അനസ് എടത്തൊടിക; ഓട്ടോ ഡ്രൈവറില്‍ നിന്നും ഇന്ത്യന്‍ ഫുട്‌ബോളിലേക്ക്
കഠിനാദ്ധ്വാനം നേടിക്കൊടുത്ത വിജയം, അതാണ് അനസ് എടത്തൊടിക. ഒരിക്കല്‍ മലപ്പുറത്തും അതിനപ്പുറത്ത് കേരളത്തിലും മാത്രം പറഞ്ഞു കേട്ട പേര് ഇപ്പോള്‍ ഇന്ത്യ മുഴുവന്‍ കേള്‍ക്കുകയാണ്.
സാഫ് കപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 40 കളിക്കാരില്‍ ഒരാളായും സെമിയില്‍ കടന്ന ഒരു ടീമിന്റെ കളിക്കാരനായി ഐഎസ്എല്ലില്‍ തകര്‍ക്കുമ്പോള്‍ കണ്ണീരില്‍ കുതിര്‍ന്ന അനസിന്റെ ഭൂതകാലം അടുത്തറിയുന്ന ആര്‍ക്ക് മറക്കാനാകും. ഒരു ബസ് ഡ്രൈവറുടെ മകനായി പിറന്ന് 180 രൂപയ്ക്ക് ബസ് കഴുകുകയും ജീവിക്കാന്‍ വേണ്ടി ഓട്ടോ ഡ്രൈവറായി കാക്കിയുടുപ്പ് ഇടുകയും ചെയ്തിരുന്ന അനസിനെ ബ്രസീലിന്റെ ഫ്രീകിക്ക് വിദഗ്ദ്ധന്‍ കാര്‍ലോസിനൊപ്പം കാണുമ്പോള്‍ മലപ്പുറംകാര്‍ മാത്രമല്ല കേരളം ഒന്നടങ്കം അഭിമാനിക്കുകയാണ്.
ബസ് കഴുകിയിട്ടുണ്ടെന്ന് അനസ് തന്നെ പറയുന്നു. കേരളത്തിന്റെ ഫുട്‌ബോള്‍ നഴ്‌സറിയായ മലപ്പുറത്ത് പന്തുകളിക്കും പഠനത്തിനും ഒപ്പം കൂലിപ്പണിയും ചെയ്തിരുന്ന കൗമാരകാലം. അധികം മോഹങ്ങളൊന്നുമില്ലാതിരുന്ന ഈ 27 കാരന്‍ പിതാവിനെ പോലെ ഒരു ഡ്രൈവറാകണമെന്ന് മാത്രമായിരുന്നു മോഹിച്ചിരുന്നത്. മലപ്പുറത്ത് പതിവായി ഓട്ടോ ഓടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അനസിന്റെ ജീവിതം ഫുട്‌ബോള്‍ മാറ്റിമറിച്ചുകളഞ്ഞു. പത്താം കഌസ്സില്‍ പഠിക്കുമ്പോള്‍ ജോഗ്രഫി ടീച്ചറായിരുന്നു അനസിന്റെ ഭാവി കീഴ്‌മേല്‍ മറിച്ച ഫുട്‌ബോളിലേക്ക് തിരിച്ചു വിട്ടത്. ടെലിവിഷനില്‍ കളികണ്ട് ആവേശം കൊണ്ടിരുന്ന മലൂദയ്ക്കും റീസേയ്ക്കും ഒപ്പം കളിക്കുമ്പോള്‍ അനസിന് എല്ലാം ആശ്ചര്യമാണ്.
അണ്ടര്‍ 17 ലെവലില്‍ അനസ് മഞ്ചേരി എന്‍എസ്എസ് കോളേജ് മലപ്പുറത്തിന് കളിക്കുമ്പോള്‍ മുന്‍ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ഫിറോസ് ഷെരീഫാണ് അനസിനെ കണ്ടെത്തിയത്. ഐ ലീഗില്‍ രണ്ടാം ഡിവിഷന്‍ കഌായ മുംബൈ എഫ് സിയുടെ ട്രയല്‍സില്‍ പങ്കെടുക്കാന്‍ ക്ഷണം. ഡേവിഡ് ബൂത്തായിരുന്നു അവിടെ പരിശീലകന്‍. തുടര്‍ന്ന് ഒരു വര്‍ഷത്തെ കരാര്‍. പിന്നീട് അവിടെ നിന്നും പൂനെ എഫ് സിയിലേക്ക്. അവിടെ പ്‌ളേയര്‍ ഓഫ് ദി ഇയര്‍.
ഐഎസ്എല്ലില്‍ ഡല്‍ഹിയുടെ താരമായി നിറഞ്ഞു നില്‍ക്കുമ്പോഴും ദാരിദ്ര്യം വിളയാടിയിരുന്ന ഒരു പഴയ കാലം അനസിനുണ്ടായിരുന്നു. സാമ്പത്തിക പരാധീനതയുള്ള കുടുംബത്തിനെ നില നിര്‍ത്താനായിരുന്നു അനസ് ഓട്ടോ ഡ്രൈവറായി മാറിയത്. കുടുംബഭാരം ഏറ്റിരുന്ന ജേഷ്ഠന്‍ രക്താര്‍ബുദം വന്ന് മരിച്ചതിനെ തുടര്‍ന്ന് രണ്ടു സഹോദരിമാരും മാതാപിതാക്കളും അടങ്ങുന്ന കുടുംബം അനസിന്റെ തോളിലായി. 1200,1500 രൂപ മാസം കിട്ടിയിരുന്ന ജോലി വിവാഹം കഴിച്ചതോടെ മതിയാകാതെ വരികയായിരുന്നു. തുടര്‍ന്ന് ഓട്ടോ ഡ്രൈവിംഗ് ഏറ്റെടുത്തു. എന്നാല്‍ ഈ ജോലി രോഗബാധിതനാക്കി.
ഡല്‍ഹി ഡൈനാമോസിന് വേണ്ടി കളിക്കുമ്പോള്‍ ഏകദേശം 42 ലക്ഷം രൂപ അനസിന് ഒരു സീസണില്‍ കിട്ടുന്നുണ്ട്. അതേസമയം പണമല്ല ഇവിടെ പ്രധാനമെന്നും പൂനെയ്ക്ക് കളിച്ചിരുന്ന ആദ്യ കാലത്ത് തന്നെ ഇത്രയും തുക സമ്പാദിച്ചിരുന്നതായി താരം പറയുന്നു. 2011 ല്‍ 4550 ലക്ഷം രൂപ കണ്ടെത്തിയിരുന്നു. 2014 ല്‍ 60 ലക്ഷം രൂപ വരെ നേടി. ഡല്‍ഹി ഡൈനാമോസില്‍ മലൂദയും റീസേയുമൊന്നും ഒരിക്കലും ലോകകപ്പ് കളിച്ച താരങ്ങളായി ഇടപെടാറില്ലെന്ന് അനസ് പറയുന്നു. അവരുടെ കളി ടെലിവിഷനില്‍ കണ്ടിരുന്നത് ഓര്‍ക്കുന്നു. ഇവര്‍ക്കൊപ്പം കളിക്കുമെന്ന് സ്വപ്നം പോലും കണ്ടിരുന്നില്ല. കാര്‍ലോസിനും മലൂദയ്ക്കും റീസിനുമൊപ്പം കളിച്ചത് മറക്കാന്‍ കഴിയാത്തതാണ്. ഇതുപോലെ കളിക്കാനാകുമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. മലൂദ വളരെ സൗഹാര്‍ദ്ദത്തോടെയാണ് പെരുമാറുന്നതെന്നും കളിയില്‍ മാര്‍ഗ്ഗ നിര്‍ദേശം നല്‍കാറുണ്ടെന്നും അനസ് പറയുന്നു. ഇനിയും ഏറെ ദുരം പോകട്ടെ ഈ മലപ്പുറത്തിന്റെ മുത്ത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha