സൂപ്പര്‍ കപ്പ് ഫുട്ബോളില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ബെംഗളൂരു എഫ്സിയെ നേരിടും...
സൂപ്പര്‍ കപ്പ് ഫുട്ബോളില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ബെംഗളൂരു എഫ്സിയെ നേരിടും. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ രാത്രി എട്ടരയ്ക്കാണ് കളിതുടങ്ങുക.
കേരള ബ്ലാസ്റ്റേഴ്സിന് ഇതൊരു അഭിമാന പോരാട്ടമാണ്. ഐഎസ്എല്‍ പ്ലേ ഓഫിലെ ചതിക്ക് ബെംഗളൂരുവിനോട് പകരം വീട്ടണം. സെമിഫൈനല്‍ ഉറപ്പിക്കണം. സുനില്‍ ഛേത്രിയുടെ വിവാദ ഗോളിന് പിന്നാലെയായിരുന്നു ഐഎസ്എല്ലിനെ പിടിച്ചുലച്ച സംഭവം.
മത്സരത്തിനിടെ താരങ്ങളെ കോച്ച് ഇവാന്‍ വുകോമനോവിച്ച് തിരികെ വിളിച്ചപ്പോള്‍ ബ്ലാസ്റ്റേഴ്സ് പുറത്ത്. പിന്നാലെ കോച്ചിന് വിലക്ക്. ടീമിന് പിഴ. ഇതിനെല്ലാം കണക്കുചോദിക്കാനുണ്ട് ബ്ലാസ്റ്റേഴ്സിന്. പക്ഷെ കാര്യങ്ങള്‍ അത്ര അനുകൂലമല്ല.
ബെംഗളൂരു പ്രധാന താരങ്ങളെയല്ലാം അണിനിരത്തുമ്പോള്‍ ബ്ലാസ്റ്റേഴ്സ് നിരയില്‍ അഡ്രിയന്‍ ലൂണയടക്കമുള്ള താരങ്ങളില്ല. ആദ്യ മത്സരത്തില്‍ റൗണ്ട് ഗ്ലാസ് പഞ്ചാബിനെ തകര്‍ത്ത് തുടക്കമിട്ട ബ്ലാസ്റ്റേഴ്‌സിന് പക്ഷേ ശ്രീനിധി ഡെക്കാനോട് മികവ് തുടരാനായില്ല. എതിരില്ലാത്ത രണ്ട് ഗോളിന് തോറ്റതിനാല്‍ ഗ്രൂപ്പ് കടക്കാനായി അവസാന മത്സരത്തില്‍ ജയം അനിവാര്യമാകേണ്ടതാണ്.
അതേസമയം ജയത്തില്‍ കുറഞ്ഞതൊന്നും ബ്ലാസ്റ്റേഴ്സിനെ രക്ഷിക്കില്ല. ഛേത്രിയുടെ ബെംഗളൂരുവിനോട് പകരം വീട്ടിയാലും റൗണ്ട് ഗ്ലാസ് പഞ്ചാബ് ശ്രീനിധി ഡെക്കാന്‍ മത്സരഫലത്തെ ആശ്രയിച്ചായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ ഭാവി.
"
https://www.facebook.com/Malayalivartha