എതിര്‍ ടീം കളിക്കാരനെ തലകൊണ്ടിടിച്ച ലൂക്കാ സിദാന് ചുവപ്പു കാര്‍ഡ്
എതിര്‍ടീം കളിക്കാരനെ തല കൊണ്ടിടിച്ചതിന് മുന്‍ ഫ്രഞ്ച് ഫുട്‌ബോള്‍ ഇതിഹാസതാരം സിനദിന്‍ സിദാന്റെ മകന്‍ ലൂക്കായെ റഫറി പുറത്താക്കി. റയല്‍ മാഡ്രിന്റെ യൂത്ത് ടീം ഗോള്‍ കീപ്പറായിരുന്ന ലൂക്കാ സിദാന്‍ അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള മത്സരത്തിനിടെയാണ് എതിര്‍ ടീമിലെ കളിക്കാരനെ തലകൊണ്ടിടിച്ചത്. ഇതു ശ്രദ്ധയില്‍പ്പെട്ട റഫറി അദ്ദേഹത്തെ ചുവപ്പു കാര്‍ഡ് നല്‍കി പുറത്താക്കുകയായിരുന്നു. രണ്ടിനെതിരേ നാലു ഗോളുകള്‍ക്ക് റയല്‍ പിന്നിട്ടു നില്‍ക്കെയാണ് ലൂക്കാ സിദാന്‍ എതിരാളിയെ തലയ്ക്കിടിച്ചത്. ആദ്യം എതിര്‍ കളിക്കാരനുമായി തര്‍ക്കത്തിലേര്‍പ്പെടുകയും പിന്നീട് എതിര്‍കളിക്കാരനെ തല കൊണ്ട്് തള്ളുകയുമായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മാധ്യമങ്ങളില്‍ വൈറലായതോടെ ലൂക്കാ സിദാനെ വിമര്‍ശിച്ച് നിരവധിപ്പേര്‍ രംഗത്തുവന്നു. ഇതേ ഫൗളിന് ലൂക്കായുടെ പിതാവ് സിദാനും ചുവപ്പു കാര്‍ഡ് ലഭിച്ച് പുറത്തു പോകേണ്ടിവന്നിട്ടുണ്ട്.
2006-ലെ ലോകകപ്പ് ഫൈനലില്‍ ഇറ്റലിയുടെ മാര്‍ക്കോ മാറ്റരാസിയെ തലയ്ക്കിടിച്ചു വീഴ്ത്തിയതിന് ലൂക്കായുടെ അച്ഛന്‍ സിദാനും ചുവപ്പു കാര്‍ഡ് ലഭിച്ച് പുറത്തു പോയിരുന്നു. മത്സരം ഷൂട്ടൗട്ടില്‍ ജയിച്ച ഇറ്റലിക്കായിരുന്നു കിരീടം. ആ മത്സരത്തിലെ പുറത്താകലോടെ കടുത്ത വിമര്‍ശനത്തിനു വിധേയനായ സിദാന്‍ അധികം താമസിയാതെ അന്താരാഷ്ട്ര ഫുട്‌ബോളിനോടു വിടപറയുകയും ചെയ്തു.
നിലവില്‍ റയല്‍ മാഡ്രിഡ് കാസ്റ്റിലയുടെ മാനേജറാണ് സിദാനിപ്പോള്‍. അദ്ദേഹത്തിന്റെ നാലു മക്കളും ഫുട്‌ബോളില്‍ സജീവമാണ്. മൂത്തമകന്‍ എന്‍സോ സിദാന്‍ റയല്‍ മാഡ്രിഡ് കാസ്റ്റിലയുടെ നായകനാണ്. മറ്റ് രണ്ട് മക്കളായ തിയോയും ഇല്യാസും റയലിന്റെ അക്കാദമിയില്‍ തന്നെ ഫുട്‌ബോള്‍ പരിശീലിക്കുന്നു. പെനാല്‍റ്റികള്‍ സേവ് ചെയ്യുന്നതില്‍ വിദഗ്ധനാണ് ലൂക്കാ സിദാന്‍. ഒരു മത്സരത്തില്‍ മൂന്നു പെനാല്‍റ്റികള്‍ തടഞ്ഞ് അദ്ദേഹം തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. ലോക യൂത്ത് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ബല്‍ജിയത്തിനെതിരേ ആയിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. ടൂര്‍ണമെന്റില്‍ കിരീടവും ഫ്രാന്‍സിനായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha