ഐ.എസ്.എല്‍ രണ്ടാം പാദ സെമി ഫൈനല്‍ മത്സരത്തില്‍ ജയവുമായി എ.ടി.കെ മോഹന്ബഗാന് ഫൈനലില്‍
ഐ.എസ്.എല്‍ രണ്ടാം പാദ സെമി ഫൈനല്‍ മത്സരത്തില്‍ ജയവുമായി എ.ടി.കെ മോഹന്ബഗാന് ഫൈനലില്‍ പ്രവേശിച്ചു. ബഗാന്-ഹൈദരാബാദ് എഫ്.സി മത്സരം സ്കോര്‍ ഗോള്‍രഹിത സമനിലയില്‍ തുടര്‍ന്നതിനാലാണ് ഷൂട്ടൗട്ടിലെത്തിയത്. ഇതില്‍ 4-3ന് ജയിച്ച ആതിഥേയര്‍ മാര്‍ച്ച് 18ന് ഗോവ ഫട്ടോര്‍ഡ സ്റ്റേഡിയത്തില്‍ നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ബംഗളൂരു എഫ്.സിയെ നേരിടും.
ബഗാന്-ഹൈദരാബാദ് ആദ്യ പാദ സെമിയും ഗോള്‍രഹിത സമനിലയിലാണ് അവസാനിച്ചത്. നിലവിലെ ചാമ്പ്യന്മാരാണ് ഹൈദരാബാദ്. തിങ്കളാഴ്ച രാത്രി സാള്‍ട്ട് ലേക് സ്റ്റേഡിയത്തില്‍ ഇരു ടീമിനും ലഭിച്ച ഗോള്‍ അവസരങ്ങള്‍ നിര്‍ഭാഗ്യത്തില്‍ തട്ടിത്തെറിച്ചു.
മുപ്പതോളം മിനിറ്റ് അധിക സമയത്തും ആര്‍ക്കും സ്കോര്‍ ചെയ്യാനായില്ല. ഷൂട്ടൗട്ടില്‍ ഹൈദരാബാദ് താരം സിവേറിയോസിന്റെ കിക്ക് ബഗാന് ഗോളി വിശാല്‍ കെയ്ത്ത് സേവ് ചെയ്യുകയും ചെയ്തു. പിന്നീട് ഒഗ്ബെച്ചെയുടെ അടി പോസ്റ്റില്‍ത്തട്ടി തിരിച്ചുവന്നതോടെ ബഗാന് ക്യാമ്പില്‍ ആഹ്ലാദമായി. ഹാമില്‍ അവസരം നഷ്ടപ്പെടുത്തിയത് ഹൈദരാബാദിന് പ്രതീക്ഷ നല്‍കിയെങ്കിലും നിര്‍ണായക കിക്ക് ബഗാന് നായകന് പ്രീതം കോട്ടല്‍ ഗോളാക്കിയതോടെ ടീം ഫൈനലിലായി.
https://www.facebook.com/Malayalivartha