പ്രീമിയര്‍ ലീഗില്‍ എതിരാളികളുടെ വലയില്‍ ഗോളുകള്‍ അടിച്ചുകൂട്ടി സ്വപ്ന കുതിപ്പ് നടത്തുന്ന ആഴ്‌സണല്‍ യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍...
പ്രീമിയര്‍ ലീഗില്‍ എതിരാളികളുടെ വലയില്‍ ഗോളുകള്‍ അടിച്ചുകൂട്ടി സ്വപ്ന കുതിപ്പ് നടത്തുന്ന ആഴ്‌സണല്‍ യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ .
സ്വന്തം തട്ടകമായ എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ രണ്ടാംപാദ നോക്കൗട്ട മത്സരത്തില്‍ പോര്‍ചുഗീസ് ക്ലബ് എഫ്.സി പോര്‍ട്ടോയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് ടീം ക്വാര്‍ട്ടറിലെത്തിയത്. സ്‌കോര്‍ 4-2. 14 വര്‍ഷത്തിനിടെ ആദ്യമായാണ് ഗണ്ണേഴ്‌സ് ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലെത്തുന്നത്.
41ാം മിനിറ്റില്‍ ആഴ്‌സണല്‍ ഒരു ഗോള്‍ നേടിയതോടെ ഇരുപാദങ്ങളിലുമായി സ്‌കോര്‍ (11) തുല്യമായി. ഒന്നാം പാദ മത്സരത്തില്‍ ആഴ്‌സണല്‍ ഒരു ഗോളിന് തോറ്റിട്ടുണ്ടായിരുന്നു. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകള്‍ക്കും വിജയഗോള്‍ കണ്ടെത്താനാകാതെ വന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നത്. ഗോളി ഡേവിഡ് റയ പോര്‍ട്ടോ താരങ്ങളുടെ രണ്ടു കിക്കുകള്‍ തടുത്തിട്ടു. ആഴ്‌സണലിനായി കിക്കെടുത്ത മാര്‍ട്ടിന്‍ ഒഡിഗാര്‍ഡ്, കായ് ഹാവെര്‍ട്‌സ്, ബുകായോ സാക, ഡെക്ലാന്‍ റൈസ് എന്നിവരെല്ലാം ലക്ഷ്യംകണ്ടു.
പോര്‍ട്ടോയുടെ ബ്രസീലിയന്‍ താരങ്ങളായ വെണ്ടെല്‍, ഗലേനോ എന്നിവരാണ് അവസരം നഷ്ടപ്പെടുത്തിയത്. നിശ്ചിത സമയത്ത് ലിയാന്‍ഡ്രോ ട്രൊസാര്‍ഡാണ് ആഴ്‌സണലിനായി ഗോള്‍ നേടിയത്. ഒഡിഗാര്‍ഡിന്റെ മികച്ചൊരു പാസ്സാണ് ഗോളിന് വഴിയൊരുക്കിയത്. രണ്ടാം പകുതിയില്‍ ഒഡിഗാര്‍ഡ് പോര്‍ട്ടോയുടെ വലകുലുക്കിയെങ്കിലും ഗോള്‍ അനുവദിച്ചില്ല. അപ്പോഴേക്കും ഹാവെര്‍ട്‌സ് പെപ്പയെ ഫൗള്‍ ചെയ്തതിന് റഫറി വിസില്‍ മുഴക്കിയിരുന്നു. പാതിയില്‍ നഷ്ടപ്പെട്ട പ്രീമിയര്‍ ലീഗിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചതിനു പിന്നാലെയാണ് മൈക്കല്‍ അര്‍ട്ടേറ്റയും സംഘവും ചാമ്പ്യന്‍സ് ലീഗിന്റെ അവസാന എട്ടിലെത്തുന്നത്.
https://www.facebook.com/Malayalivartha