എട്ടാം കിരീടം എന്ന സ്വപ്നവുമായി കേരളം ഇന്ന് സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലെ ആദ്യ മത്സരത്തിനിറങ്ങും
എട്ടാം കിരീടം എന്ന സ്വപ്നവുമായി കേരളം ഇന്ന് സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലെ ആദ്യ മത്സരത്തിനിറങ്ങും. ആസാമാണ് എതിരാളികള്‍. രാവിലെ പത്തിന് മേഘാലയ-സര്‍വീസസ് മത്സരത്തോടെ ഫൈനല്‍ റൗണ്ടിനു തുടക്കമാകും.
ഉച്ചകഴിഞ്ഞു 2.30നാണ് കേരളം-ആസാം മത്സരത്തിന്റെ കിക്കോഫ്. യുപിയയിലെ ഗോള്‍ഡന്‍ ജൂബിലി സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. കേരളത്തിലെ കൊടും ചൂടില്‍ നിന്ന് ഞായറാഴ്ച രാത്രിയോടെ അരുണാചലില്‍ എത്തിയ ടീമിനെ വരവേറ്റതു മോശമല്ലാത്ത കാലാവസ്ഥയായിരുന്നു. ഇറ്റാനഗറില്‍ തിങ്കളാഴ്ച 22 ഡിഗ്രി ചൂട് ഉണ്ടായിരുന്നു. അതിനാല്‍ തന്നെ രണ്ടു മണിക്കൂറിലധികം നല്ല രീതിയില്‍ പരിശീലനം നടത്താന്‍ കഴിഞ്ഞു.
എന്നാല്‍, ഇന്നലെ കാലാവസ്ഥ ആകെ മാറി. പെട്ടെന്ന് മഴപെയ്യാന്‍ തുടങ്ങി പരിശീലനത്തിനിടെ രണ്ടുതവണ മഴ പെയ്തു. അന്തരീക്ഷത്തിലെ തണുപ്പ് വര്‍ധിച്ചു. 15 മുതല്‍ 18 ഡിഗ്രി വരെയാണ് ഇന്നലത്തെ ഊഷ്മാവ്. ഗോവയും സര്‍വീസസും ഉള്‍പ്പെടെയുള്ള ശക്തമായ ഗ്രൂപ്പ് എയിലാണ് കേരളം.
എന്നാലും, പ്രതികൂല കാലാവസ്ഥ ഉള്‍പ്പെടെയുള്ള പ്രതിബന്ധങ്ങളെ അതിജീവിച്ച് വിജയക്കൊടി പാറിക്കുമെന്ന ദൃഢനിശ്ചയത്തിലാണ് നിജോ ഗില്‍ബര്‍ട്ടിന്റെ നേതൃത്വത്തിലുള്ള കേരള ടിം. 23ന് രാത്രി ഏഴിന് ഗോവയുമായാണ് അടുത്ത മത്സരം.
25നും 28നും ഉച്ചകഴിഞ്ഞ് 2.30ന് മത്സരങ്ങള്‍ യഥാക്രമം മേഘാലയ, അരുണാചല്‍പ്രദേശ് എന്നിവരുമായാണ്. മാര്‍ച്ച് ഒന്നിനു രാവിലെ 10ന് സര്‍വീസസുമായാണ് ലീഗിലെ അവസാനമത്സരം നടക്കുക.
"
https://www.facebook.com/Malayalivartha