ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പ്ലേ ഓഫ് മത്സരം പൂര്‍ത്തിയാക്കാതെ മൈതാനം വിട്ടതിന് ഖേദം പ്രകടിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്...
ബെംഗളൂരു എഫ്‌സിക്കെതിരായ ഐഎസ്എല്‍ ഫുട്‌ബോള്‍ പ്ലേഓഫ് മത്സരം പൂര്‍ത്തിയാക്കാതെ മൈതാനം വിട്ട സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പിലാണ്, മാര്‍ച്ച് മൂന്നിനു നടന്ന മത്സരം പൂര്‍ത്തിയാക്കാതെ തിരികെ കയറിയതില്‍ ബ്ലാസ്റ്റേഴ്‌സ് ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്.
സാഹചര്യത്തിന്റെ സമ്മര്‍ദ്ദത്തിലുണ്ടായ പിഴവാണെന്നും, ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാനായി നടപടി സ്വീകരിക്കുമെന്നും കുറിപ്പില്‍ ബ്ലാസ്റ്റേഴ്‌സ് വ്യക്തമാക്കി.
അന്ന് സംഭവിച്ച കാര്യങ്ങളുമായി ബന്ധപ്പെട്ട് വിശദീകരണവുമായി പരിശീലകന്‍ ഇവാന്‍ വുക്കൊമനോവിച്ചും സമൂഹമാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. ഒന്നിച്ചു മുന്നോട്ടു നീങ്ങാമെന്ന് വുക്കൊമനോവിച്ചും കുറിപ്പിലൂടെ ആഹ്വാനം ചെയ്തതോടെ, ദിവസങ്ങളായി ഇന്ത്യന്‍ ഫുട്‌ബോളിനെ ചൂഴ്ന്നു നിന്ന വിവാദത്തിന് താല്‍ക്കാലികമായുള്ള വിരാമമായി.
നേരത്തെ, മത്സരം പൂര്‍ത്തിയാക്കാതെ കളംവിട്ട സംഭവത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) 4 കോടി രൂപ പിഴശിക്ഷ വിധിച്ചിരുന്നു.
കളിക്കളത്തിലെ മോശം പെരുമാറ്റത്തിന്റെ പേരില്‍ പരസ്യമായി ക്ഷമാപണം നടത്താന്‍ എഐഎഫ്എഫ് അച്ചടക്ക സമിതി നിര്‍ദേശിക്കുകയും ചെയ്തു. ക്ഷമാപണം നടത്തിയില്ലെങ്കില്‍ 6 കോടി രൂപ പിഴയടയ്ക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഖേദം പ്രകടിപ്പിച്ച് ബ്ലാസ്റ്റേഴ്‌സ് രംഗത്തെത്തിയിരിക്കുന്നത്.
"
https://www.facebook.com/Malayalivartha