ആദ്യ സെമിയില്‍ ഇന്ത്യ ഇന്ന് മാലദ്വീപിനെതിരേ
തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന സാഫ് കപ്പ് ഫുട്‌ബോള്‍ 2015ന്റെ ആദ്യ സെമിയില്‍ ഇന്നു വൈകിട്ട് 3:30ന് ഇന്ത്യമാലദ്വീപ് പോരാട്ടം നടക്കും. വൈകിട്ട് 6:30ന് നടക്കുന്ന രണ്ടാം സെമിയില്‍ നിലവിലെ ചാമ്പ്യന്മാരായ അഫ്ഗാനിസ്ഥാന്‍ ശ്രീലങ്കയെ നേരിടും.
ടൂര്‍ണമെന്റിലെ ദുര്‍ബല ടീമുകളായ നേപ്പാളിനെയും ശ്രീലങ്കയെയും തോല്‍പിച്ചാണ് ഇന്ത്യ സെമിയിലേക്ക് മാര്‍ച്ച് ചെയ്തത്. എന്നാല്‍ ദുര്‍ബലര്‍ക്കെതിരേ പോലും ആധികാരിക ജയം നേടാനായില്ലെന്നത് ഇന്ത്യന്‍ ആരാധകരെ ആശങ്കയിലാഴ്ത്തുന്നു.
നേപ്പാളിനെയും ശ്രീലങ്കയെയും താരതമ്യം ചെയ്താല്‍ ഏറെ കരുത്തരായ മാലദ്വീപിനെതിരേ ദുര്‍ബ ലമായ പ്രതിരോധവുമായി ഇറങ്ങുന്നത് ആത്മഹത്യാപരമാകും. പേരുകേട്ട അറ്റാക്കര്‍മാരില്ലാത്ത നേപ്പാളും ലങ്കയും ഇന്ത്യന്‍ വലയില്‍ പന്തെത്തിച്ചെങ്കില്‍ ദ്വീപ് താരങ്ങള്‍ ഇന്ത്യന്‍ പ്രതിരോധത്തിന് പിടിപ്പത് പണി നല്‍കും.
ആദ്യ രണ്ടു മത്സരങ്ങളില്‍ കളിക്കാതിരുന്ന മലയാളി താരം അനസ് എടത്തോടിക്ക ഇന്ന് കളത്തിലിറങ്ങാന്‍ സാധ്യതയുണ്ട്. അനസിന്റെ വരവ് പ്രതിരോധനിരയ്ക്ക് അല്‍പമെങ്കിലും ആത്മവിശ്വാസം പകരും. ഐ.എസ്.എല്ലില്‍ ഡല്‍ഹി ഡൈനാമോസിനു വേണ്ടി അനസ് മികച്ച പ്രകടനമാണ് നടത്തിയത്.
മുന്നേറ്റ നിരയില്‍ സുനില്‍ ഛേത്രിയും നേപ്പാളിനെതിരേ ഹീറോയായ പുതുമുഖ താരം ലാലിയന്‍സ്വാല ചാങ്‌തെയുമാണ് പ്രതീക്ഷ. ഛേത്രിയുടെ വിശ്വസ്ത പങ്കാളി റോബിന്‍ സിങ് പരുക്കേറ്റ് പുറത്തുപോയത് ഇന്ത്യക്ക് തിരിച്ചടിയായി.
ശ്രീലങ്കയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ രണ്ടുഗോളുകളും നേടിയത് റോബിന്‍ സിങ്ങായിരുന്നു. നേപ്പാളിനെതിരേ ആദ്യ പകുതിയില്‍ റോബിന്‍സിങ്ങിന്റെ അഭാവം ഏറെ നിഴലിച്ചുകണ്ടു. മധ്യനിരയും മുന്നേറ്റ നിരയും തമ്മിലുള്ള ഒത്തിണക്കമില്ലായ്മയാണ് ഏറെ വലയ്ക്കുന്നത്. ഛേത്രി അടക്കമുള്ള സ്‌െ്രെടക്കര്‍മാര്‍ക്ക് പന്തെത്തിക്കുന്നതില്‍ മധ്യനിര നിലവാരത്തിലും താഴെയാണ്.
മറുവശത്ത് മാലിദ്വീപ് മികച്ച ഫോമിലാണ്. അവസാന മത്സരത്തില്‍ അഫ്ഗാനിസ്താനോട് കനത്ത തോല്‍വി വഴങ്ങിയെങ്കിലും ടീമിനെ എഴുതിത്തള്ളാറായിട്ടില്ല. ഗാലറിയില്‍ മാലിക്കാരായ ആരാധകരുടെ പിന്തുണയും അവര്‍ക്ക് യഥേഷ്ടം ലഭിക്കുമെന്നതിനാല്‍ സ്വന്തം നാട്ടിലെന്നതുപോലെ കളിക്കാന്‍ അവര്‍ക്കാകും. ക്യാപ്റ്റന്‍ അലി അഷ്ഫാഖാണ് അവരുടെ പ്രതീക്ഷ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha