യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ആവേശകരമായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി റയല്‍ മാഡ്രിഡ് സെമിയില്‍....
യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ആവേശകരമായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി റയല്‍ മാഡ്രിഡ് സെമിയില്‍.
ആദ്യപാദ മത്സരത്തില്‍ 3-3 എന്ന സമനിലയിലായിരുന്നതിന്റെ ആത്മവിശ്വാസത്തിലാണ് റയലും സിറ്റിയും രണ്ടാം പാദത്തിന് കൊമ്പുകോര്‍ത്തത്. നിശ്ചിത സമയത്തും എക്സ്ട്രാ സമയത്തും 1-1 എന്ന നിലയിലായതോടെ മൊത്തം സ്‌കോര്‍ 4-4 എന്ന നിലയിലായി. തുടര്‍ന്ന് നടത്തി ഷൂട്ടൗട്ടില്‍ 4-3നാണ് റയല്‍ മാഡ്രിഡ് കളി ജയിച്ചത്. സെമിയില്‍ ബയേണ്‍ മ്യൂണിക്ക് ആണ് റയലിന്റെ എതിരാളി.
ഹോം ഗ്രൗണ്ടില്‍ പ്രതിരോധത്തില്‍ ഊന്നിയായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റി ഉടനീളം കളിച്ചത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ റൂഡിഗര്‍ ആണ് മാഡ്രിഡിന് വേണ്ടി വിജയഗോള്‍ നേടിയത്. 12-ാം മിനിറ്റില്‍ റോഡ്രിഗോയാണ് റയലിനായി ആദ്യ ഗോള്‍ നേടിയത്.
വിനീഷ്യസ് നല്‍കിയ പാസ് റോഡ്രിഗോ വലയിലേക്ക് ചലിപ്പിച്ചെങ്കിലും മാഞ്ചസ്റ്റര്‍ ഗോള്‍ക്കീപ്പര്‍ എഡേഴ്‌സണ്‍ തടഞ്ഞിട്ടു. റീബൗണ്ടില്‍ റോഡ്രിഗോ പന്ത് വലയിലെത്തിക്കുകയായിരുന്നു. രണ്ടാം പകുതിയിലെ 76-ാം മിനിറ്റിലാണ് പിന്നീട് സിറ്റിയുടെ തിരിച്ചടിയുണ്ടായത്. ഡോകു നല്‍കിയ അസിസ്റ്റില്‍ ഡി ബ്രുയിന്‍ മത്സരം സമനിലയിലെത്തിച്ചു. അതേ നിലയില്‍ത്തന്നെ നിശ്ചിത സമയം അവസാനിക്കുകയും എക്‌സ്ട്രാ ടൈമിലേക്ക് നീളുകയും ചെയ്‌തെങ്കിലും പിന്നീട് ഗോളൊന്നും പിറന്നില്ല. അതോടെ ഷൂട്ടൗട്ടിലേക്ക് കടന്നു.
"
https://www.facebook.com/Malayalivartha