രാജ്യാന്തര സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ എല്‍ സാല്‍വദോറിനെതിരെ ഗംഭീര ജയവുമായി അര്‍ജന്റീന...
രാജ്യാന്തര സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ എല്‍ സാല്‍വദോറിനെതിരെ ഗംഭീര ജയവുമായി അര്‍ജന്റീന. ഇതിഹാസ താരം ലിയോണല്‍ മെസി ഇല്ലാതെ ഇറങ്ങിയ ലോക ചാമ്പ്യന്‍മാര്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് വിജയം നേടിയത്. ക്രിസ്റ്റ്യന്‍ റൊമേറോയും എന്‍സോ ഫെര്‍ണാണ്ടസും ജിയോവാനി ലോ സെല്‍സോയുമാണ് അര്‍ജന്റീനയുടെ സ്‌കോറര്‍മാര്‍.
ലിയോണല്‍ മെസിയുടെ അഭാവത്തില്‍ സീനിയര്‍ താരം ഏഞ്ചല്‍ ഡി മരിയയാണ് അര്‍ജന്റീനയെ നയിച്ചത്. ഡി മരിയക്കൊപ്പം ലൗട്ടാരോ മാര്‍ട്ടിനസായിരുന്നു ആക്രമണത്തില്‍. റോഡ്രിഗോ ഡി പോളും ലിയാണ്‍ഡ്രോ പരേഡസും എന്‍സോ ഫെര്‍ണാണ്ടസും ജിയോവാനി ലോ സെല്‍സോയും മധ്യനിരയിലിറങ്ങി. നെഹ്യൂന്‍ പെരസ്, ക്രിസ്റ്റ്യന്‍ റൊമേറോ, നിക്കോളാസ് ടാഗ്ലിയാഫിക്കോ, നിക്കോളാസ് ഇവാന്‍ ഗോണ്‍സാലസ് എന്നിവരായിരുന്നു പ്രതിരോധക്കോട്ട കാക്കാനിറങ്ങിയത്.
പതിവുപോലെ ലോകകപ്പ് ഫൈനല്‍ ഹീറോ എമിലിയാനോ മാര്‍ട്ടിനസായിരുന്നു ഗോള്‍ബാറിന് കീഴെ പടയാളി. കിക്കോഫായി 16-ാം മിനുറ്റില്‍ തന്നെ അര്‍ജന്റീന ലീഡ് പിടിക്കുകയും ചെയ്തു. കോര്‍ണര്‍ കിക്കില്‍ ഡി മരിയ വരച്ചുനല്‍കിയ പന്തില്‍ പ്രതിരോധ താരം ക്രിസ്റ്റ്യന്‍ റൊമേറോയുടെ വകയായിരുന്നു ഗോള്‍. 42-ാം മിനുറ്റില്‍ മധ്യനിര താരം എന്‍സോ ഫെര്‍ണാണ്ടസ് അനായാസ ഫിനിഷിലൂടെ ലീഡ് രണ്ടാക്കി.
രണ്ടാംപകുതി തുടങ്ങിയതും അര്‍ജന്റീന എന്‍സോയ്ക്ക് പകരം നിക്കോളാസ് ഒട്ടാമെണ്ടിയെയും നിക്കോളാസ് ഗോണ്‍സാലസിന് പകരം ഗര്‍ണാച്ചോയേയും ഇറക്കി. പിന്നാലെ 52-ാം മിനുറ്റില്‍ മധ്യനിര താരം ലോ സെല്‍സോയുടെ ഗോളെത്തി. ലൗട്ടാരോ മാര്‍ട്ടിനസിന്റെ വകയായിരുന്നു അസിസ്റ്റ്. എന്നാല്‍ പിന്നീടങ്ങോട്ട് എതിരാളികള്‍ക്ക് മറുപടിയില്ലായിരുന്നു.
"
https://www.facebook.com/Malayalivartha