ഇന്റര്‍ മയാമിക്ക് സമനിലത്തുടക്കം... നായകന്‍ ലയണല്‍ മെസ്സിക്കൊപ്പം ഉറുഗ്വെയുടെ സൂപ്പര്‍ സ്‌ട്രൈക്കര്‍ ലൂയി സുവാറസും അണിനിരന്ന ഇന്റര്‍ മയാമിയെ എല്‍സാല്‍വഡോര്‍ ദേശീയ ടീമാണ് ഗോള്‍രഹിത സമനിലയില്‍ തളച്ചത്
ഇന്റര്‍ മയാമിക്ക് സമനിലത്തുടക്കം. നായകന്‍ ലയണല്‍ മെസ്സിക്കൊപ്പം ഉറുഗ്വെയുടെ സൂപ്പര്‍ സ്‌ട്രൈക്കര്‍ ലൂയി സുവാറസും അണിനിരന്ന ഇന്റര്‍ മയാമിയെ എല്‍സാല്‍വഡോര്‍ ദേശീയ ടീമാണ് ഗോള്‍രഹിത സമനിലയില്‍ തളച്ചത്.
ബ്രസീലിയന്‍ ക്ലബായ ഗ്രീമിയോയില്‍ നിന്ന് കൂടുമാറിയെത്തിയ സുവാറസിന് മയാമി ജഴ്‌സിയില്‍ അരങ്ങേറ്റ മത്സരമായിരുന്നു. മെസ്സി, സുവാറസ്, ജോര്‍ഡി ആല്‍ബ, സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സ് എന്നീ വമ്പന്‍ താരങ്ങള്‍ ആദ്യപകുതിയില്‍ മാത്രമാണ് കളത്തിലുണ്ടായിരുന്നത്.
സാന്‍സാല്‍വഡോറിലെ കാസ്‌കറ്റ്‌ലാന്‍ സ്റ്റേഡിയത്തില്‍ ആവേശകരമായ നിമിഷങ്ങള്‍ വളരെ കുറവായിരുന്നു. ഗാലറി നിറച്ച് കാണികളെത്തിയിട്ടും വിസ്മയ മുഹൂര്‍ത്തങ്ങളുടെ അഭാവത്തില്‍ ആരവങ്ങള്‍ക്ക് കരുത്തുണ്ടായില്ല.
മെസ്സിയും സുവാറസും ചേര്‍ന്ന മയാമി മുന്നേറ്റത്തെ പ്രതിരോധിക്കാന്‍ പത്തുപേരും പിന്നിലേക്കിറങ്ങി കോട്ട കെട്ടിയ എല്‍സാല്‍വഡോര്‍ തന്ത്രങ്ങള്‍ കുറിക്കുകൊള്ളുകയായിരുന്നു. 68 ശതമാനം സമയവും പന്ത് കൈവശം വെച്ചിട്ടും ആദ്യപകുതിയില്‍ ഗോള്‍വല ലക്ഷ്യമിട്ട് അഞ്ചുഷോട്ടുകളുതിര്‍ക്കാന്‍ മാത്രമാണ് മയാമിക്ക് കഴിഞ്ഞത്. ഒറ്റപ്പെട്ട പ്രത്യാക്രമണങ്ങളില്‍ മയാമിയെ ആശങ്കയിലാഴ്ത്തിയും ആതിഥേയര്‍ മിടുക്കുകാട്ടി.ഇടവേള കഴിഞ്ഞ് കളി പുനരാരംഭിച്ചപ്പോള്‍ മെസ്സി, ആല്‍ബ, സുവാറസ്, ബുസ്‌ക്വെറ്റ്‌സ് എന്നിവര്‍ കളത്തിലുണ്ടായിരുന്നില്ല. മുന്‍ ബാഴ്‌സലോണ സൂപ്പര്‍ താരങ്ങള്‍ക്ക് രണ്ടാം പകുതിയില്‍ കോച്ച് ടാറ്റ മാര്‍ട്ടിനോ വിശ്രമം നല്‍കി.
വമ്പന്മാരുടെ അഭാവത്തില്‍ മയാമി നിരയിലേക്ക് എല്‍സാല്‍വഡോര്‍ ആത്മവിശ്വാസത്തോടെ കയറിയെത്തിയെങ്കിലും പ്രതിരോധം അചഞ്ചലമായി നിന്നു. മെസ്സിയും ബുസ്‌ക്വെറ്റ്‌സും ആല്‍ബയും ഇല്ലാത്ത മയാമിയുടെ കരുനീക്കങ്ങള്‍ക്ക് ഒട്ടും മൂര്‍ച്ചയോ ഒത്തിണക്കമോ ഉണ്ടായിരുന്നില്ല.
സൗഹൃദപ്പോരില്‍ ജാഗ്രതയോടെ കളിച്ച മയാമിയും മെസ്സിയും 36-ാം മിനിറ്റില്‍ ഗോളിനടുത്തെത്തിയിരുന്നു. ആദ്യപകുതിയിലെ ഉറച്ച ഗോളവസരമായിരുന്നു ഇത്. ഇടതുവിങ്ങില്‍ നിന്ന് ആല്‍ബയുടെ ക്രോസ് സ്വീകരിച്ച് ബുസ്‌ക്വെറ്റ്‌സ് ശ്രമകരമായി നല്‍കിയ പാസില്‍ മെസ്സിയുടെ തകര്‍പ്പന്‍ ഷോട്ട് എല്‍സാല്‍വഡോര്‍ ഗോളി മരിയോ മാര്‍ട്ടിനെസ് ഗംഭീരമായി തട്ടിയകറ്റി.
റീബൗണ്ടില്‍ പന്ത് വീണ്ടും മെസ്സിയിലെത്തിയെങ്കിലും വലയിലേക്ക് പ്ലേസ് ചെയ്യാനുള്ള അര്‍ജന്റീന നായകന്റെ നീക്കം മാര്‍ട്ടിനെസ് വീണുകിടന്നാണ് പ്രതിരോധിച്ചത്.
https://www.facebook.com/Malayalivartha