ഐ.എസ്.എല്‍. സീസണ്‍ രണ്ടില്‍ ചെന്നൈയിന്‍ എഫ്.സിക്ക് കിരീടം
കണ്ണിനു വിരുന്നായ ആക്രമണ ഫുട്‌ബോളിന്റെ മാസ്മരിക പ്രകടനത്തിനൊടുവില്‍ എഫ്.സി. ഗോവയെ കീഴടക്കി ചെന്നൈയിന്‍ എഫ്.സി. ഐ.എസ്.എല്‍. രണ്ടാം സീസണിന്റെ ചാമ്പ്യന്മാരായി. പ്രളയത്തില്‍ മുങ്ങിയ സ്വന്തം നാടിനായി ഫൈനല്‍ ജയിക്കുമെന്ന് പ്രഖ്യാപിച്ച നായകന്‍ എലാനോ ബ്ലുമര്‍ കിരീടമുയര്‍ത്തിയപ്പോള്‍ ആവേശം അലയടിച്ച അന്തരീക്ഷത്തില്‍ അദ്ഭുത പ്രകടനവുമായാണ് ചെന്നൈയിന്‍ നാടിന് സമ്മാനം നല്‍കിയത്.
മറുവശത്ത് ആരാധകര്‍ക്കു മുന്നില്‍ ടോട്ടല്‍ ഫുട്‌ബോള്‍ എന്തെന്ന് കാട്ടിയ എഫ്.സി. ഗോവ 90ാം മിനിറ്റു വരെ വിജയികളെപ്പോലെ നിന്ന ശേഷം തിരശീലയ്ക്കു പിന്നിലായി. ഹോംഗ്രൗണ്ടില്‍ ചെന്നൈയിനെതിരേ ജയിക്കാനായിട്ടില്ലെന്ന അപഖ്യാതി അവരെ ഇന്നലെയും വിട്ടൊഴിഞ്ഞില്ല.
ആക്രമണം മുഖമുദ്രയാക്കിയാണ് ഇരു ടീമുകളും കലാശക്കളിക്കിറങ്ങിയത്. ഡല്‍ഹിക്കെതിരായ രണ്ടാം പാദ സെമിയില്‍ ഇറങ്ങിയ അതേ ടീമിനെ തന്നെയായിരുന്നു ഗോവ ഇന്നലെയും ഇറക്കിയത്.
സൂപ്പര്‍ സ്‌െ്രെടക്കര്‍ റിനാള്‍ഡോ സൈഡ് ബെഞ്ചിലിരുന്നപ്പോള്‍ ഡുഡുവും റാഫേല്‍ കൊലേയുമാണ് മുന്നണിയിലുണ്ടായിരുന്നത്. മറുവശത്ത് മാര്‍ക്വിതാരം എലാനോയെ ആദ്യ ഇലവനില്‍ ഇറക്കാതെയായിരുന്നു മറ്റെരാസിയുടെ ടീം വിന്യാസം. പകരം ഇടം കണ്ടെത്തിയത്് ബ്രൂണോ പെലിസാറി.
നിറഞ്ഞ ഗാലറി പിന്തുണയോടെ കളിച്ച ഗോവയ്ക്കായിരുന്നു മത്സരത്തില്‍ അല്‍പം മേല്‍ക്കൈ. ഇരുടീമുകളും ആക്രമിച്ചു കളിച്ചതോടെ മത്സരവും പരുക്കനായി. അഞ്ചു മഞ്ഞക്കാര്‍ഡുകളും രണ്ടു പെനാല്‍റ്റിയും അതിന്റെ തെളിവ്. അഞ്ചാം മിനിറ്റില്‍ തന്നെ പരുക്കേറ്റ് മടങ്ങിയ ഗോവന്‍ സ്‌െ്രെടക്കര്‍ ഡുഡുവും പരുക്കന്‍ കളിയുടെ ഇരയായി.
ആക്രമണവും പ്രത്യാക്രമണവുമായി ആദ്യപകുതി സംഭവബഹുലമായിരുന്നു. കളികൊഴിപ്പിക്കാനെന്നവണ്ണം ഇടയ്ക്കിടെ ഇരു ടീമിലെയും താരങ്ങള്‍ കൈയ്യാങ്കളിക്കും മുതിര്‍ന്നു. ആക്രമണഫുട്‌ബോളിന്റെ പരകോടിയിലെത്തിയിട്ടും പക്ഷേ ആദ്യ 45 മിനിറ്റില്‍ വലകുലുങ്ങിയില്ല.
ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയില്‍ 54ാം മിനിറ്റില്‍ ഗാലറിയെ നിശബ്ദരാക്കി; ഗോവയെ ഞെട്ടിച്ച് ചെന്നൈയിനാണ് ആദ്യ ഗോള്‍ നേടിയത്. സ്‌പോട്ട് കിക്ക് പാഴാക്കിയെങ്കിലും റീബൗണ്ട് ലക്ഷ്യത്തിലെത്തിച്ച ബ്രൂണോ പെല്ലിസാറിയാണ് ലീഡ് സമ്മാനിച്ചത്.
സ്‌െ്രെടക്കര്‍ സ്റ്റീവന്‍ മെന്‍ഡോസയെ ബോക്‌സിനുള്ളില്‍ പ്രണോയ് ഹോള്‍ഡര്‍ വീഴ്ത്തിയതിനാണ് റഫറി പെനാല്‍റ്റി സ്‌പോട്ടിലേക്ക് വിരല്‍ ചൂണ്ടിയത്. എലാനോയുടെ അഭാവത്തില്‍ കിക്കെടുത്തത് പെല്ലിസാറി. ഇടത്തേക്കടിച്ച ഷോട്ട് കൃത്യമായി മനസിലാക്കി ചാടിയ ഗോളി ലക്ഷ്മീകാന്ത് കട്ടിമണി തടുത്തിട്ടു. എന്നാല്‍ പന്ത് കൈപ്പിടിയിലൊതുക്കാനായില്ല. ഓടിയെത്തിയ പെലിസ്സാറി പന്തിനെ വീണ്ടും വലയിലേക്ക് വഴിതിരിച്ചുവിട്ടു.
എന്നാല്‍ ചെന്നൈയിന്റെ ആഹഌദം അധികം നീണ്ടില്ല. നാലു മിനിറ്റിനകം ഗോവ തിരിച്ചടിച്ചു. പകരക്കാരനായി ഇറങ്ങിയ മണിപ്പൂരി താരം തോങ്‌കൊസേം ഹോകിപ്പാണ് ആതിഥേയരെ ഒപ്പമെത്തിച്ചത്.
വലതു വിങ്ങില്‍ നിന്ന് റോമിയോ ഫെര്‍ണാണ്ടസ് നീട്ടിയടിച്ച പന്ത് ബോക്‌സിനു കുറുകെ മൂന്നു ചെന്നൈയിന്‍ താരങ്ങളയും ഗോളിയെയും മറികടന്ന് ഇടതുവശത്തു നിന്ന് ഓടിക്കയറിയ ഹോകിപ്പിന്റെ കാലിനു പാകത്തില്‍. ആരാലും മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഗോവന്‍ താരം അവസരം പാഴാക്കിയില്ല. ക്ലോസ് റേഞ്ച് ഷോട്ട് വലയില്‍. സ്‌കോര്‍ 11. ഗാലറിക്ക് വീണ്ടും ജീവന്‍ വച്ചു.
തൊട്ടടുത്ത മിനുറ്റില്‍ ചെന്നൈയിന് വീണ്ടും പെനാല്‍റ്റി. ഇത്തവണ കൈവിട്ടു കളിക്കാന്‍ കട്ടിമണി തയാറായില്ല. തന്നെ വീഴ്ത്തിയതിനു ലഭിച്ച പെനാല്‍റ്റിയെടുക്കാന്‍ എത്തിയത് സ്റ്റാര്‍ സ്‌െ്രെടക്കര്‍ മെന്‍ഡോസ തന്നെ. എന്നാല്‍ ലീഗ് ടോപ്‌സ്‌കോററുടെ ദുര്‍ബലമായ ഇടങ്കാല്‍ ഷോട്ട്് കട്ടിമണി കോര്‍ണര്‍ വഴങ്ങി പുറത്താക്കി.
ആ പെനാല്‍റ്റി സേവ് ഗോവയ്ക്ക് എനര്‍ജി ടോണിക്കായി മാറുകയായിരുന്നു. ഗാലറിയുടെ ആരവത്തിനൊപ്പം ഇരമ്പിക്കയറിയ ഗോവ നിരവധി അവസരങ്ങള്‍ തുറന്നെടുത്തു. തിരമാലകണക്കെ ചെന്നൈയിന്‍ ബോക്‌സിലേക്കു കയറിയിറങ്ങിയ ഗോവന്‍ താരങ്ങള്‍ ഒടുവില്‍ 87ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു.
ബോക്‌സിന് തൊട്ടുപുറത്ത് നിന്ന് ലഭിച്ച ഫ്രീകിക്ക്് ജോഫ്രെ വലയിലെത്തിച്ച് ഗോവയെ മൂന്നിലെത്തിച്ചു (12). പേരുകേട്ട ചെന്നൈയിന്‍ പ്രതിരോധം ദൗത്യം മറന്നതിന്റെ വില. ഗോവന്‍ വിജയം ഗാലറി ഉറപ്പിച്ച നിമിഷങ്ങളായിരുന്നു പിന്നീട്. എന്നാല്‍ മെന്‍ഡോസയുടെ മനസില്‍ കളി ബാക്കികിടക്കുന്നുണ്ടായിരുന്നു. ഗാലറിയെ നടുക്കി 90ാം മിനിറ്റില്‍ ഇടിത്തീ പോലെ സമനില ഗോള്‍ എത്തി. ജയം ആഘോഷിക്കാന്‍ ഗാലറി തയാറെടുക്കുന്നതിനിടെയായിരുന്നു ഗോള്‍.
വലതു വിങ്ങില്‍ നിന്ന് മെഹ്‌റാജുദ്ദീന്‍ വാദൂ നല്‍കിയ ക്രോസില്‍ തലവയ്ക്കാന്‍ മെന്‍ഡോസയും കൈവയ്ക്കാന്‍ കട്ടിമണിയും ഉയര്‍ന്നു ചാടുന്നു. മെന്‍ഡോസയുമായി കൂട്ടിയിടിച്ച കട്ടിമണിക്ക് ബാലന്‍സ് തെറ്റി. പന്ത് ഗോളിയുടെ കൈയിലിടിച്ച് സ്വന്തം വലയില്‍. സ്‌കോര്‍ 22.
എന്താണ് സംഭവിച്ചതെന്ന് ഗാലറിക്കു മനസിലായിക്കാണില്ല. അതിനുള്ളില്‍ ചെന്നൈയിന്‍ വിജയഗോളും പിറന്നു. പകരക്കാരന്‍ ജയേഷിന്റെ പാസില്‍ നിന്നു തെന്നിവീണ കട്ടിമണിയെ സാക്ഷിയാക്കി മെന്‍ഡോസ് ചെന്നൈയിന്റെ വിജയഗോള്‍ നേടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha