ഫ്രഞ്ച് ലീഗിലെ അവസാന ഹോം മത്സരത്തില്‍ തോല്‍വിയറിഞ്ഞ് പി.എസ്.ജി...
ഫ്രഞ്ച് ലീഗിലെ അവസാന ഹോം മത്സരത്തില്‍ തോല്‍വിയറിഞ്ഞ് പി.എസ്.ജി. ടുളൂസാണ് ഒന്നിനെതിരെ മൂന്ന് ഗോളിന് എംബാപ്പെയെയും സംഘത്തെയും വീഴ്ത്തിയത്. സീസണില്‍ ടീം വിട്ട് റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുന്ന എംബാപ്പെയുടെ അവസാന ഹോം മത്സരത്തിന് കൂടിയാണ് കാണികള്‍ സാക്ഷ്യം വഹിച്ചത്.
ലീഗിലെ പി.എസ്.ജിയുടെ രണ്ടാമത്തെ മാത്രം തോല്‍വിയാണിത്. കിലിയന്‍ എംബാപ്പെ ഒഴികെയുള്ള മുഴുവന്‍ താരങ്ങളെയും മാറ്റിയാണ് കോച്ച് ലൂയിസ് എന്റിക്വെ പ്ലെയിങ് ഇലവനെ ഇറക്കിയത്. എട്ടാം മിനിറ്റില്‍ എംബാപ്പെയിലൂടെ പി.എസ്.ജിയാണ് ആദ്യം ഗോളടിച്ചത്. ഗോള്‍കീപ്പര്‍ ആര്‍നോ ടെനസ് നീട്ടിയടിച്ച പന്ത് പിടിച്ചെടുത്ത എംബാപ്പെ അതിവേഗം കുതിച്ച് ഗോള്‍കീപ്പറെയും വെട്ടിച്ച് പന്ത് വലക്കുള്ളിലാക്കുകയായിരുന്നു.
എന്നാല്‍, അഞ്ച് മിനിറ്റിനകം ദിയറയുടെ അസിസ്റ്റില്‍ തൈജ്‌സ് ഡല്ലിംഗയിലൂടെ ടുളൂസ് തിരിച്ചടിച്ചു. തൊട്ടുടന്‍ ലീഡ് നേടാനുള്ള അവസരം പി.എസ്.ജി ഗോള്‍കീപ്പര്‍ തടഞ്ഞിട്ടു. തുടര്‍ന്ന് ആദ്യപകുതിയില്‍ കാര്യമായ അവസരമൊരുക്കാന്‍ ഇരുടീമിനും കഴിഞ്ഞില്ല.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ മാര്‍കൊ അസന്‍സിയോക്ക് സുവര്‍ണാവസരം ലഭിച്ചെങ്കിലും ഹെഡര്‍ പുറത്തേക്കായിരുന്നു. തൊട്ടുപിന്നാലെ എംബാപ്പെയും ഡാനിലെ പെരേരയും അവസരം പാഴാക്കി.
എന്നാല്‍,68ാം മിനിറ്റില്‍ സുവാസോ കൈമാറിയ പന്തില്‍ യാന്‍ ഗ്‌ബോഹോ അത്യുഗ്രന്‍ ഗോളിലൂടെ ടുളൂസിന് ലീഡ് സമ്മാനിച്ചു. ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റില്‍ ഫ്രാങ്ക് മഗ്രി ക്ലോസ് റേഞ്ച് ഷോട്ടിലൂടെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. ലീഗില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ചാമ്പ്യന്മാരായ പി.എസ്.ജിക്ക് രണ്ട് മത്സരങ്ങള്‍ കൂടിയാണ് ശേഷിക്കുന്നത്. 26ന് ലിയോണുമായി ഫ്രഞ്ച് കപ്പ് ഫൈനലിലും ഏറ്റുമുട്ടുകയും ചെയ്യും.
"
https://www.facebook.com/Malayalivartha