ദക്ഷിണകൊറിയയെ മറുപടിയില്ലാത്ത രണ്ടുഗോളിന് തകര്‍ത്ത് ജോര്‍ദാന്‍ ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ഫൈനലില്‍...
ദക്ഷിണകൊറിയയെ മറുപടിയില്ലാത്ത രണ്ടുഗോളിന് തകര്‍ത്ത് ജോര്‍ദാന്‍ ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ഫൈനലില്‍. യസന്‍ അല്‍ നഇമത് (53), മൂസ അല്‍ തമാരി (66) എന്നിവരുടെ ഗോളിലാണ് ജോര്‍ദാന്‍ ഏഷ്യന്‍ കപ്പില്‍ തങ്ങളുടെ കന്നി കലാശപ്പോരിലെത്തുന്നത്.
അഞ്ചുതവണ ഏഷ്യന്‍ കപ്പ് കളിച്ച ജോര്‍ദാന്‍ രണ്ടുതവണ (2004, 2011) ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയിട്ടുണ്ട്. മൂന്നാം കിരീടമെന്ന മോഹം പൊലിഞ്ഞാണ് ദക്ഷിണകൊറിയ മടങ്ങുന്നത്.
1960നുശേഷം കൊറിയ ഇതുവരെ ഏഷ്യന്‍ കപ്പ് നേടിയിട്ടില്ല. 2015ലുള്‍പ്പെടെ നാലുതവണ ഫൈനലില്‍ വീണിട്ടുണ്ട്. ദക്ഷിണകൊറിയക്കെതിരേ കളിക്കാനിറങ്ങുമ്പോള്‍ ഫിഫ റാങ്കിങ്ങില്‍ ഏറെപ്പിന്നിലായിരുന്നു ജോര്‍ദാന്‍ (87). എന്നാല്‍, ഏറെ മുന്നിലുള്ള ദക്ഷിണകൊറിയയെ (23) തോല്‍പ്പിക്കാനായത് ഫൈനലില്‍ ജോര്‍ദാന്റെ ആത്മവിശ്വാസമേറ്റുന്നതാണ്.
പന്തടക്കംകൊണ്ട് ദക്ഷിണകൊറിയ മുന്നിട്ടെങ്കിലും ഒറ്റഗോള്‍പോലും ലക്ഷ്യത്തിലെത്തിക്കാനായില്ല. കിട്ടിയ അവസരങ്ങളെ നന്നായി ഉപയോഗിച്ചാണ് ജോര്‍ദാന്‍ കൊറിയയെ വീഴ്ത്തിയത്. ജോര്‍ദാന്റെ 17 ഷോട്ടുകളില്‍ ഏഴെണ്ണവും എതിരാളികളെ വിറപ്പിച്ചു. എന്നാല്‍, ജോര്‍ദാനെ പേടിപ്പിക്കുന്നതരത്തില്‍ ഒറ്റഷോട്ടുപോലും ദക്ഷിണകൊറിയയുടെ ഭാഗത്തുനിന്നുണ്ടായില്ല.
ഫുട്‌ബോള്‍ലോകത്ത് പേരുകേട്ട സണ്‍ ഹ്യുങ് മിന്നിനെപ്പോലുള്ള താരങ്ങളുണ്ടായിട്ടും ആശ്വാസഗോളടിക്കാനാകാത്തത് ദക്ഷിണകൊറിയക്ക് തിരിച്ചടിയായി. പലവട്ടം മുന്നേറ്റങ്ങളുമായി ദക്ഷിണകൊറിയ എതിരാളികളുടെ ഗോള്‍മുഖത്തേക്ക് ഇരച്ചുകയറിയെങ്കിലും പ്രതിരോധക്കോട്ടയൊരുക്കി ജോര്‍ദാന്‍ നിലയുറപ്പിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha