആകാശ സെമിത്തേരിയുടെ വിശേഷങ്ങൾ ഇങ്ങനെ
മരിച്ചവർക്ക് അന്ത്യ വിശ്രമത്തിനു ഒരുക്കിയ അംബരചുംബിയായ അത്യാധുനിക ഫ്ലാറ്റ് തന്നെ ഉണ്ട് ബ്രസീലിലെ സാവോപോളോ സംസ്ഥാനത്തിന്റെ തലസ്ഥാനമായ സാവോ പോളോയിൽ .ബ്രസീലിലെ ഏറ്റവും വലിയ നഗരവും തെക്കേ അമേരിക്കയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നഗരവും കൂടിയാണ് സാവോ പോളോ. ബ്രസീലിന്റെ തെക്ക് കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ നഗരം രാജ്യത്തെ ഏറ്റവും സമ്പന്നമായ നഗരം കൂടിയാണ്.
മരണശേഷവും പ്രിയപ്പെട്ടവർക്ക് സന്തോഷവും സമാധാനവും സമ്മാനിക്കുന്ന, സാധാരണ ശ്മശാനങ്ങളുടെ കെട്ടും മട്ടുമൊന്നുമില്ലാത്ത ഒരു ആകാശ സെമിത്തേരി. ഫ്ലാറ്റ് പോലെ പല നിലകളിലായി കല്ലറകൾ സജ്ജീകരിച്ചിരിക്കുന്ന നെക്രോപോളിസ് എന്ന പേരിൽ അറിയപ്പെടുന്ന കെട്ടിടങ്ങൾ ലോകത്ത് പലയിടത്തുമുണ്ട്. ഇത്തരത്തിൽ ഏറ്റവും വലിയ നെക്രോപോളിസായ സാൻ്റോസിലെ എക്യൂമെനിക്കൽ നെക്രോപോലിസിലാണ് കളിമൈതാനങ്ങളിൽ കാലുകൊണ്ട് ഇന്ദ്രജാലങ്ങൾ തീർത്ത് ഇതിഹാസമായ മനുഷ്യന്റെ അന്ത്യവിശ്രമം
പ്രശസ്തമായ സാൻ്റോസ് എഫ്സി സ്റ്റേഡിയത്തിന് അഭിമുഖമായി നിലകൊള്ളുന്ന നിരവധി കല്ലറകൾ ഈ നെക്രോപോളിസിലുണ്ട്. 32 നിലകളുള്ള ഈ കെട്ടിടത്തിൽ തന്നെയാണ് പെലെയുടെ പിതാവും അന്ത്യവിശ്രമം കൊള്ളുന്നത്. ബ്രസീലിലെ ഈ ആകാശ സെമിത്തേരിയ്ക്ക് ലോകത്തെ ഏറ്റവും ഉയരമുള്ള നെക്രോപോളിസ് എന്ന ഗിന്നസ് ലോക റെക്കോഡുമുണ്ട്. പച്ചപ്പ് നിറഞ്ഞ മലഞ്ചെരിവിനോടു ചേർന്ന് കടലിന് അഭിമുഖമായാണ് എക്യൂമെനിക്കൽ നെക്രോപോളിസ് നിലകൊള്ളുന്നത്.
ഏതൊരു ആഡംബര ഹോട്ടലിനോടും കിടപിടിക്കുന്ന ലോബിയിൽ സദാസമയവും ചെറിയ സംഗീതമുണ്ട്. വയലിൻ്റെയും പിയാനോയുടെയും ശബ്ദം എല്ലാ നിലകളിലേയ്ക്കും എപ്പോഴും എത്തും. ഇത് യഥാർഥത്തിൽ ഒരു സെമിത്തേരിയല്ല എന്നാണ് നടത്തിപ്പുകാർ പറയുന്നത്. സാധാരണ സെമിത്തേരികളെപ്പോലെ ഇരുട്ട് ഇവിടെ ചേക്കേറിയിട്ടില്ല, എല്ലാ മുറികളിലും ആവശ്യത്തിന് വെളിച്ചമുണ്ട്. 1983ൽ നിർമാണം പൂർത്തിയാക്കുമ്പോൾ തന്നെ നെക്രോപോളിസിൽ 16,000 കല്ലറകളുണ്ടായിരുന്നു. പിന്നീടാണ് ശേഷിക്കുന്ന നിലകൾ കൂട്ടിച്ചേർത്തത്.
മൃതദേഹം മറവുചെയ്യുന്നതിനു പുറമെ സംസ്കാരച്ചടങ്ങുകൾ നടത്താനും പൊതുദർശനത്തിനും ഇവിടെ പ്രത്യേകം സ്ഥലങ്ങളുണ്ട്. ചടങ്ങുകൾ നടക്കുന്ന ഇംപീരിയൽ റൂമിൽ 300 അതിഥികൾക്കുള്ള സൗകര്യങ്ങളുണ്ട്. വെളുത്ത മാർബിൾ പതിപ്പിച്ച തറയിൽ അതിഥികൾക്കായി ലെതർ കസേരകൾ നിരന്നിരിക്കും. നിയോ - ഗോഥിക് ശൈലിയിലുള്ള ഉയരമുള്ള ജനാലകളും പ്രകാശപൂരിതമായ അന്തരീക്ഷവുമുള്ള ഇംപീരിയൽ റൂമിലാണ് സംസ്കാരശുശ്രൂഷകൾ നടത്തുക. ഇതിനു പുറമെ ഒരു മിനിബാറും സ്വീറ്റ് റൂമുമുണ്ട്. ഉറ്റവരുടെ മരണം ഏറെ വേദനാജനകമായ കാര്യമാണെന്നതുകൊണ്ടു തന്നെ വേർപാടിന്റെ വേദന പരമാവധി കുറയ്ക്കുക എന്നതാണ് തങ്ങൾ ലക്ഷ്യമിട്ടതെന്ന് ശിൽപികൾ പറയുന്നു.
മേറ്റ അറ്റ്ലാൻ്റിക്ക എന്ന നിബിഡവനമാണ് നെക്രോപോളിസിൻ്റെ തൊട്ടുപിന്നിലായി സ്ഥിതി ചെയ്യുന്നത്. വിവിധയിനം ഫലവൃക്ഷങ്ങളും പക്ഷികളും കുരങ്ങുകളും അടക്കമുള്ള ജീവജാലങ്ങളും ഇവിടെ ധാരാളമായുണ്ട്. കെട്ടിടത്തിനു മുന്നിലായുള്ള കുളത്തിൽ സ്വർണമത്സ്യങ്ങൾ നീന്തിത്തുടിക്കും. പെലെ പല വട്ടം കളിച്ചു ജയിച്ച വില ബെൽമിറോ സ്റ്റേഡിയവും നെക്രോപോളിസിൽ നിന്നു കാണാം. നമ്മുടെ നാട്ടിലേതു പോലെ പല സംസ്കാരച്ചടങ്ങുകളും മരിച്ച് ഒരു ദിവസത്തിനുള്ളിൽ തന്നെ നടക്കും. ഈ സാഹചര്യത്തിൽ വർഷത്തിൽ എല്ലാ ദിവസവും 24 മണിക്കൂറും നെക്രോപോളിസ് തുറന്നു പ്രവർത്തിക്കുന്നുമുണ്ട്.
സംസ്കാരച്ചടങ്ങുകൾക്കായി നഗരത്തിനു പുറത്തു നിന്നെത്തുന്ന അതിഥികൾക്കായുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്. ഇവർക്ക് രാത്രിയിൽ താമസിക്കാനായി സ്വീറ്റ് റൂമും ഭക്ഷണശാലയും ഇവിടെയുണ്ട്. ലോബിയിലെ സ്ക്രീനിൽ സംസ്കാരച്ചടങ്ങുകളുടെ സമയവും പ്രദർശിപ്പിക്കും. കാത്തിരിപ്പിലെ വിരസത അകറ്റാനായി ലോബിയിൽ പത്രമാസികകളും ഉണ്ടാകും.
ഓരോ നിലകളിലും പ്രത്യേകം നമ്പർ നൽകിയ 150 കല്ലറകൾ വീതമാണുള്ളത്. ഓരോ കല്ലറയിലും ആറ് മൃതദേഹങ്ങൾ വീതം അടക്ക ചെയ്യാനാകും. മൂന്ന് വർഷത്തോളം സമയമെടുക്കും മൃതദേഹം പൂർണമായും സംസ്കരിക്കപ്പെടാൻ. ഇതിനു ശേഷം ബന്ധുക്കൾക്ക് ആവശ്യമെങ്കിൽ അസ്ഥികൾ പുറത്തെടുത്ത് മെമ്മോറിയലിൽ മറ്റൊരിടത്തേയ്ക്ക് മാറ്റാം. മൂന്ന് വർഷത്തേയ്ക്ക് കല്ലറ വാടകയ്ക്ക് എടുക്കാൻ ഏകദേശം അഞ്ച് ലക്ഷം രൂപ മുതൽ 21 ലക്ഷം രൂപ വരെ ചെലവാകും. ഒരു കോടി രൂപയോളം മുടക്കിയാൽ ഒരു കുടുബക്കല്ലറ സ്ഥിരമായി സ്വന്തമാക്കാം. കെട്ടിടത്തിൻ്റെ ഏതു ഭാഗത്താണ് കല്ലറ എന്നതിനെ അപേക്ഷിച്ചാണ് വാടക തീരുമാനിക്കപ്പെടുക. ഇത്തരത്തിൽ കല്ലറ സ്വന്തമാക്കുന്നതവർക്ക് സ്വന്തമായി ഒരു മെമ്മോറിയൽ റൂമും ഉണ്ടാകും. ഇതിലൊന്നിൽ ഇനി കാലങ്ങളെ അതിശയിക്കുന്ന ഒരേയൊരു കളിക്കാരനായ പെലെ അന്ത്യ വിശ്രമം കൊള്ളും.
https://www.facebook.com/Malayalivartha